ആവേശത്തിരതല്ലി പയ്യനാട്ടെ കാളപൂട്ട് മത്സരം

Posted on: March 3, 2014 7:24 am | Last updated: March 3, 2014 at 7:24 am

വണ്ടൂര്‍: നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പയ്യനാട് നടന്ന കാളപൂട്ട് മത്സരം ജില്ലയുടെ ഉത്സവമായി. സെക്കന്റുകള്‍ വിധി നിര്‍ണ്ണയിക്കുന്ന കാളപൂട്ട് മത്സരത്തില്‍ മൈക്രോ സെക്കന്റ് വ്യത്യാസത്തിലാണ് ഫലങ്ങള്‍ മാറിമറിഞ്ഞത്.
പയ്യനാട് കുരുണിയന്‍ കുഞ്ഞാപ്പയുടെ കണ്ടത്തില്‍ ഒതുക്കുങ്ങല്‍ കുരുണിയന്‍ മോന്‍ ആണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്.
ജില്ലയിലും അയല്‍ ജില്ലകളില്‍ നിന്നുമായി 45 ജോഡി കന്നുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരം കാണാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരകണക്കിന് കാളപൂട്ട് പ്രേമികളും എത്തിയിരുന്നു.
ആവേശകരമായി മത്സരത്തില്‍ കെവി മുഹമ്മദ് ഹാജി ഐലക്കാടിന്റെ കന്നുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പതിനാല് സെക്കന്റിലാണ് ഇദ്ദേഹത്തിന്റെ ജോഡി കന്നുകള്‍ ഒന്നാം സ്ഥാനത്തെത്തിയത്. സെക്കന്റുകള്‍ വ്യത്യാസത്തിലാണ് രണ്ടും മൂന്നും സ്ഥാനങ്ങളും നിര്‍ഇയിക്കപ്പെട്ടത്.
ഒതുക്കുങ്ങല്‍ കുരുണിയന്‍ മോന്റെ കന്നുകള്‍ രണ്ടാം സ്ഥാനവും പുളിയന്‍പറമ്പ് ചെമ്പന്‍ വീരാന്‍ മൊയ്തീന്‍ ഹാജിയുടെ കന്നുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒളവട്ടൂര്‍ എം എം ബാവ, കുരിക്കള്‍ കുഞ്ഞുഹാജി വാരണാക്കര എന്നിവരുടെ കന്നുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് മഞ്ചേരി നഗരസഭ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി ട്രോഫികള്‍ സമ്മാനിച്ചു. മൂന്ന് സ്‌റ്റോപ്പ് വാച്ചുകള്‍ വെച്ചും കണ്ടത്തിന്റെ മൂന്ന് മൂലയിലും റഫറിമാരെ നിയമിച്ചുമാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനായി സംഘാടകര്‍ പന്ത്രണ്ടിന നിയമാവലികളും തയ്യാറാക്കിയിരുന്നു. കൂടാതെ കാളപൂട്ട് മത്സരം കാളക്കൂറ്റന്മാരുടെ സംഗമവേദികൂടിയായി മാറി. ലക്ഷകണക്കിന് രൂപക്കാണ് പല കന്നുകാലികളുടെ വില്‍പ്പനയും നടന്നത്.