Connect with us

International

പാക് കോടതിയില്‍ തീവ്രവാദി ആക്രമണം; ജഡ്ജി ഉള്‍പ്പെടെ പതിനൊന്ന് മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ കോടതി വളപ്പില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോടതി വളപ്പിലെത്തിയ തീവ്രവാദികള്‍ ആദ്യം ബോംബെറിഞ്ഞ ശേഷം വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായി പോലീസ് സ്ഥിരീകരിച്ചു. അഭിഭാഷക ചേംബറിന് സമീപമാണ് ഒരു സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനം നടത്തിയ ശേഷം ജഡ്ജി റഫാഖത്ത് അവാന്റെ ചേംബറിനുള്ളിലേക്ക് കയറിയ തീവ്രവാദികള്‍ ജഡ്ജിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതിയിലെത്തിയവര്‍ പരിഭ്രാന്തരായി. സര്‍ക്കാറുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനായി പാക്കിസ്ഥാനിലെ തെഹ്‌രികെ താലിബാന്‍ ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് ശഹീദുല്ല ശഹീദ് അറിയിച്ചു. ആക്രമണത്തെ താലിബാന്‍ അപലപിച്ചു.
സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി, ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഇസ്‌ലാമാബാദ് പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസ് തസാദുഖ് ഹുസൈന്‍ ജിലാനി സമന്‍സ് അയച്ചു. ഇത്തരം ആക്രമണങ്ങള്‍ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ആത്മവീര്യം തകര്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ബഹിഷ്‌കരിക്കാന്‍ പാക്കിസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

Latest