രോഗി മരിച്ച സംഭവത്തില്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ സി സി ഡയറക്ടര്‍ക്ക് നിര്‍ദേശം

Posted on: March 4, 2014 12:23 am | Last updated: March 4, 2014 at 12:23 am
SHARE

തിരുവനന്തപുരം: റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ ഹൈ ഡിപ്പന്‍ഡന്‍സി യൂനിറ്റില്‍ ചികിത്സയിലിരിക്കെ, വാര്‍ഡിനുള്ളിലെ ജനാലയില്‍ നിന്ന് വിണുമരിച്ച സുരേന്ദ്രന്റെ ഭാര്യ അനിതക്ക് ആര്‍ സി സി ഡയറക്ടര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. മൂക്കൂര്‍ ആഴകം സ്വദേശി സുരേന്ദ്രനാണ് കഴിഞ്ഞ ആഗസ്റ്റ് 18ന് ബോണ്‍ മാരോ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരിക്കെ വാര്‍ഡിനുള്ളിലെ ജനാലയില്‍ നിന്ന് വീണു മരിച്ചത്. സുരേന്ദ്രന്റെ മരണത്തില്‍ നിന്ന് ആര്‍ സി സിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ചൂടുവെള്ളം ആവശ്യപ്പെട്ട് ഡ്യൂട്ടി നഴ്‌സിനെ ബോധപൂര്‍വം ഒഴിവാക്കിയ ശേഷം സ്ലൈഡിംഗ് ഗ്ലാസ്സ് ഘടിപ്പിച്ച ജനലില്‍ നിന്ന് സുരേന്ദ്രന്‍ ചാടി മരിക്കുകയായിരുന്നുവെന്ന് ആര്‍ സി സി കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. സുരേന്ദ്രന്റെത് ആത്മഹത്യയാണെന്ന് പോലീസും പറഞ്ഞു.
എന്നാല്‍ ഹൈ ഡിപ്പന്‍ഡന്‍സി യൂനിറ്റില്‍ നിന്ന് നഴ്‌സ് പുറത്തു പോയപ്പോള്‍ മറ്റൊരു ജീവനക്കാരന്റെ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറയുന്നു. സംഭവത്തിനു ശേഷം ജനാലക്ക് അഴികള്‍ പണിത് ആര്‍ക്കും ചാടാന്‍ കഴിയാത്ത അവസ്ഥയിലാക്കിയെന്നും കമ്മീഷനെ ആര്‍ സി സി അറിയിച്ചു. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. അപകടമരണം അല്ലെങ്കില്‍ തന്നെ ഐ സി യുവില്‍ ചികിത്സയിലുള്ള രോഗി ആത്മഹത്യ ചെയ്താല്‍ ആശുപത്രി അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുളളവരില്‍ ആത്മഹത്യാപ്രവണത കൂടിയിരിക്കുമെന്ന് അധികൃതര്‍ മനസ്സിലാക്കണമായിരുന്നു. ഹൈ ഡിപ്പന്‍ഡന്‍സി യൂനിറ്റില്‍ കിടക്കുന്ന രോഗികള്‍ക്ക് രോഗകാരണം കൊണ്ടല്ലാതെ മരണമുണ്ടാകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കണം. എസ് വേദാന്താചാര്യയും ഹൈവേസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സൗത്ത് ആര്‍ക്കോട്ടും തമ്മിലുള്ള കേസില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ അധികൃതര്‍ മുന്‍കൂട്ടി കണ്ട് തടയണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതായും ഉത്തരവില്‍ നിര്‍ദേശിച്ചു. ഒമ്പതിലും രണ്ടിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും ഭാര്യയും വൃദ്ധ മാതാപിതാക്കളും നിര്‍ധനനായ സുരേന്ദ്രന്റെ സംരക്ഷണയിലായിരുന്നു. തുക രണ്ട് മാസത്തിനകം നല്‍കിയശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.