നോര്‍ത്ത് മണ്ഡലത്തില്‍ 12 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

Posted on: March 3, 2014 7:42 am | Last updated: March 3, 2014 at 7:42 am
SHARE

കോഴിക്കോട് : അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നഗര സൗന്ദര്യത്തിന് പുതു മോഡി നല്‍കാന്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 12 കോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. രണ്ട് വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട്, എം എല്‍ എ പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് എ പ്രദീപ്കുമാര്‍ എം എല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടില്‍ 1.57 കോടി രൂപ ചെലവില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള ഡോര്‍മിറ്ററി നിര്‍മിക്കും. മൂന്ന് നിലകളില്‍ സൗകര്യപ്രദമായ രീതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാന്റീനും രണ്ട് നിലകളിലായി 200 പേര്‍ക്ക് താമസിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും സൗകര്യമൊരുക്കും. ടോയ്‌ലറ്റ്, ബാത്ത്‌റൂം സൗകര്യങ്ങളും ഇവിടെ ഒരുക്കും. ആശുപത്രി മുറ്റത്ത് പത്രം വിരിച്ച് കിടക്കേണ്ടിവരുന്ന രോഗികളുടെ കൂട്ടിരുപ്പുകാരുടെ ദുരിതത്തിന് പരിഹാരം കാണാനാണ് ഡോര്‍മിറ്ററി നിര്‍മിക്കുന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളായി.
മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂളില്‍ 2.25 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ 17 ക്ലാസുകളടങ്ങിയ കെട്ടിടം നിര്‍മിക്കും. ലൈബ്രറിയും ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടും നിര്‍മിക്കാനായി പത്ത് ലക്ഷം രൂപ വീതം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മാറ്റിവെച്ചിട്ടുണ്ട്.
പുതിയങ്ങാടി ഗ വ എല്‍ പി സ്‌കൂളില്‍ ദേശീയ നാടകോത്സവങ്ങളും മറ്റും സംഘടിപ്പിക്കാവുന്ന സ്റ്റേജും എട്ട് ക്ലാസ് മുറികളും പ്രവേശന കവാടവും 1.25 കോടി രൂപ ചെലവില്‍ നിര്‍മിക്കും. നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ സ്മരണക്കായി നടപ്പാക്കുന്ന പദ്ധതിയിലൂടെ നാടകത്തെ ഏറെ സ്‌നേഹിക്കുന്ന കോഴിക്കോട്ടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തിയറ്റര്‍ ആക്ടിവിറ്റിക്കായി ഉപയോഗപ്പെടുത്താനാകുന്ന പദ്ധതിയുടെ ടെന്‍ഡര്‍ ചെയ്തതായും എം എല്‍ എ പറഞ്ഞു.
ചെലവൂരില്‍ 30 ലക്ഷം രൂപ ചെലവില്‍ ഫൂട്‌ബോള്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കും. ചെലവൂരില്‍ പൂനൂര്‍ പുഴയുടെ തീരത്തുള്ള കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മിനി ഫുട്‌ബോള്‍ കോര്‍ക്കും കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള സ്റ്റേജും ഓഫീസും നടപ്പാതയും ഇരിപ്പിടങ്ങളും ഗ്യാലറിയുമാണ് നിര്‍മിക്കുന്നത്. സായാഹ്നങ്ങളില്‍ ഒരു പാര്‍ക്കിലെന്ന പോലെ ആളുകള്‍ക്ക് ചെലവഴിക്കാവുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഈസ്റ്റ്ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.30 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ക്ലാസ് മുറികളുടെ പരിമിതികള്‍ കാരണം വീര്‍പ്പുമുട്ടുന്ന ഈ സ്‌കൂളില്‍ കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ മാറ്റിവെക്കും. പിഡബഌു ഡി വഴി ലഭിച്ച 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്ലാസ് റൂം ബ്ലോക്കിന്റെ ടെന്‍ഡര്‍ നടപടികള്‍ നടക്കുകയാണ്.
കോഴിക്കോട് ബീച്ചില്‍ 50 ലക്ഷം രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃക പബ്ലിക് ടോയ്‌ലറ്റ് നിര്‍മിക്കും. ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപത്തെ തുറമുഖ വകുപ്പിന്റെ സ്ഥലത്താണ് ടോയ്‌ലറ്റ് നിര്‍മിക്കുന്നത്. ടോയ്‌ലറ്റില്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള ഒരു ലോഞ്ച്, ലോഞ്ചിന്റെ ഇരുവശങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകള്‍,
കോഴിക്കോട്ട് വിശാലയായ ഭട്ട് റോഡ് ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ച് ഫന്‍സിംഗ്, കലാ സാംസ്‌കാരിക പരിപാടികള്‍ക്കുള്ള സ്റ്റേജ്, ലാന്‍ഡ് സ്‌കേപ്പിംഗ് തുടങ്ങിയവ നടപ്പാക്കും. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ രണ്ടാംഘട്ടമായി ടൂറിസം വകുപ്പ് നല്‍കിയ 30 ലക്ഷം രൂപ ചെലവില്‍ ഹൈമാസ്റ്റ് ലൈറ്റുകളും അലങ്കാര വിളക്കുകളും സ്ഥാപിക്കും.
കാരപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിസം പദ്ധതി നടപ്പാക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 1.62 കോടി രൂപ ചെലവില്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കും 1.16 കോടി രൂപ ചെലവില്‍ ഹൈസ്‌കൂള്‍ ബ്ലോക്കും നിര്‍മാണം നടക്കുകയാണ്.