Connect with us

Wayanad

പീലിംഗ് മില്ലുകളുടെ അനുമതി അന്വേഷിക്കണം: പരിഷത്ത്

Published

|

Last Updated

പനമരം: വനം പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ച് പിന്‍വാതിലിലൂടെ വയനാട്ടില്‍ കൂടുതല്‍ പീലിങ് മില്ലുകള്‍ക്ക് വനംവകുപ്പ് അനുമതി നല്‍കിയത് അന്വേഷിക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടാലയില്‍ പീലിംഗ് മില്ലിന് വനംവകുപ്പ് അനുമതി നല്‍കി. നിലവിലുള്ള മില്ലുകള്‍ തന്നെ കാലക്രമേണ നിര്‍ത്തലാക്കണമെന്നും പുതിയതിന് അനുമതി നല്‍കരുതെന്നുമാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള എംപവേര്‍ഡ് കമ്മിറ്റി നിര്‍ദേശം.
മൈസൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ പീലിംഗ് യൂണിറ്റുള്ള വന്‍ കമ്പനിയാണ് രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ ജില്ലയിലും മില്ല് തുടങ്ങിയത്. 15 ഇഞ്ച് വണ്ണമുള്ള മരങ്ങള്‍ വരെ മുറിച്ച് പീലിങ്ങിലൂടെ പ്ലൈവുഡ് പാളികളാക്കി ഉത്തരേന്ത്യയിലേക്ക് കയറ്റിഅയക്കുന്ന സംഘമാണ് ഇതിന് പിന്നില്‍. രണ്ട്തരം മരം യൂണിറ്റുകള്‍ക്ക് ഒരാളുടെ പേരില്‍ തന്നെ ഒരു കോമ്പൗണ്ടില്‍ അനുമതി നല്‍കരുതെന്നാണ് ചട്ടം. രേഖകളില്‍ തിരുത്തലുകള്‍ നടത്തിയാണ് അനുമതി നല്‍കിയതെന്നും പരിഷത്ത് ആരോപിച്ചു. പുതിയ മില്ലിന്റെ ഒന്നരകിലോമീറ്റര്‍ ചുറ്റളവിലുള്ള മില്ല് പൂട്ടാന്‍ ഉത്തരവിട്ട വനംവകുപ്പ് അധികൃതര്‍ തന്നെയാണ് അനധികൃത നടപടികള്‍ ചെയ്യുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വയനാട്ടിലെ കര്‍ഷകരുടെ ആശങ്ക മുതലെടുത്ത് മരങ്ങള്‍ മുറിച്ച് കടത്തുകയാണ് ലക്ഷ്യം. മില്ലിന്റെ അനുമതി റദ്ദ്‌ചെയ്യ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തും. സമ്മേളനം വി എം ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഭാരവാഹികള്‍: കെ വി പ്രസാദ്(സെക്രട്ടറി), ടിഅബൂബക്കര്‍ (പ്രസിഡന്റ്).