തസ്തിക നിര്‍ണയ ഉത്തരവ് പ്രാബല്യത്തില്‍; സര്‍ക്കാര്‍ സ്‌കൂളുകള്‍ പുറത്തു തന്നെ

Posted on: March 4, 2014 12:26 am | Last updated: March 5, 2014 at 1:28 am
SHARE

school_EPSഅരീക്കോട്: അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ച എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയ ഉത്തരവ് വീണ്ടും പ്രാബല്യത്തില്‍. സര്‍ക്കാര്‍ സ്‌കൂളുകളെ ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ് ഇറക്കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള അധ്യാപക വിദ്യാര്‍ഥി അനുപാതം എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇക്കഴിഞ്ഞ നവംബര്‍ 29ന് ഇറങ്ങിയ ഉത്തരവാണ് വീണ്ടും പ്രാബല്യത്തില്‍ വരുത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് തസ്തിക നിര്‍ണയം നടന്നിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള അധ്യാപക, വിദ്യാര്‍ഥി അനുപാതം നടപ്പിലാക്കുന്നതിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ 2011ലെ തസ്തികകള്‍ മാറ്റം കൂടാതെ തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍, ഈ വര്‍ഷം യു ഐ ഡി അടിസ്ഥാനപ്പെടുത്തി തസ്തിക നിര്‍ണയം നടത്താന്‍ തീരുമാനിച്ചതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതുമായിരുന്നു. ജൂലൈ പതിനഞ്ചിനാണ് എല്ലാ വര്‍ഷവും തസ്തിക നിര്‍ണയം നടക്കേണ്ടത്. എന്നാല്‍, യു ഐ ഡി അപ്‌ലോഡ് ചെയ്യാന്‍ കാലതാമസം വന്നതിനാല്‍ ഡിസംബര്‍ പതിനൊന്നിന് തസ്തിക നിര്‍ണയം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 1:30ഉം ആറ് മുതല്‍ എട്ട് വരെ 1:35ഉം ആണ് ആര്‍ ടി ഇ അനുസരിച്ചുള്ള അനുപാതം. ഈ അനുപതം എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവിലുള്ള 1:45 എന്ന അനുപാതം നിലനിര്‍ത്തുകയും ചെയ്തുകൊണ്ടാണ് നവംബര്‍ 29ന് ഉത്തരവിറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപകരുടെ സംഘടനയായ ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (ജി എസ് ടി യു) സംസ്ഥാനവ്യാപകമയി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മരവിപ്പിച്ച ഉത്തരവാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. പതിനഞ്ച് പീരിയഡ് തികയാത്ത ഭാഷാധ്യാപകരെ പൂള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാല്‍ ഇക്കാര്യം ഒഴിച്ച് ഉത്തരവിലെ മറ്റു നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താനാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ അധ്യാപകര്‍ പരീക്ഷാ തിരക്കിലായ സമയം നോക്കി മരവിപ്പിച്ച ഉത്തരവ് പുനഃസ്ഥാപിക്കാനെടുത്ത തീരുമാനം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും വെള്ളിയാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിക്കുകയാണെന്നും ജി എസ് ടി യു സംസ്ഥാന പ്രസിഡന്റ് ടി എസ് സലീം അറിയിച്ചു. ഉത്തരവ് നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയ്യായിരത്തില്‍പരം അധ്യാപക തസ്തിക നഷ്ടപ്പെടുമെന്നും പത്ത് വര്‍ഷത്തേക്ക് പി എസ് സി വഴിയുള്ള അധ്യാപക നിയമനം നടക്കില്ലെന്നുമാണ് ജി എസ് ടി യു ഉന്നയിക്കുന്ന ആക്ഷേപം. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഭരണാനുകൂല സംഘടന തന്നെ ഉത്തരവിനെതിരെ പ്രത്യക്ഷ സമര പരിപരിപാടികളുമായി രംഗത്തെത്തിയത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.