ചൈനയില്‍ കത്തി ആക്രമണം; 33 മരണം

Posted on: March 3, 2014 6:35 am | Last updated: March 8, 2014 at 10:37 am
SHARE
_73309476_021358914
കത്തി കൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍

ബീജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ കത്തി ആക്രമണം. 33 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുന്‍മിംഗ് നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ അക്രമികള്‍ ജനങ്ങളെ കുത്തി മലര്‍ത്തുകയായിരുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്ന് അക്രമികളെ പെട്ടെന്ന് തിരിച്ചറിയാന്‍ പോലീസുകാര്‍ക്കും മറ്റും കഴിഞ്ഞില്ല. ഇതോടെ തുടരെ തുടരെ ആക്രമണങ്ങള്‍ തുടര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെന്ന് കരുതുന്ന നാല് പേരെ പോലീസ് വെടിവെച്ചു കൊന്നതായും ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായും പോലീസ് വക്താക്കള്‍ അറിയിച്ചു. ആസൂത്രിതമായി നടന്ന മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച തീവ്രവാദ ആക്രമണമാണെന്നും സംഭവത്തിന് പിന്നില്‍ സിന്‍ജിയാംഗ് ഗ്രൂപ്പുകളാണെന്നും പോലീസ് മേധാവികള്‍ അറിയിച്ചു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. നെഞ്ചിലും വയറിലുമാണ് അക്രമികള്‍ കുത്തിയത്. പരുക്കേറ്റവരുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങളെ കത്തിക്കൊണ്ട് കുത്തിയ ശേഷം അക്രമികള്‍ ആള്‍കൂട്ടത്തിനിടയില്‍ മറയുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറഞ്ഞു. ചൈനയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണ പരമ്പരയാണിതെന്നും കത്തിക്കൊണ്ടുള്ള ഇത്തരം ആസൂത്രിത ആക്രമണം ചൈനയിലാദ്യമാണെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിദഗ്ധ അന്വേഷണം നടത്തുമെന്നും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും പോലീസ് മേധാവി അറിയിച്ചു.