ജനാധിപത്യത്തിന്റെ ഉത്സവകാലം

Posted on: March 4, 2014 6:00 am | Last updated: March 4, 2014 at 12:17 am
SHARE

വേനലെത്തുന്നതോടെയാണ് ഉത്സവങ്ങള്‍ക്ക് കൊടിക്കൂറ ഉയരുന്നത്. ദേശവും ഭാഷയും വേഷവും ജാതിയും അതിരിടുന്ന ഉത്സവങ്ങള്‍. ആഘോഷങ്ങള്‍ക്ക് ഇത്രയേറെ വളക്കൂറുള്ള മണ്ണ് വേറെയുണ്ടാകുമോയെന്ന് സംശയം. ഇക്കൂട്ടത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ഒരു മഹാമഹത്തിന് നിലമൊരുങ്ങുകയാണിവിടെ. അതിര്‍വരമ്പുകളൊന്നുമില്ലാത്ത ജനാധിപത്യത്തിന്റെ മഹോത്സവം – പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഈ മഹോത്സവത്തെ അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്. നിയമത്തിന്റെ പിന്‍ബലവും ചിട്ടവട്ടങ്ങളുടെ കണിശവുമാണ് ഇന്ത്യയില്‍ സ്വതന്ത്രമായൊരു തിരഞ്ഞെടുപ്പിന് ഇന്നും അരങ്ങുണ്ടാക്കുന്നത്. വീഴ്ചകളും പോരായ്മകളും ഏറെയുണ്ട്. എങ്കിലും ഓരോ ഭാരതീയന്റെയും അഭിമാനവും അവകാശവുമാണ് തിരഞ്ഞെടുപ്പിലെ ഒരു വോട്ട്. കേട്ടു മടുത്ത വാഗ്ദാനങ്ങളും പുതുമയില്ലാത്ത കാഴ്ചകളും രാഷ്ട്രീയത്തോടുള്ള വിരക്തി വര്‍ധിപ്പിക്കുമ്പോഴും വിരല്‍ത്തുമ്പില്‍ അടയാളപ്പെടുത്തുന്ന മഷി ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ അടയാളമാകുന്നു.
ബ്രിട്ടീഷ് വെസ്റ്റ്മിനിസ്റ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലിമെന്ററി ഭരണരീതിയാണ് നമ്മുടെ രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലിമെന്റും ഓരോ സംസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും ഉള്‍ക്കൊള്ളുന്നതാണിത്. ഇതിന് പുറമെ, തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും പ്രാദേശിക ഭരണകൂടങ്ങളുമുണ്ട്.
സ്വതന്ത്ര, പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍, ഭരണഘടനയുമായി പൊക്കിള്‍ക്കൊടി ബന്ധമാണ് ജനാധിപത്യത്തിനുള്ളത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സങ്കല്‍പ്പത്തില്‍ പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ഭരിക്കാന്‍ നിയോഗിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് നിയമവാഴ്ച അനിവാര്യമാണ്. മെച്ചപ്പെട്ട ഭരണത്തിന് പ്രാപ്തരായ ഭരണാധികാരികള്‍ വേണം. പ്രാപ്തരായവര്‍ ജനപ്രതിനിധികളാകണമെങ്കില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ടെടുപ്പ് നടക്കണം. മാത്രമല്ല, ഓരോ വോട്ടര്‍ക്കും തന്റെ സമ്മതിദാന അവകാശം സ്വതന്ത്രമായി മനഃസാക്ഷിക്കനുസരിച്ച് വിനിയോഗിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളും ഒരുക്കണം. ജനാധിപത്യത്തിന്റെ അടിസ്ഥാനശില തന്നെ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണെന്ന വസ്തുത മനസ്സിലാക്കി വേണം ഇതിനെ സമീപിക്കാന്‍. അപ്പോഴാണ് ജനാധിപത്യം സാര്‍ഥകമാകുന്നത്.
സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പെന്ന വാക്കിലെ സൗന്ദര്യം ആസ്വദിക്കുന്നതിനപ്പുറം നിരക്ഷരരും അരക്ഷിതരുമേറെയുള്ള രാജ്യത്ത് എത്രമാത്രം ഇത് സാധ്യമാകുന്നുവെന്ന ചര്‍ച്ചക്കുള്ള അവസരം കൂടിയാണിത്. തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡലങ്ങളില്‍ അതിഥികളായെത്തുന്ന സ്ഥാനാര്‍ഥികളെ ഇനിയും വിശ്വസിക്കണമോ എന്ന് വോട്ടര്‍മാര്‍ സ്വയം വിലയിരുത്തണം.
മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാഷ്ട്രീയ ബോധത്താല്‍ സമ്പന്നമാണ് മലയാളികള്‍. വര്‍ഗീയ ഫാസിസ്റ്റുകളെ ഇവിടെ നിന്ന് പടിയടച്ച് പിണ്ഡം വെക്കാന്‍ സഹായിക്കുന്നതും ഈ രാഷ്ട്രീയ ബോധം തന്നെ. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായിരുന്നു കേരളം. കേരളത്തില്‍ പയറ്റിത്തെളിഞ്ഞതിന്റെ പ്രതിഫലനമാണ് യു പി എ ആയും എന്‍ ഡി എ ആയും ഇനിയും ജനിക്കുമെന്ന് ഉറപ്പില്ലാത്ത മൂന്നാം മുന്നണിയായും കേന്ദ്രത്തില്‍ നിലകൊള്ളുന്നത്. ഇടതും വലതും എന്ന രണ്ട് മുന്നണികളിലൂടെയാണ് കേരളത്തിന്റെ രാഷ്ട്രീയ ദിശ. രണ്ട് മുന്നണിയിലുമില്ലാത്ത മറ്റു ചെറുകക്ഷികള്‍ ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇവക്ക് വലിയ സ്ഥാനമില്ല.
മാറി, മാറി ഓരോ മുന്നണിയെയും തുണക്കുന്നതാണ് കേരളത്തിന്റെ പതിവ് രീതി. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനം പാലിക്കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നതിന് ഈ മാറ്റി പരീക്ഷണം തന്നെ തെളിവ്. ജനപ്രതിനിധികളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളെയും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കി തിരഞ്ഞെടുപ്പിനെ സമീപിക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയണം.
കഴിവും പ്രാപ്തിയും തന്നെയാകണം ഭരണാധികാരിയെ അളക്കാനുള്ള ഘടകം. സിറ്റിംഗ് എം പിമാര്‍ വീണ്ടും കളത്തിലിറങ്ങുന്നുവെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ നല്‍കിയ വാഗ്ദാനം എത്രമാത്രം പാലിക്കപ്പെട്ടുവെന്നത് സംവാദത്തിന് വിധേയമാക്കണം. പുതിയൊരാളെയാണ് നിയോഗിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയുടെയും അല്ലെങ്കില്‍ പാര്‍ട്ടിയുടെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തണം. എം പി ഫണ്ട് വിനിയോഗം മുതല്‍ പാര്‍ലിമെന്റിലെ പ്രകടനം വരെ വിശകലനവിധേയമാക്കണം. ചെലവിട്ട കോടികളുടെ കണക്കിലല്ല കാര്യം. അതിന്റെ ഗുണമേന്മയും ഗുണഭോക്താക്കളും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കണം. അല്ലെങ്കില്‍ വോട്ട്കുത്തി യന്ത്രങ്ങളായി ഇനിയും തുടരേണ്ടി വരും.
രാഷ്ട്രീയം ഒരു ബിസിനസോ ധനാഗമന മാര്‍ഗമോ ആയി കാണുന്നവരെ തിരിച്ചറിയാനുള്ള അവസരം കൂടിയാണ് തിരഞ്ഞെടുപ്പ്. സാധാരണക്കാരെ അപേക്ഷിച്ച് പാര്‍ലിമെന്റിലെത്തുന്ന കോടിശ്വരന്‍മാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒട്ടും ആശാസ്യമല്ലാത്ത പ്രവണതയാണിത്. ക്രിമിനല്‍ കേസ് പ്രതികള്‍ ജനപ്രതിനിധികളാകുന്ന പ്രവണതയും വര്‍ധിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും അയോഗ്യത കല്‍പ്പിച്ച സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത് അടുത്ത കാലത്താണ്. ഇത് മറികടക്കാന്‍ നിയമം കൊണ്ടുവരാന്‍ പക്ഷം മറന്ന് എല്ലാവരും ഒന്നിക്കുന്ന ലജ്ജാകരമായ കാഴ്ച കൂടി നാം കാണേണ്ടി വന്നു. പ്രതിഷേധവും ജനവികാരവും ഒരുമിച്ചു നിന്നാണ് ഈ ശ്രമത്തെ ചെറുത്തു തോല്‍പ്പിച്ചത്. ഈ ജനവികാരത്തെ ഭാഗികമായി മറികടന്ന് ചില ഭേദഗതികള്‍ കൊണ്ടുവരുന്നതില്‍ അധികാരികള്‍ വിജയിച്ചിട്ടുണ്ട്.
കോടതി കുറ്റവാളികളെന്ന് കണ്ടെത്തിയ എം പിമാരും എം എല്‍ എമാരും അയോഗ്യരാണെന്ന നിര്‍ണായക വിധിയാണ് ആദ്യം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജയിലിലോ പോലീസ് കസ്റ്റഡിയിലോ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും തൊട്ടടുത്ത ദിവസം മറ്റൊരു ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. 2004ല്‍ പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിനെതിരെ പലവട്ടം സുപ്രീം കോടതി ശക്തമായ താക്കീത് നല്‍കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. രാഷ്ട്രീയം കൂടുതല്‍ സംശുദ്ധമാകാനും സുതാര്യമാകാനും ഈ കോടതി ഇടപെടലുകള്‍ സഹായിക്കും. അതോടൊപ്പം വളഞ്ഞ വഴിയില്‍ ഇത്തരക്കാര്‍ ഇനിയും സ്ഥാനാര്‍ഥിക്കുപ്പായം തയ്ക്കുന്നുവെങ്കില്‍ ജനകീയ കോടതിക്ക് അവരെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം.
നിലവില്‍ പദവിയില്‍ തുടരുന്ന രാജ്യത്തെ എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ 4807 ജനപ്രതിനിധികളില്‍ 30 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 14 ശതമാനം പേര്‍ക്കെതിരെയുള്ളത് ഗുരുതരമായ കുറ്റമാണ്. ആകെ 543 എം പിമാരില്‍ 162 പേര്‍ക്കുമെതിരെയും 4032 എം എല്‍ എമാരില്‍ 1258 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്ന് ഒരു സന്നദ്ധ സംഘടന ശേഖരിച്ച കണക്കുകളില്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെ 48 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ ഒമ്പത് ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ കുറ്റമാണുള്ളതെന്നാണ് ഈ സംഘടനയുടെ കണക്ക്.
നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന വരുമാന കണക്ക് നോക്കിയാല്‍ തന്നെ കോടിശ്വരന്‍മാരാണ് നമ്മുടെ ജനപ്രതിനിധികളെന്ന് ബോധ്യപ്പെടും. പൗരാവകാശ ജനകീയ സംഘടന (പി യു സി എല്‍) ഫയല്‍ ചെയ്ത കേസില്‍ സ്ഥാനാര്‍ഥികള്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടായി. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും അയാളുടെ കുറ്റകൃത്യ പശ്ചാത്തലം, ആസ്തി ബാധ്യതകള്‍, ഭാര്യ, കുട്ടികള്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ സംബന്ധിച്ച സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ആരാണ് സ്ഥാനാര്‍ഥി എന്താണ് യോഗ്യത എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇത് വോട്ടര്‍മാരെ സഹായിക്കും. ഈ സത്യവാങ്മൂലം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളാനാണ് സുപ്രീം കോടതി മറ്റൊരു വിധിയിലൂടെ നിര്‍ദേശിച്ചത്. ഇങ്ങനെ ഓരോ പരിഷ്‌കാരവും സുതാര്യമായ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്.
പ്രചണ്ഡമായ പ്രചാരണക്കൊഴുപ്പിലും സമ്പത്തിന്റെ പളപളപ്പിലും ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വശംവദരായും തങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ പാഴായിപ്പോകുന്നത് ഒരു വോട്ട് മാത്രമല്ല, ശക്തമായ ജനാധിപത്യത്തിന്റെ അടിത്തൂണ്‍ കൂടിയാണെന്ന വസ്തുത വിസ്മരിക്കരുത്.