Connect with us

Wayanad

പണിയ ഊരുകളിലെ പിന്നാക്കാവസ്ഥ: ശതദിന പരിപാടിക്ക് ഇന്ന് തുടക്കം

Published

|

Last Updated

കല്‍പ്പറ്റ: പണിയ ഊരുകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശതദിന പരിപാടിക്ക് ഇന്ന് തുടക്കം. വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 100 ഊരുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന തല ഉദ്ഘാടനം വയനാട് ജില്ലയിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഊരില്‍ ഇന്ന് കാലത്ത് 9.30 ന് പട്ടിക വര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി നിര്‍വ്വഹിക്കും. കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തിലെ ആറളം 13 ബ്ലോക്ക് ഊരിലും, മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം ഊരിലും, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ഊരിലും ഇന്ന് കാലത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരിന്റെ ശതദിന പരിപാടിയുടെ ഭാഗമായി പട്ടിക വര്‍ഗ വികസന വകുപ്പും കുടുംബശ്രീയും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഊരുകളിലെ അടിസ്ഥാന അനിവാര്യ ഘടകങ്ങളെ കണ്ടെത്തുന്നതിനായുള്ള വിവരശേഖരണ സര്‍വ്വെ നേരത്തെ നടത്തിയിരുന്നു
വയനാട് ജില്ലയിലെ 72 , കണ്ണൂര്‍ ജില്ലയിലെ 17 , കോഴിക്കോട് ജില്ലയിലെ 3 , മലപ്പുറം ജില്ലയിലെ 8 ഊരുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി തുടങ്ങുന്നത്. 4213 പണിയ കുടുംബങ്ങളിലെ 17896 അംഗങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥന സൗകര്യങ്ങള്‍, വീട്, വെള്ളം, വെളിച്ചം, ഊരുകളില്‍ ലഭ്യമാക്കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍, സൗകര്യങ്ങള്‍, നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പദ്ധതികളും പരിപാടികളും ശതദിനത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടും. വയനാട് 3410, കണ്ണൂര്‍ 1549, കോഴിക്കോട് – 226, മലപ്പുറം – 402 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
വയനാട് ജില്ലയിലെ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 72 ഊരുകളില്‍ പരിപാടി നടപ്പാക്കുന്നത്.

Latest