ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലാകാന്‍ സാധ്യത

Posted on: March 3, 2014 6:00 am | Last updated: March 3, 2014 at 12:21 pm
SHARE

AS India Electionsന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തില്‍ ആരംഭിക്കാന്‍ സാധ്യത. ഏപ്രില്‍ ഏഴിനും പത്തിനും ഇടയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പോളിംഗ് ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ആറായി കുറക്കാനുള്ള സാധ്യതയും കമ്മീഷന്‍ ആരായുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2009 ഏപ്രില്‍ പതിനാറ് മുതല്‍ മെയ് പതിമൂന്ന് വരെ അഞ്ച് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്.

ഈ ആഴ്ച മധ്യത്തില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നു മുതല്‍ തന്നെ സര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പെരുമാറ്റച്ചട്ടവും നിലവില്‍ വരും. മധ്യവേനല്‍ ചൂട് പരിഗണിച്ച് തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയോ പെട്ടെന്ന് പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്ന, കഴിഞ്ഞ മാസം നടന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. ജൂണ്‍ ഒന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകുക. മെയ് 31നു തന്നെ പുതിയ സഭ രൂപവത്കരിക്കേണ്ടതുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ആന്ധ്രാപ്രദേശ്, പുതുതായി രൂപവത്കൃതമായ തെലങ്കാന, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കുള്ള അന്തിമ രൂപരേഖ തയ്യാറാക്കി വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന സര്‍ക്കാറുകള്‍, അര്‍ധസൈനിക വിഭാഗങ്ങള്‍, സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഏഴ് ഘട്ടങ്ങളായുള്ള വോട്ടെടുപ്പാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ അത് അപൂര്‍വമായിരിക്കും. നക്‌സല്‍ബാധിത പ്രദേശങ്ങളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിരിക്കും ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. കേരളത്തില്‍ മെയ് ആദ്യ വാരം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഇത്തവണ 81.4 കോടി വോട്ടര്‍മാരാണ് രാജ്യത്താകമാനം സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 9.71 കോടി കോടി പുതിയ വോട്ടര്‍മാരാണ്. വോട്ട് അസാധുവാക്കാതെ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവസരം (നോട്ട) ഉണ്ടെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത.