റോള്‍സ് റോയ്‌സുമായുള്ള കരാറുകള്‍ പ്രതിരോധ മന്ത്രാലയം മരവിപ്പിച്ചു

Posted on: March 4, 2014 12:01 am | Last updated: March 4, 2014 at 12:27 am
SHARE

ന്യൂഡല്‍ഹി: റോള്‍സ് റോയ്‌സുമായുള്ള നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ എല്ലാ കരാറുകളും മരവിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡിന് പതിനായിരം കോടി രൂപയുടെ വിമാന എന്‍ജിനുകള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് ഉയര്‍ന്ന കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ഇക്കാര്യത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരാറില്‍ ഇടനിലക്കാര്‍ വന്‍തോതില്‍ ഇടപെട്ടുവെന്നാണ് ആരോപണം.
കമ്മീഷന്‍ ഏജന്റുമാര്‍ക്ക് നല്‍കിയ പണം ലണ്ടന്‍ ആസ്ഥാനമായ റോള്‍സ് റോയ്‌സ് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ എച്ച് എ എല്ലിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എച്ച് എ എല്‍ കരാറില്‍ വാണിജ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ അശോക് പാറ്റ്‌നി എന്നയാളെയും അദ്ദേഹത്തിന്റെ കമ്പനിയായ ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡിനെയും ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ഡിസംബറില്‍ റോള്‍സ് റോയ്‌സ് തന്നെ സമ്മതിച്ചിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശോകിനെ ചുമതലപ്പെടുത്തിയതായി എച്ച് എ എല്ലിന് അയച്ച കത്തിലാണ് റോള്‍സ് റോയ്‌സ് സമ്മതിച്ചത്. ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡിന് മൊത്തം കരാര്‍ തുകയുടെ പത്ത് മുതല്‍ 11.3 ശതമാനം വരെ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് റോള്‍സ് റോയ്‌സ് എച്ച് എ എല്ലിനെ അറിയിച്ചത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന വാങ്ങലുകളില്‍ ഇടനിലക്കാരെ നിയോഗിക്കുന്നതും അവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതും നിയമവിരുദ്ധമാണ്.