Connect with us

Editorial

അഴിമതിവിരുദ്ധ നീക്കം എന്ന പ്രഹസനം

Published

|

Last Updated

അഴിമതിവിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കാതെ പോയതെന്തു കൊണ്ടാണ്? രാഷ്ട്രപതിയുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണെന്നാണ് പ്രചാരണം. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനോട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായത്രെ. ഈ ഘട്ടത്തില്‍ ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷകക്ഷികള്‍ ചൂണ്ടിക്കാണിക്കുകയും ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിയോടാവശ്യപ്പെടുകയുമുണ്ടായി.
അഴിമതി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്ന സാഹചര്യത്തില്‍ ബി ജെ പിയെയും ആം ആദ്മി പാര്‍ട്ടിയെയും നേരിടാന്‍ ഏറ്റവും നല്ല ആയുധമെന്ന നിഗമനത്തില്‍ രാഹുല്‍ ഗാന്ധിയാണ് അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സിനു മുന്നിട്ടിറങ്ങിയത്. ഇതുസംബന്ധിച്ചു ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ യോജിച്ച തീരുമാനമുണ്ടാകാത്തതിനാല്‍ ഞായറാഴ്ചയും ചര്‍ച്ച തുടര്‍ന്നു. പാര്‍ലിമെന്റ് സമ്മേളനം അവസാനിക്കുകയും രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയും ചെയ്യുമ്പോള്‍ സുപ്രധാന ബില്ലുകള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. ഓര്‍ഡിനന്‍സുകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന അവരുടെ വിലയിരുത്തല്‍ വസ്തുതാപരവും ന്യായവുമാണ്. എന്നാല്‍, ഇത്തരം നിയമവശങ്ങളും രാഷ്ട്രീയ സദാചാര ചിന്തകളും അഴിമതിവിരുദ്ധ ബില്ലിന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതെന്തുകൊണ്ടെന്നാണ് മനസ്സിലാകാത്തത്. ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതെന്ന കാരണത്താല്‍ അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സ് വേണ്ടെന്നു വെച്ച അതേ മന്ത്രിസഭാ യോഗം ജാട്ട് സമുദായത്തിനു കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം , സീമാന്ധ്രക്കു അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രത്യേക പദവി തടുങ്ങിയ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെയും ഐക്യ തെലങ്കാന വാദികളെയും സ്വാധീനിക്കുകയാണ് ഈ നടപടികളുടെ താത്പര്യമെന്നത് വ്യക്തം. ഇവക്ക് അംഗീകാരം നല്‍കിയപ്പോഴെന്തേ പാര്‍ട്ടിനേതൃത്വത്തിന്റെ രാഷ്ട്രീയ സദാചാര ചിന്തക്ക് മരവിപ്പ് സംഭവിച്ചു?
2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐ പി എല്‍ ക്രിക്കറ്റ്, ആദര്‍ശ് ഫഌറ്റ്, കല്‍ക്കരി ഇടപാട്, മധുകോഡ ഖനനം, കരസേനാ റേഷന്‍ തട്ടിപ്പ്, സുഖ്‌റാം ടെലികോം, വളം ഇറക്കുമതി, അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് തുടങ്ങി യു പി എ സര്‍ക്കാറിന്റെ കാലത്തെ, പൊതുഖജനാവിന് ദശലക്ഷം കോടികള്‍ നഷ്ടപ്പെടുത്തിയ അഴിമതിക്കഥകളില്‍ നിന്നാണ് ഇതിനും മറുപടി കണ്ടെത്തേണ്ടത്. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധി അഴിമതിക്കെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിത്തിരിച്ച ശേഷവും പാചക വാതക വില കുത്തനെ ഉയര്‍ത്താനുള്ള അനുമതി നല്‍കിയതിലൂടെ റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും മറ്റു കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും അഞ്ചര ലക്ഷം കോടി രൂപയുടെ കൊള്ളലാഭമുണ്ടാക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കി. ഡല്‍ഹിയില്‍ ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയുള്ള വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും കെജരിവാള്‍ സര്‍ക്കാറിനെതിരെ കൈകോര്‍ത്തതും ഇതോടു ചേര്‍ത്തുകാണേണ്ടതാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെ 15 കേന്ദ്രമന്ത്രിമാര്‍ അഴിമതിയാരോപണം നേരിടുന്ന ഒരു സര്‍ക്കാറിന് അഴിമതിവിരുദ്ധ ബില്ലിന്റെ കാര്യത്തിലുണ്ടാകുന്ന താത്പര്യം ഊഹിക്കാവുന്നതേയുള്ളു. അഴിമതിക്കാരും അതിന് കൂട്ടുനില്‍ക്കുന്നവരും അഴിമതിക്കെതിരായ നിയമനിര്‍മാണത്തെ ഭയപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതം!
കോണ്‍ഗ്രസും ബി ജെ പിയും മാത്രമല്ല, അഴിമതിയുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും തുല്യരാണ്. അഴിമതി തുടച്ചുനീക്കുമെന്ന അവകാശവാദത്തോടെയാണ് അടുത്തിടെ മൂന്നാം മുന്നണി നിലവില്‍ വരുന്നത്. എന്നാല്‍, അതിനെ നയിക്കുന്നവരില്‍ നല്ലൊരു പങ്കും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരും. ഒരു വശത്ത് അഴിമതിക്കെതിരെ നെടുനീളന്‍ പ്രസ്താവനകളും ഉഗ്രന്‍ പ്രഖ്യാപനങ്ങളും നടത്തുമ്പോള്‍, മറുവശത്ത് അവിഹിത ഇടപാടുകളിലേര്‍പ്പെടുകയും അഴിമതിക്കാര്‍ക്ക് ചൂട്ട് പിടിക്കുകയും ചെയ്യുന്ന വിരോധാഭാസത്തിന് ഇന്ത്യന്‍ ജനത ഇനിയും സാക്ഷികളാകേണ്ടി വരും.

 

Latest