Connect with us

Gulf

വാഹനാപകട മരണം പൂജ്യത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി

Published

|

Last Updated

അബുദാബി: 2030 ആവുമ്പോഴേക്കും വാഹനാപകട മരണം പൂജ്യത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അബുദാബിയില്‍ സംഘടിപ്പിക്കുന്ന ജി സി സി ട്രാഫിക് വാരത്തിന്റെ മുന്നോടിയായി നടന്ന ബോധവത്ക്കരണ പരിപാടിയിലാണ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരിസി ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് മുതല്‍ 15 വരെയാണ് ജി സി സി ട്രാഫിക് വാരം തലസ്ഥാനത്ത് അരങ്ങേറുക. അവര്‍ ഗോള്‍ ഈസ് യുവര്‍ സേഫ്റ്റി എന്ന മുദ്രാവാക്യത്തിനെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2030 ആവുമ്പോഴേക്കും അപകട മരണ നിരക്ക് പൂജ്യത്തില്‍ എത്തിക്കാനും ട്രാഫിക് വാരം ലക്ഷ്യമിടുന്നു. അബുദാബി 2030 വീക്ഷണത്തിന്റെ ഭാഗം കൂടിയാണിത്. 2011 മുതല്‍ 2013 വരെ ഗതാഗത ബോധവത്ക്കരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു. ഇതിന് നല്ല പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്നും ഉണ്ടാവുന്നത്. അപകടത്തിന്റെ ഗാഢതയും അപകട മരണവും കുറക്കാന്‍ ബോധവത്ക്കരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ബോധനവത്ക്കരണത്തിന്റെ ഭാഗമായി നിരവധി പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയും അബൂദാബി പോലീസ് ഈ ലക്ഷ്യത്തിനായി പരിശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനതയുടെ സുരക്ഷക്ക് ഭീഷണിയാവുന്ന മുഖ്യകാര്യമായി വാഹനാപകട മരണങ്ങള്‍ മാറിയിരിക്കയാണെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം പബ്ലിക് റിലേഷന്‍സ് തലവന്‍ ലഫ്. കേണല്‍ ജമാല്‍ സലീം അല്‍ അമീരിയും പറഞ്ഞു.