Connect with us

National

ഒടുവില്‍ രോഹിതിന്റെ പിതൃത്വം തിവാരി അംഗീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ശേഷം 34കാരനായ രോഹിത് ശേഖറിനെ തന്റെ മകനായി ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരി അംഗീകരിച്ചു. “രോഹിതിനെ ഞാന്‍ എന്റെ മകനായി സ്വീകരിക്കുന്നു. എന്റെയും രോഹിതിന്റെയും ഡി എന്‍ എകള്‍ യോജിക്കുന്നുവെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ തെളിഞ്ഞതാണ്. ഇനി ഈ വിഷയം നീട്ടിക്കൊണ്ടു പോകേണ്ടെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”- തിവാരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രോഹിതിന്റെ മാതാവ് ഉജ്ജ്വല ശര്‍മ തന്റെ ഭാര്യയാണെന്ന വാദവും ഇതോടെ തിവാരി അംഗീകരിച്ചു. ഉത്തരാഖണ്ഡിലെ സദാനിലെ വസതിയിലേക്ക് മാതാവിനൊപ്പം രോഹിതിനെ ക്ഷണിച്ച തിവാരി ഇതാദ്യമായി മകനുമായി സംസാരിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് ഉജ്ജ്വല ശര്‍മ പറഞ്ഞു.
2008ലാണ് തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ശേഖര്‍ കോടതിയെ സമീപിച്ചത്. പിതൃത്വം ശക്തമായി നിഷേധിച്ചതോടെ തിവാരിയുടെ ഡി എന്‍ എ സാമ്പിള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. പക്ഷേ, സാമ്പിള്‍ നല്‍കാന്‍ തിവാരി കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ച് രക്ത സാമ്പിള്‍ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി അദ്ദേഹത്തിന് ആശ്വാസമായി. എന്നാല്‍, ഉയര്‍ന്ന ബഞ്ച് ഇത് റദ്ദാക്കി. 2012ല്‍ പരിശോധനക്ക് രക്തം നല്‍കാന്‍ തിവാരി നിര്‍ബന്ധിതനായി. ഈ പരിശോധനയില്‍ പിതൃത്വം തെളിയുകയും ചെയ്തു.
കേസിന്റെ അന്തിമ വിധി ഏപ്രിലില്‍ വരാനിരിക്കെയാണ് ഒടുവില്‍ പിതൃത്വം അംഗീകരിക്കാന്‍ തിവാരി തയ്യാറായിരിക്കുന്നത്. ലൈംഗികാപവാദങ്ങളെ തുടര്‍ന്ന് 2009ല്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.