Connect with us

Articles

സവര്‍ണക്കോമരങ്ങളും നിസ്വാര്‍ഥ സേവനവും ഏറ്റുമുട്ടുമ്പോള്‍

Published

|

Last Updated

സുധീരന്‍ കെ പി സി സി പ്രസിഡന്റായി നിയമിതനായത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വഴിത്തിരിവാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍, 47നു ശേഷം നിയന്ത്രിച്ചിരുന്നത് ഒരു നായര്‍- നസ്രാണി “ക്ലിക്ക്” ആണ്. നസ്രാണി എന്നത് കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ സ്വയം അഭിമാനപൂര്‍വം വിളിക്കുന്ന പേരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തങ്ങളുടെ ശക്തിപ്രകടനത്തിന് നസ്രാണി സംഗമമെന്നാണ് പേര് കൊടുത്തത്. നസ്രേത്തുകാരനായ യേശുവിന്റെ നേരനുയായികള്‍ എന്ന പേരിലാണ് സുറിയാനി ക്രൈസ്തവര്‍ നസ്രാണികളായത്. നായര്‍ – നസ്രാണി ക്ലിക്ക് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ഒരു പേരാണ് മുന്നോട്ടുവെച്ചത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അവര്‍ക്ക് അന്യോന്യമുള്ള എതിര്‍പ്പുകളെല്ലാം തത്കാലത്തേക്ക് മാറ്റിവെച്ച് നായര്‍- നസ്രാണി അജന്‍ഡ നടപ്പാക്കുന്നതിനായി ഒരു “കറുത്ത നായരുടെ” പേര് നിര്‍ദേശിച്ചു. “അന്തോണി നായരും” അതിനെ പിന്താങ്ങി. “സ്റ്റെപ്പിനിയായി” ഒരു “വെളുത്ത നായരും” നിര്‍ദേശിക്കപ്പെട്ടു. നായര്‍- നസ്രാണി മാധ്യമങ്ങളെല്ലാം തന്നെ ഇത് ആഘോഷിക്കുകയും ചെയ്തു. അവസാനം വന്നതോ ഈഴവനായ വി എം സുധീരന്‍. അങ്ങനെ നായര്‍- നസ്രാണി ക്ലിക്കിന്റെ പ്രധാനപ്പെട്ട ഒരു തീരുമാനം അട്ടിമറിക്കപ്പെട്ടു.
ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ നടക്കാത്തൊരു കാര്യമാണ്. പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന രമേശും ഉമ്മനും ഇക്കാര്യത്തില്‍ എങ്ങനെയാണ് യോജിച്ചത് ? 11-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട സുറിയാനി ക്രൈസ്തവ ചെമ്പുപട്ടയത്തില്‍ – തരിശ്ശാപ്പള്ളി ശാസനം – അതിനുള്ള തെളിവുകള്‍ കാണാവുന്നതാണ്. കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂറിലും കൊച്ചിയിലും ശക്തിയായ വേരോട്ടമുള്ള ഒരു ഐക്യമാണ് നായര്‍- നസ്രാണി ഐക്യം. ജനസംഖ്യയില്‍ വെറും ഏഴ് ശതമാനത്തില്‍ താഴെയാണ് നായരും നമ്പൂതിരിയും അമ്പലവാസിയും കൂടിയത്. നസ്രാണികള്‍ അതിലും താഴെ നില്‍ക്കുന്നു. നസ്രാണികളില്‍ ലത്തീന്‍ കത്തോലിക്കരും ദളിത് ക്രൈസ്തവരും ഉള്‍പ്പെടുന്നില്ല. ജനാധിപത്യം യഥാര്‍ഥത്തില്‍ ഒരു “എണ്ണം കൊണ്ടുള്ള കളി”യാണ്.
നായര്‍- നസ്രാണി ഐക്യത്തിന്റെ രസതന്ത്രം പരിശോധിച്ചാല്‍, മാനവികവിരുദ്ധതയാണ് അതിന്റെ മുഖമുദ്രയെന്ന് മനസ്സിലാകും. “ഇസ്‌ലാമോഫോബിയ” അതിന്റെ ശക്തിമന്ത്രമാണ്. അതുകൊണ്ടുതന്നെ അത് ദളിത്- ഈഴവാദി-ഒ ബി സികള്‍, മുസ്‌ലിം ജനസാമാന്യം എന്നിവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് നേരെ വലിയ വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട്. മിക്ക വിഷയങ്ങളിലും വിജയിക്കാറുണ്ടുതാനും. എന്നാല്‍, ഇത്തവണത്തെ പരാജയം യഥാര്‍ഥത്തില്‍ അവരെ സ്തബ്ധരാക്കിയിരിക്കുകയാണ്. അതിന്റെ തെളിവാണ് സാധാരണ പക്വത കാണിക്കാറുള്ള ഉമ്മന്‍ ചാണ്ടി “കണ്ണ് പോകുമെങ്കില്‍ പോകട്ടെ” എന്നു കരുതി ചടങ്ങ് പോലും ബഹിഷ്‌കരിച്ചത്.
അഖിലേന്ത്യാതലത്തില്‍, പ്രഭാതഭക്ഷണമായി മനുഷ്യമാംസവും ശീതളപാനീയമായി മനുഷ്യ രക്തവും ഭുജിക്കുന്ന മോദിയുടെ തേരോട്ടം കണ്ട് ഭയന്ന “മാതാവും, പുത്രനും” നായര്‍- നസ്രാണി ക്ലിക്കിന് എല്ലായ്‌പ്പോഴും പിന്തുണ നല്‍കാറുള്ള കോണ്‍ഗ്രസ്സിന്റെ ബുദ്ധികേന്ദ്രങ്ങളായ ബോസ്റ്റണ്‍ ബ്രാഹ്മിണ്‍സിന്റെയും ഉപദേശം മറികടന്ന് സുധീരന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുകയായിരുന്നു.!
പഴയ കൊച്ചിക്കാരനായ സുധീരന്‍ ഈഴവ സമുദായത്തിലെ കൊച്ചിയിലെ ആദ്യ ബിരുദധാരികളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരാളുടെ മകനാണ് (വൈലോപ്പിള്ളി മാമ, അന്തിക്കാട്). രണ്ടാം തലമുറയിലെ ബിരുദധാരിയായ സുധീരന്‍ വിശ്വമാനവികത്തിലും നീതിബോധത്തിലും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ്. ശ്രീനാരായണ ഗുരു ഉദ്ഘാടനം ചെയ്ത സാമൂഹികവിപ്ലവ കൊടുങ്കാറ്റിന്റെ സാമീപ്യം അനുഭവിച്ച ഒരാളായിരുന്നു സുധീരന്റെ പിതാവ്. ഇതാണ് യഥാര്‍ഥത്തില്‍ സുധീരന്റെ ശക്തിസ്രോതസ്സ്.
ഇനി സുധീരന്റെ ദൗര്‍ബല്യങ്ങളെകുറിച്ചും പരിശോധിക്കാം. ഗാന്ധി- നെഹ്‌റു പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ വിശ്വാസമര്‍പ്പിച്ച ഒരാളാണ് സുധീരന്‍. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ചാതുര്‍വര്‍ണ്യത്തില്‍ അടിയുറച്ചു വിശ്വസിച്ച ഒരാളാണ്. ജവഹര്‍ലാല്‍ നെഹ്‌റു സാമവേദം ദിവസേന ചൊല്ലിക്കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സോഷ്യലിസ്റ്റുമാണ്. “അതുകൊണ്ടുതന്നെ ഗാന്ധി- നെഹ്‌റു പ്രത്യയശാസ്ത്ര ചട്ടക്കൂട്” ഇന്നു കാണുന്ന ഇന്ത്യ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദിയാണ്. മാനവികവിരുദ്ധതയാണ് അതിന്റെ മുഖമുദ്ര. വെറുമൊരു പുരോഗമന നാട്യമേ അതിനുള്ളൂ. അബേദ്ക്കര്‍ ഇക്കാര്യം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ്.
1947ലെ ഭരണമാറ്റം ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ബ്രാഹ്മണ ഭരണത്തിലേക്കുള്ള ഒരു മൊഴിമാറ്റം മാത്രമായിട്ടാണ് അദ്ദേഹം കണ്ടത്. ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നതിന് സുധീരന് വളരെ കാലതാമസം നേരിട്ടു. അതുകൊണ്ടാണ് ഇക്കാലമത്രയും പലപ്പോഴും അവഹേളിതനായിട്ടും അപമാനിതനായിട്ടും കോണ്‍ഗ്രസില്‍ തന്നെ കഴിഞ്ഞുകൂടേണ്ടി വന്നത്.
പണ്ഡിതനും ബുദ്ധിജീവിയും തമ്മില്‍ അജഗജാന്തരമുണ്ട്. കേരളത്തില്‍ വളരെയേറ വ്യഭിചരിക്കപ്പെട്ട പദമാണ് ബുദ്ധിജീവിയെന്നത.് വെറും നാലാം കിട പണ്ഡിതന്മാരെ പോലും ബുദ്ധിജീവി എന്നു വിശേഷിപ്പിക്കാറുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന് ബീജാവാപം നല്‍കിയ വോള്‍ട്ടയറിനെ ആണ്, എല്ലാ കാലത്തും ബുദ്ധിജീവികള്‍ക്ക് ഒരു ഉദാത്തമാതൃകയായി പലരും കരുതിപ്പോരുന്നത്. ഇതില്‍ നിന്ന് ശൂദ്രന്മാരുടെ അവസ്ഥ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ! ഡോ. ബാബാ സാഹിബ് അബേദ്കറിനെ ബുദ്ധിജീവികള്‍ക്ക് ഒരു ഉത്തമ മാതൃകയായാണ് മിക്കവരും കരുതുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബാബാ സാഹിബിന്റെ നൂറ്റാണ്ടായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ഇതുപോലെ തന്നെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം മുന്നാക്ക ജാതികള്‍ നയിക്കുന്ന പിന്നാക്ക ജാതിക്കാരുടെ പ്രസ്ഥാനമാണ്. എല്‍ എം എസ്, സി എം എസ് മിഷനറിമാര്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയവര്‍ വാണ മണ്ണായ കേരളത്തിലാണ് ഇടതുപക്ഷ പ്രസ്ഥാനം മുളച്ചുപൊന്തിയത്. അതിന്റെ തലപ്പത്ത് വന്നതോ മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ചമൂലം നിരാശയുടെ പടുകുഴിയിലാണ്ടുപോയ സവര്‍ണ തലമുറയിലെ യുവാക്കളും. ഈ വൈരുധ്യം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അച്യുതാനന്ദന്‍- പിണറായി ഗ്രൂപ്പ് വഴക്ക് തന്നെ അതിന്റെ സൃഷ്ടിയാണ്. പിണറായിക്ക് പിന്തുണ കൊടുക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പതിനഞ്ചംഗ ബ്രാഹ്മണ- സവര്‍ണ പോളിറ്റ്ബ്യൂറോയാണ്. ഇതില്‍ നാല് നായന്മാരും ഒരു ഈഴവനും മാത്രമാണുള്ളത്. ഇവരെല്ലാവരും കൂടിയാണ് വി എസിനെ പുറത്താക്കിയത്. വി എസ് ഈഴവ സ്വത്വബോധം ഉണര്‍ത്തി ബ്രാഹ്മണ- സവര്‍ണ നേതാക്കളുടെ “കഥ” കഴിക്കുമെന്ന് ഭയന്നാണ് അവര്‍ പിണറായിയെ പിന്തുണക്കുന്നതെന്ന് പരക്കെ സംസാരമുണ്ട്. കേരളത്തില്‍ സി പി എമ്മിനെ നിയന്ത്രിക്കുന്നത് നമ്പൂതിരി, നായര്‍, അമ്പലവാസി, നസ്രാണി ക്ലിക്കാണ്. ബി ജെ പിയുടെ കാര്യം ഇതുതന്നെ. ഇതാണ് കേരളം നേരിടുന്ന മഹാധൈഷണിക ദുരന്തം.
സുധീരനെ നില്‍ക്കക്കള്ളിയില്ലാതാക്കുന്നതിനു വേണ്ടി നായര്‍- നസ്രാണി ക്ലിക്ക് യോജിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇതിനെ നേരിടുന്നതിന് സുധീരന്‍, കോണ്‍ഗ്രസിനകത്തും പുറത്തും ബഹുജന ശക്തി ആര്‍ജിക്കേണ്ടതുണ്ട്. ഈ പ്രതിലോമകാരികളെ നേരിടാന്‍ കഴിഞ്ഞാല്‍ മാത്രമാണ് സുധീരന്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുക. സുധീരനെ ശക്തിപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ സ്വത്വബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയവും പൊതുവായ രാഷ്ട്രീയവുമാണ്. ലോകമെമ്പാടും അതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് ജനാധിപത്യപ്രക്രിയയെ കൂടുതല്‍ ശക്തിപ്പെടുത്തി നാടിനെ സമസ്ത പുരോഗതിയിലേക്ക് നയിക്കും. ഇത് നമുക്ക് ചരിത്രം നല്‍കുന്ന പാഠമാണ്.
കേരളത്തില്‍ യഥാര്‍ഥത്തില്‍ ബ്രാഹ്മണിസത്തിന്റെ ചുമട്ടുകാര്‍ ശൂദ്രന്മാരാണ്. ശൂദ്രനായ കരുണാകരന്‍ പൂര്‍ണമായും ബ്രാഹ്മിണീകരിച്ച ഒരാളായിരുന്നു. കേരളത്തിലെ നായന്മാര്‍ക്ക് തങ്ങളുടെ പിതാക്കന്മാരോടുള്ള ഭയഭക്തിബഹുമാനം മൂലം ആകാം, അവര്‍ ബ്രാഹ്മണരേക്കാള്‍ കൂടുതല്‍ ബ്രാഹ്മണീകരിച്ചവരാണെന്ന് പറയുന്നത്. ഇടതു വലത് ഇരുതലമൂരി വിഭാഗത്തില്‍പ്പെടുന്ന എല്ലാവരും തന്നെ ഈ ഗണത്തില്‍പ്പെടുന്നു. അവരെ അനുകരിച്ച് ഒ ബി സികളും ഈ ക്യൂവില്‍ തന്നെയുണ്ട്. ഇതാണ് കേരളത്തിലെ ഒ ബി സികള്‍ നേരിടുന്ന ഏറ്റവും വലിയ മഹാദുരന്തം. ഇതിനെ സാമൂഹികശാസ്ത്രപരമായ നായരീകരണം എന്നു വിളിക്കപ്പെടുന്നുണ്ട്. സുധീരന്‍ ഇതില്‍ നിന്നും മോചിതനായോ എന്ന് കാലമാണ് തെളിയിക്കേണ്ടത്. ഇതില്‍ നിന്നും മോചിതനാകാതെ സുധീരന് വലിയതോതിലുള്ള ജനപിന്തുണ ഒരിക്കലും ആര്‍ജിക്കാന്‍ കഴിയില്ല.
സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് ആശയങ്ങളാണ്. സമൂഹത്തെ ആര്‍ക്കും പിറകോട്ടു വലിക്കാന്‍ കഴിയുകയില്ല. അങ്ങനെ കഴിയുമെന്ന് ധരിക്കുന്നത് മിഥ്യാധാരണയാണ്. അക്കൂട്ടത്തില്‍ സുധീരനുണ്ടാകുമോ ? കേരളത്തിന്റെ പ്രഥമവും മഹനീയവുമായ സാമൂഹിക വിപ്ലവ പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം, വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഇന്ന് അതൊരു തെരുവ് സര്‍ക്കസ് കൂടാരമായി അധഃപതിച്ചിരിക്കുന്നുവെന്നാണ് പരക്കെ പറയപ്പെടുന്നത്.
പെരുന്ന സുകുമാരന്‍ നായരേക്കാളും വലിയ നായര്‍വാദികളാണ് നമ്മുടെ രാഷ്ട്രീയത്തിലുള്ളത് എന്നതാണ് വസ്തുത. അല്ലാതെ സുകുമാരന്‍ നായരുടെ അല്‍പ്പത്തം കൊണ്ട് മാത്രമല്ല “നായര്‍ ക്ലിക്ക്” നേട്ടങ്ങള്‍ കൊയ്യുന്നത്. സാധാരണക്കാരായ നായന്മാര്‍ക്ക് ഇതുകൊണ്ടൊന്നും യാതൊരു നേട്ടവും ലഭിക്കുന്നില്ല. പെരുന്നക്കാരുടെ സംഘടനാ ശക്തികൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കുന്നുമില്ല.