Connect with us

Kerala

ഖാദി മേഖല മുഖം മിനുക്കുന്നു; അയ്യായിരം പേര്‍ക്ക് തൊഴിലവസരം

Published

|

Last Updated

തിരുവനന്തപുരം: ഖാദി രംഗത്തിന്റെ ആധുനികവത്കരണത്തിനായി സര്‍ക്കാറിന്റെ സമഗ്ര പദ്ധതി വരുന്നു. പുതിയ റെഡിമെയ്ഡ് യൂനിറ്റുകളും വര്‍ക്ക് ഷെഡ്ഡുകളും തുടങ്ങാനാണ് പദ്ധതി. ഇതോടൊപ്പം നിലവിലെ വര്‍ക്ക് ഷെഡ്ഡുകളുടെ അറ്റകുറ്റപ്പണി, തൊഴിലാളികള്‍ക്ക് പരിശീലനം എന്നിവയും ആധുനികവത്കരണത്തിന്റെ ഭാഗമായി നടക്കും. പുതുതായി അയ്യായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഗോപിനാഥന്‍ നായര്‍ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയത്.

പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരും. സ്വയംതൊഴില്‍ അധിഷ്ഠിതമായ ഗ്രാമ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയും കേരളത്തില്‍ ഊര്‍ജിതപ്പെടുത്തും. ചെറുകിട വ്യവസായ മേഖലകള്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കും. ഈ വര്‍ഷം 5,024 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. 8.13 കോടി രൂപയുടെ മാര്‍ജിന്‍ മണി 628 വ്യവസായ യൂനിറ്റുകള്‍ക്ക് നല്‍കും. പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവതീയുവാക്കള്‍ക്ക് അവരുടെ പ്രദേശത്തുതന്നെ തൊഴില്‍ നല്‍കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഖാദി ഗ്രാമ വ്യവസായ മിഷന്റെ വ്യവസ്ഥ പ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് മൂലധന ചെലവിന്റെ ഓരോ ലക്ഷം രൂപ ഒരോ യൂനിറ്റിനും ലഭ്യമാക്കും. എന്നാല്‍, നെഗറ്റീവ് പട്ടികയില്‍ പെടുന്ന വ്യവസായങ്ങള്‍ക്ക് ഇത് ലഭിക്കില്ല.
മത്സ്യമാംസാദികള്‍ അധിഷ്ഠിതമായവ, മദ്യം, ലഹരി പദാര്‍ഥങ്ങള്‍, പുകയില, കള്ളുചെത്ത് തുടങ്ങിയ പദ്ധതിയില്‍ പരിഗണിക്കില്ല. തേയില, കാപ്പി, റബ്ബര്‍ തുടങ്ങിയ കൃഷികളും പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, ജന്തുക്കള്‍ സംബന്ധമായവ, മൃഗസംരക്ഷണം, പന്നി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കൃത്രിമ കോഴിക്കുഞ്ഞ് ഉത്പാദന യന്ത്രങ്ങളുടെയും കൊയ്ത്ത് യന്ത്രങ്ങളുടെയും നിര്‍മാണം, ഇരുപത് മൈക്രോണില്‍ താഴെയുള്ളതോ നിരോധിക്കപ്പെട്ടതോ ആയ പൊളിത്തീന്‍ ബാഗുകള്‍, പുനഃപ്രകൃയയിലൂടെ നിര്‍മിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉപകരണങ്ങളും, പരിസര മലിനീകരണമുണ്ടാക്കുന്ന മറ്റു പദാര്‍ഥങ്ങള്‍, സൈക്കിള്‍ റിക്ഷ ഒഴികെയുള്ള ഗതാഗത വാഹനങ്ങള്‍ എന്നിവ നെഗറ്റീവ് പട്ടികയില്‍ പെടുന്നവയാണ്.