ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി

Posted on: March 4, 2014 12:24 am | Last updated: March 4, 2014 at 12:24 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി. പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ പോളിറ്റിക്കല്‍ സയന്‍സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷകളാണ് ഇന്നലെ നടന്നത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷകള്‍ക്ക് സമയം തികഞ്ഞില്ല എന്ന പരാതിയുണ്ട്. സാധാരണ വിഷയത്തില്‍ 22 അല്ലെങ്കില്‍ 23 ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ പ്ലസ് വണ്ണിലെ ചോദ്യപ്പേപ്പറില്‍ 27ഉം പ്ലസ് ടുവിന് 25 ഉം ചോദ്യങ്ങളാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇത് മിക്കവര്‍ക്കും സമയക്കുറവിന് ഇടയാക്കി. പ്ലസ് ടു ചോദ്യപ്പേപ്പറില്‍ അവസാനത്തെ രണ്ട് ചോദ്യങ്ങള്‍ ചോദ്യപ്പേപ്പറിന്റെ അവസാനത്തെ പേജില്‍ കൊടുത്തിരുന്നതും വിദ്യാര്‍ഥികളെ കുഴപ്പിച്ചു. തൊട്ടുമുന്നിലത്തെ പേജില്‍ കുറച്ച് സ്ഥലം ഉണ്ടായിരുന്നെങ്കിലും അവിടെ ഒഴിവാക്കിയാണ് അടുത്ത പേജില്‍ ചോദ്യങ്ങള്‍ കൊടുത്തിരുന്നത്. മിക്കവരും അവസാന സമയത്താണ് ഇത് കണ്ടത്. ആറ് മാര്‍ക്കിന്റെ വീതം ചോദ്യങ്ങളായിരുന്നു ഇവ. പ്ലസ് വണ്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ചോദ്യപ്പേപ്പര്‍ ശരാശരിക്ക് പുറത്തായിരുന്നെന്നും പരാതിയുണ്ട്. മിക്കവരെയും കുഴിപ്പിച്ചെന്നാണ് പ്രതികരണം. പ്ലസ് ടു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ചോദ്യപ്പേപ്പര്‍ നിലവാരം പുലര്‍ത്തി. എന്നാല്‍ എഡിറ്റിംഗ് സംബന്ധിച്ച എട്ടാമത്തെ ചോദ്യം ആശയക്കുഴപ്പമുണ്ടാക്കിയെന്നും പരാതിയുണ്ട്.
ഒന്നും രണ്ടും വര്‍ഷങ്ങളിലായി 8,92,497 പേരാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. 4,49,660 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,837 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതുന്നുണ്ട്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 12.45 വരെയാണ് സമയം. ഇതില്‍ 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആണ്. ബയോളജിയും മ്യൂസിക്കും ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് പത്ത് മുതല്‍ 12.15 വരെയാണ് പരീക്ഷ. ബയോളജി പത്ത് മുതല്‍ 12.25 വരെയും മ്യൂസിക് പത്ത് മുതല്‍ 11.45 വരെയുമാണ്.
1,842 പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 42,000 ഇന്‍വിജിലേറ്റര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. ഇവരില്‍ 22,000 പേര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ബാക്കിയുള്ളവര്‍ സ്‌കൂള്‍ അധ്യാപകരുമാണ്. 375 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 27,500 ഓളം വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 27,000 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതുന്നുണ്ട്. 42 വിഷയ കോമ്പിനേഷനുകളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലും കുറവ് വിദ്യാര്‍ഥികള്‍ വയനാട് ജില്ലയിലുമാണ്. ഈ മാസം 22ന് പരീക്ഷ അവസാനിക്കും.