പുകഞ്ഞു തീരുമോ നമ്മുടെ കുഞ്ഞുങ്ങള്‍? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സര്‍വേ

Posted on: March 3, 2014 10:45 am | Last updated: March 3, 2014 at 10:45 am
SHARE

smokeതിരുവനന്തപുരം: രാജ്യത്ത് കുട്ടികളിലെ പുകയില ഉപയോഗം അപകടകരമാം വിധം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പത്ത് വയസ്സ് മുതല്‍ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നതായാണ് സര്‍വേ വെളിപ്പെടുത്തുന്നത്. അഞ്ചിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ള കുട്ടികളിലാണ് സര്‍വേ നടത്തിയത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിനുവേണ്ടി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡ്രഗ് ഡിപ്പെന്‍ഡ്‌സ് ട്രീറ്റ്‌മെന്റ് സെന്ററുമാണ്(എന്‍ ഡി ഡി ടി സി) സര്‍വേ നടത്തിയത്. രാജ്യത്തെ 27 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എല്ലാം ഉള്‍പ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്.

രാജ്യത്താകമാനം നാലായിരത്തിലധികം കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം. പഠനത്തിന് വിധേയരാക്കിയവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരും സ്‌കൂളില്‍ പോയിട്ടില്ലാത്തവരും തെരുവ് കുട്ടികളുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വേയുടെ 22 ശതമാനം തെരുവില്‍ കഴിയുന്ന കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ 127 കേന്ദ്രങ്ങളിലായിരുന്നു ആകെ സര്‍വേ. കേരളത്തില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. തെരുവു കുട്ടികള്‍ക്കിടയിലാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കൂടുതലുള്ളത്. രാജ്യത്ത് 1.3 കോടിയോളം കുട്ടികള്‍ തെരുവില്‍ കഴിയുന്നതായാണ് പഠന വിവരങ്ങള്‍. ആറ് മെട്രോപോളിറ്റന്‍ നഗരങ്ങളിലെ മാത്രം തെരുവ് കുട്ടികളുടെ എണ്ണം അഞ്ച് ലക്ഷത്തിനു മുകളിലാണ്. ഇവരില്‍ 878 പേരിലാണ് സര്‍വേ നടത്തിയത്. ഒമ്പതിനും പത്തിനും ഇടക്ക് പ്രായത്തിലാണ് ഇവര്‍ കൂടുതലായും പുകയില ഉപയോഗം ആരംഭിക്കുന്നത്. തെരുവു കുട്ടികളില്‍ 50 മുതല്‍ 75 വരെ ശതമാനം പുകയില ഉത്പന്നങ്ങളും 25 മുതല്‍ 50 വരെ ശതമാനം പേര്‍ മദ്യവും 15 മുതല്‍ 25 വരെ ശതമാനം പേര്‍ മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 95 ശതമാനം പേരും സ്‌കൂളില്‍ പോയവരും പാതിയില്‍ വെച്ച് പഠനം ഉപേക്ഷിച്ചവരുമാണ്. മിക്കവരും തുടക്കത്തില്‍ പുകയില ഉപയോഗിക്കുകയും പിന്നീട് മദ്യം, മയക്കുമരുന്നുകള്‍ എന്നിവയിലേക്ക് വഴുതി വീഴുകയുമാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളായ 1,088 പേരില്‍ നടത്തിയ സര്‍വേയില്‍ 14.6 ശതമാനം ഏതെങ്കിലും ഒരു പുകയില ഉത്പന്നം ഉപയോഗിക്കുന്നവരോ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരോ ആണ്. 15 ശതമാനം പേര്‍ സമീപകാലത്തു തന്നെ പുകയില ഉപയോഗം ആരംഭിക്കാന്‍ താത്പര്യപ്പെടുന്നവരാണ്. വിദ്യാര്‍ഥികളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരിലും ഏതെങ്കിലും വര്‍ഷം പരാജയപ്പെട്ടിട്ടുള്ളവരിലും സ്‌കൂളുകളില്‍ സ്ഥിരമായി പോകാത്തവരിലുമാണ് പുകയില ഉപയോഗം കൂടുതലുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുകയില ഉത്പന്നങ്ങള്‍ സ്‌കൂളിന് സമീപത്തുള്ള കടകളില്‍നിന്നു തന്നെയാണ് വാങ്ങുന്നതെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സ്‌കൂള്‍ പരിസരത്തിനടുത്തുള്ള പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന എത്രത്തോളം തടയാന്‍ സാധിച്ചിട്ടുണ്ടെന്നതിന് തെളിവാണിത്.
നഗരങ്ങളിലെ തന്നെ ചേരിപ്രദേശങ്ങളിലുള്ള കുട്ടികളില്‍ 32 ശതമാനം പേര്‍ പുകയില ഉപയോഗിക്കുന്നവരാണ്. ഇവരില്‍ കൂടുതലും 13-15 വയസ്സിനുള്ളിലാണ് ഉപയോഗം ആരംഭിക്കുന്നത്. രക്ഷിതാക്കളോടൊപ്പം വീടുകളില്‍ താമസിക്കുന്ന 3,146 കുട്ടികളെയും സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 2,045 പേരെയുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ ഏതെങ്കിലും രീതിയില്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നവരിലാണ് പുകയില ഉപയോഗം കൂടുതലുള്ളത്. 50 ശതമാനത്തിനു മുകളിലാണ് ഈ സാഹചര്യത്തില്‍ പുകയില ഉപയോഗിക്കുന്നവരുടെ നിരക്ക്. കുടുബ കലഹങ്ങളും കുട്ടികളിലെ ചൂഷണങ്ങളും കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും മാതാപിതാക്കളുടെ വേര്‍പിരിയിലുകളും രക്ഷിതാക്കളുടെ ശ്രദ്ധ വേണ്ട രീതിയില്‍ കിട്ടാത്തതുമെല്ലാമാണ് കുട്ടികളെ ഇതിലേക്ക് നയിക്കുന്നത്.
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് ഇതുവരെ നടത്തിയിട്ടുള്ള സര്‍വേകളെല്ലാം വ്യക്തമാക്കിയിട്ടുള്ളത്. തെരുവു കുട്ടികളാണ് കൂടുതലായും ഇവ ഉപയോഗിക്കുന്നതെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണുവും കുറവല്ല. എന്‍ ജി ഒകളും വിവിധ സംഘടനകളുമാണ് അതത് സ്ഥലങ്ങളില്‍ സര്‍വേക്ക് സഹായിച്ചത്. കേരളത്തില്‍ നിന്ന് ഡോണ്‍ ബോസ്‌കോ വീട് സൊസൈറ്റി, സുരക്ഷ ഐ ആര്‍ സി എ, ട്രാഡ, ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ സര്‍വേയില്‍ പങ്കെടുത്തു.