വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍വകക്ഷി പിന്തുണ

Posted on: March 4, 2014 12:39 am | Last updated: March 3, 2014 at 10:39 pm
SHARE

കാസര്‍കോട്: ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനും മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിനും സര്‍ക്കാറിന്റെ നടപടികള്‍ക്ക് ജില്ലാതല സര്‍വകക്ഷി സമാധാനകമ്മിറ്റി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും ഏകകണ്ഠമായി പിന്തുണ അറിയിച്ചത്. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
തീരദേശങ്ങളിലും മറ്റും ചെറിയ അനിഷ്ട സംഭവങ്ങളെ ഊതി വീര്‍പ്പിച്ച് വര്‍ഗീയ നിറം നല്‍കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും സമാധാന കമ്മിറ്റികള്‍ രൂപവത്കരിക്കും. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, വിവിധ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട ഒരു സ്ഥിരം ജില്ലാതല സമാധാന കമ്മിറ്റി രൂപവത്കരിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മറ്റും സംഘടിപ്പിക്കുന്ന പരിപാടികളുടെ ബോര്‍ഡുകള്‍ ഒരാഴ്ചക്ക് മുമ്പ് മാത്രം സ്ഥാപിക്കാനും പരിപാടി കഴിഞ്ഞാലുടന്‍ ബോര്‍ഡ് ബന്ധപ്പെട്ടവര്‍ എടുത്തുമാറ്റാനും യോഗത്തില്‍ തീരുമാനമായി. ഉത്സവ സ്ഥലങ്ങളിലും പള്ളികളിലും മറ്റും രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നത് കര്‍ശനമായി തടയും.
പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ഥികളുടെ പഠനത്തെ രാത്രികാലത്തെ മൈക്ക് ഉപയോഗം ദോഷകരമായി ബാധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മൈക്ക് നിയന്ത്രണം കര്‍ശനമാക്കുന്നത്. വെയിറ്റിംഗ്‌ഷെല്‍ട്ടറുകള്‍ക്കും സ്ഥലങ്ങള്‍ക്കും വര്‍ഗീയ പേരുകള്‍ നല്‍കുന്നത് ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
എം എല്‍ എമാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, നോര്‍ത്ത് സോണ്‍ എ ഡി ജി പി ശങ്കര്‍ റെഡ്ഡി, ഐ ജി സുരേഷ് രാജ് പുരോഹിത്, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ്കലക്ടര്‍ കെ ജീവന്‍ബാബു, എ ഡി എം. എച്ച് ദിനേശന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി കെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍, കെ പി സതീഷ് ചന്ദ്രന്‍, എം സി ഖമറുദ്ദീന്‍, സി ടി അഹമ്മദലി, കെ പി കുഞ്ഞിക്കണ്ണന്‍, എ അബ്ദുറഹ്മാന്‍, പി എ അഷറഫലി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സജി സെബാസ്റ്റ്യന്‍, എ വി രാമകൃഷ്ണന്‍, എ കുഞ്ഞിരാമന്‍ നായര്‍, പി സുരേഷ് കുമാര്‍ ഷെട്ടി, പി രമേഷ്, കെ നീലക്ണ്ഠന്‍, ജിനോ ജോസഫ്, ആര്‍ ഗംഗാധരന്‍, കെ ബാപ്പൂഞ്ഞി, അഗസ്റ്റിന്‍ ജേക്കബ്ബ്, രഘു ചൂളിക്കാട്, ഹമീദ് മൊഗ്രാല്‍, എ എം മുനീര്‍, ബി എം സുഹൈല്‍, കുഞ്ഞിരാമന്‍ കൊടക്കാട്, ബദറുദ്ദീന്‍ കറന്തക്കാട്, പി എം അഗസ്റ്റിന്‍, മഹമൂദ്, അബ്ദുറഹ്മാന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ ഹസീന താജുദ്ദീന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് വൈ എസ് സോമശേഖര തുടങ്ങിയവര്‍ സംബന്ധിച്ചു.