ഭൂവിതരണ മേളയില്‍ 10,531 പേര്‍ക്ക് പട്ടയം നല്‍കി

Posted on: March 4, 2014 12:46 am | Last updated: March 3, 2014 at 10:46 pm
SHARE

കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഭൂരഹിതരായ 10,531 പേര്‍ക്ക് അനുവദിച്ച മൂന്ന് സെന്റ് വീതം ഭൂമിയുടെ പട്ടയം വിതരണം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ജില്ലാ പട്ടയമേള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കണ്ണൂരിനു ശേഷം കാസര്‍കോടിനെ രാജ്യത്തെ ഭൂരഹിതരില്ലാത്ത രണ്ടാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ടൂറിസം-പിന്നാക്ക വിഭാഗ മന്ത്രി എ പി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
ഭൂമി വിതരണ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് താലൂക്കില്‍ 335.73 ഏക്കറും ഹൊസ്ദുര്‍ഗ് താലൂക്കില്‍ 971.10 ഏക്കറും ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍കോട് താലൂക്കില്‍ 10,786ഉം ഹൊസ്ദുര്‍ഗ് താലൂക്കില്‍ 20,114 ഉം ആകെ 30,900 പ്ലോട്ടുകള്‍ വിതരണത്തിനായി തയ്യാറാക്കിയിരുന്നു. ഇതില്‍ 10,271 പേര്‍ക്കാണ് ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായി മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ചത്. രണ്ട് ഘട്ടങ്ങളിലായി കാസര്‍കോട് താലൂക്കിലെ 10,818ഉം ഹൊസ്ദുര്‍ഗ് താലൂക്കില്‍ 7087ഉം മൊത്തം 17905 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ അര്‍ഹരായ കാസര്‍കോട് 7282 അപേക്ഷകര്‍ക്കും ഹൊസ്ദുര്‍ഗ് താലൂക്കിലെ 2989 അപേക്ഷകര്‍ക്കുമാണ് ഭൂമി നല്‍കിയത്.
കാസര്‍കോട്, കൂഡ്‌ലു, തളങ്കര എന്നീ വില്ലേജുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഭൂമിക്കായി അപേക്ഷ നല്‍കിയത്. കൊളത്തൂര്‍, ബോഡഡുക്ക, അമ്പലത്തറ, കിനാനൂര്‍ എന്നീ വില്ലേജുകളിലാണ് ഏറ്റവും അധികം ഭൂമി വിതരണത്തിനായി കണ്ടെത്തിയത്. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത 27 പേര്‍ക്ക് മന്ത്രിമാര്‍ പട്ടയം നേരിട്ട് വിതരണം ചെയ്തു. ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ ഒരുക്കിയ 51 കൗണ്ടറുകള്‍ മുഖേനയാണ് പട്ടയം വിതരണം ചെയ്തത്.
ജില്ലാതല പട്ടയമേളയില്‍ എം എല്‍ എമാരായ പി ബി അബ്ദുറസാഖ്, ഇ ചന്ദ്രശേഖരന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എം പി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍മാരായ ടി ഇ അബ്ദുല്ല, ഹസീനാ താജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് ഷുക്കൂര്‍, മുംതാസ് സമീറ, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ. സി കെ ശ്രീധരന്‍, കെ പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സജി സെബാസ്റ്റ്യന്‍, എ.കുഞ്ഞിരാമന്‍ നായര്‍, ഹരീഷ് ബി നമ്പ്യാര്‍, എ വി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതവും സബ്കലക്ടര്‍ ജീവന്‍ബാബു നന്ദിയും പറഞ്ഞു.