Connect with us

Malappuram

സ്റ്റേഷനില്‍ പരാതിയുമായി വരുന്നവര്‍ക്ക് നീതി ലഭ്യമാക്കും: ചെന്നിത്തല

Published

|

Last Updated

മലപ്പുറം: പോലീസ് സ്റ്റേഷനില്‍ പരാതിയുമായി വരുന്നവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് താന്‍ അധികാരത്തില്‍ വന്നതിന് ശേഷം സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അഭ്യന്തര, വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണകൂടത്തിന്റെ ഇച്ഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലേക്ക് കൊണ്ടു വരാന്‍ ജനമൈത്രി പോലീസ് സംവിധാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എം എസ് പി ജനമൈത്രി കേന്ദ്രം സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സേനയില്‍ സംഭവിക്കുന്ന ചെറിയ പിഴവുകള്‍ ഉയര്‍ത്തി കാട്ടി സേനയെ കുറ്റപ്പെടുത്തുന്ന കാലം മാറണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് കാലമായി മലപ്പുറം എം എസ് പി സേന കാഴ്ചവെക്കുന്ന ജനസേവനകരമായ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച മലപ്പുറത്ത് അപകടത്തില്‍ മരണപ്പെട്ട എം എസ് പിയിലെ ഇര്‍ഷാദിന്റെ കുടുംബത്തിനുള്ള ധന സഹായ വിതരണം മന്ത്രി നിര്‍വഹിച്ചു. കേരള പോലീസിന് ജനകീയ മുഖം നല്‍കുന്നതിന് ജനമൈത്രി പോലീസിനായെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എ ഡി ജി പി ഡോ. ബി സന്ധ്യ പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് എസ് ശശികുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ സംസാരിച്ചു.
വിദ്യാര്‍ഥികളും സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ തിരുവനന്തപുരം ഹൈടെക്‌സെല്‍ അസി.കമാണ്ടന്റ് വിനയകുമാര്‍, ലഹരി ഉപയോഗവും പെരുകുന്ന കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ എക്‌സൈസ് അസി. ലെയ്‌സണ്‍ ഓഫീസര്‍ ടി പി വര്‍ഗീസ് ക്ലാസെടുത്തു.

 

---- facebook comment plugin here -----

Latest