സമസ്ത ജില്ലാ പണ്ഡിത കോണ്‍ഫറന്‍സ് മലപ്പുറത്ത്

Posted on: March 3, 2014 7:22 am | Last updated: March 3, 2014 at 7:22 am
SHARE

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ ജില്ലാകമ്മിറ്റിയുടെ കീഴില്‍ ജില്ലാപണ്ഡിത കോണ്‍ഫറന്‍സ് ഈ മാസം 27ന് മലപ്പുറത്ത് നടക്കും.
മഹല്ലുകളെ ബാധിക്കുന്ന ധര്‍മച്യുതിയെ കുറിച്ചും സമൂഹത്തില്‍ ഉടലെടുക്കുന്ന കാലികവിഷയങ്ങളെ കുറിച്ചും അവബോധമുണ്ടാക്കി പുതുസമൂഹത്തോട് സംവദിക്കാന്‍ പര്യാപ്തമായ നിലയില്‍ പണ്ഡിതന്മാരെ സജ്ജീകരിക്കുന്ന ക്ലാസുകളും ചര്‍ച്ചകളും കോണ്‍ഫറന്‍സില്‍ നടക്കും.
വിശ്വാസ രംഗം ചൂഷണം ചെയ്ത വൈറസ് പോലെ പടരുന്ന പുതുനിര്‍മിതികളെ കുറിച്ച് അവബോധം നല്‍കി പാരമ്പര്യ വിശ്വാസാചരങ്ങളില്‍ സമൂഹത്തെ ഉറപ്പിച്ച് നിര്‍ത്താനാവശ്യമായ ആര്‍ജവവും ആവേശവും നല്‍കപ്പെടുന്ന പണ്ഡിത കോണ്‍ഫറന്‍സിന് സമസ്ത കേന്ദ്രമുശാവറ നേതാക്കളും പ്രമുഖ സാദാത്തുക്കളും നേതൃത്വം നല്‍കും. പുതിയ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ ഏഴ് താലൂക്ക് ഘടകങ്ങളിലും പുനഃസംഘടന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജില്ലാമുശാവറ പുനഃസംഘടനയും അന്നേദിവസം നടക്കും.
ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ചര്‍ച്ചയവതരിപ്പിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, തെന്നല അബൂ ഹനീഫല്‍ ഫൈസി, ടി ടി മഹ്മൂദ് ഫൈസി, കൊളത്തൂര്‍ അലവി സഖാഫി, ഇബ്‌റാഹീം ബാഖവി മേല്‍മുറി ചര്‍ച്ചയില്‍ പങ്കെടുത്തു.