ഇടതും ബി ജെ പിയും പ്രത്യേക വിഭാഗത്തിന്റെ മാത്രം ആളുകളായി പ്രവര്‍ത്തിക്കുന്നു: കുഞ്ഞാലിക്കുട്ടി

Posted on: March 3, 2014 7:23 am | Last updated: March 3, 2014 at 7:23 am
SHARE

മലപ്പുറം: കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബി ജെ പിയും പ്രത്യേക വിഭാഗത്തിന്റെ മാത്രം ആളുകളായിട്ടാണ് പ്രവര്‍്ത്തിക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വെറും വോട്ടു ചെയ്യുന്ന യന്ത്രങ്ങളാക്കി ദലിതരെ ഒതുക്കാനുള്ള ശ്രമമാണ് ഇക്കൂട്ടരെല്ലാം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദളിത് ലീഗ് ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം എന്നും മുസ്‌ലിം ലീഗ് അനുഭാവം പരിഗണിച്ചിട്ടുണ്ട്. ഏവരുടേയും സ്വപ്‌നമായ അയ്യങ്കാളിയുടെ നാമധേയത്തിലുള്ള സര്‍വകലാശാല വളരെ ഗൗരവത്തോടെയാണ് മുസ്‌ലിംലീഗും സര്‍ക്കാറും കാണുന്നത്. മുസ്‌ലിം ലീഗ് എം എല്‍ എമാരായിരുന്ന കെ പി രാമന്‍ മാസ്റ്റര്‍, ചടയന്‍ എന്നിവരുടെ പേരില്‍ ഉചിതമായ സ്മാരകം ഒരുക്കും. രാമന്‍ മാസ്റ്റര്‍ സ്മാരക വിദ്യഭ്യാസ ട്രസ്റ്റും ചടയന്റെ നാമകരണത്തോടെ സര്‍ക്കാര്‍ വെല്‍ഫയര്‍ സ്‌കൂളും ആരംഭിക്കും. ദളിതരുടെ ഉന്നമനത്തിനായി ലീഗ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യുസി രാമന്‍ അധ്യക്ഷ വഹിച്ചു.