Connect with us

Malappuram

സി പി എം പോലീസ് സ്റ്റേഷന്‍ ഉപരോധം വളാഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ

Published

|

Last Updated

വളാഞ്ചേരി: മോഷണകേസില്‍ ആരോപണ വിധേയനായ പ്രതിയെ വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ നിന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഇറക്കികൊണ്ടുപോയിയെന്നാരോപിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്റ്റേഷന്‍ ഉപരോധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സി പി എം ഏരിയ കമ്മിറ്റി അംഗം കെ പി എ സത്താര്‍ (60), കെ ടി ശാരദ (62) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നടത്തിയ കല്ലേറില്‍ പോലീസ് ജീപ്പ് തകര്‍ന്നു.
കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു.
ആശുപത്രിയിലെ സി സി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ആശുപത്രി അധികൃതര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എടയൂര്‍ സ്വദേശിയായ യുവാവിനെ ശനിയാഴ്ച രാത്രി പിടിച്ച് പോലീസിലേല്‍പ്പിച്ചത്. ഇയാളെ പോലീസ് സ്റ്റേഷനില്‍ നിന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നാരോപിച്ച് സ്റ്റേഷനിലെത്തിയ സി പി എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കടക്കുന്ന കവാടം ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ പൊന്നാനി സി ഐ. പി അബ്ദുല്‍മുനീറിനെ സ്റ്റേഷനകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ കൈയേറ്റത്തിന് മുതിര്‍ന്നപ്പോള്‍ പോലീസ് ലാത്തിവീശി സി പി എം പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജില്ലാ പോലീസ് മേധാവി ശശികുമാര്‍, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രാധാകൃഷ്ണന്‍, തിരൂര്‍ ഡി വൈ എസ് പി. കെ എം സൈതാലി, തിരൂര്‍ സി ഐ ആര്‍ റാഫി, പൊന്നാനി സി ഐ അബ്ദുല്‍മുനീര്‍, എസ് ഐ മാരായ രാജ്‌മോഹന്‍, ഹരിദാസന്‍, ഷൈജു മലപ്പുറം ആംഡ് റിസര്‍വ് പോലീസും സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു വരുന്നു.
സി പി എം നേതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് വൈകുന്നേരം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. എ കെ ജി സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പെരിന്തല്‍മണ്ണ റോഡിലെത്തിയപ്പോള്‍ എതിരെ വന്നിരുന്ന പോലീസ് ജീപ്പ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ഇത് ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ ക്യാമറയും കോണ്‍ഗ്രസിന്റെ ബോര്‍ഡുകളും ബാനറുകളും തകര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജീപ്പ് തകര്‍ക്കുമ്പോള്‍ ജീപ്പില്‍ പോലീസ് ഡ്രൈവര്‍ നസീര്‍ മാത്രമേ ഉണ്ടായിരുന്നുവള്ളൂ. ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സി പി എം പ്രവര്‍ത്തകരായ കെ രാമദാസ്, ഏരിയ സെക്രട്ടറി വി കെ രാജീവ്, കെ എം ഫിറോസ്ബാബു, ടി പി രഘുനാഥ്, കെ ടി യാര്‍ അറഫാത്ത് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

Latest