ഉപരിപഠനം കേരളത്തിന് പുറത്താണെങ്കില്‍

Posted on: March 2, 2014 6:00 am | Last updated: March 1, 2014 at 9:46 pm
SHARE

educationകേരളത്തിന് പുറത്തു പോയി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ സമയമാണിത്. ഇന്ത്യയിലെ മികച്ച കേന്ദ്ര സര്‍വകലാശാലകളിലും പ്രീമിയര്‍ സ്ഥാപനങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തയ്യാറെടുക്കാം. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (A M U), ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (J N U), ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS), ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്(TISS), സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റി (SAU), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (IIS) എന്നിവിടങ്ങളിലെ വിവിധ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി
1875ലാണ് ഉത്തര്‍ പ്രദേശിലെ ഒരു കൊച്ചു ഗ്രാമത്തില്‍ അലിഗഢ് ഹൈസ്‌കൂള്‍ സ്ഥാപിതമാകുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സ്‌കൂള്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ആയി ഉയര്‍ന്നു. 1920ല്‍ ഈ കോളജിന് ഇതിന് കേന്ദ്ര സര്‍വകലാശാലാ പദവി ലഭിച്ചു. അങ്ങനെയാണ് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പിറവിയെടുക്കുന്നത്.
സമീപകാല ചരിത്രത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങളെ അഭിസംബോധന ചെയ്തത് ഏറെക്കുറെ അലിഗഢ് യൂനിവേഴ്‌സിറ്റിയാണ്. ന്യൂനപക്ഷ സ്ഥാപനമായി പേരെടുത്ത ശേഷം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വകുപ്പുകളും ഡല്‍ഹിയിയില്‍ നിന്ന് 130 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള അലിഗഢ് ക്യാമ്പസില്‍ ഉയര്‍ന്നു വന്നു. മലപ്പുറത്തും ബംഗാളിലെ മുര്‍ശിദാബാദിലും ബീഹാറിലെ കിഷന്‍ ഗഞ്ചിലും അലിഗഢ് യൂനിവേഴ്‌സിറ്റിക്ക് ക്വാമ്പസുകളുണ്ട്. ലോ, മാനേജ്‌മെന്റ്, ബി എഡ് കോഴ്‌സുകളാണ് മലപ്പുറം ക്യാമ്പസിലുള്ളത്. മുഴുവന്‍ ക്യാമ്പസുകളിലേക്കും ഒരേ പ്രവേശന പരീക്ഷയാണുള്ളത്.
അഗ്രികള്‍ച്ചറല്‍ സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്‌സ്, എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ലോ, ലൈഫ് സയന്‍സ്, മെഡിസിന്‍, മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, തിയോളജി, യൂനാനി മെഡിസിന്‍ എന്നീ 12 ഫാക്കല്‍റ്റികളാണ് അലിഗഢിലുള്ളത്. ഓരോ ഫാക്കല്‍റ്റിക്ക് കീഴിലും നിരവധി ഡിപ്പാര്‍ട്ടുമെന്റുകള്‍ വിവിധ കോഴ്‌സുകള്‍ നല്‍കുന്നു. വിശാലമായ ഹോസ്റ്റല്‍ സൗകര്യവും അലിഗഢ് മെയിന്‍ ക്യാമ്പസിലുണ്ട്.
യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചാണ് അലിഗഢില്‍ പ്രവേശനം ലഭിക്കുക. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. മിക്ക കോഴ്‌സുകളിലേക്കുമുളള അപേക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി സമര്‍പ്പിക്കണം. ചില കോഴ്‌സുകള്‍ക്ക് ജൂണ്‍ വരെ സമയമുണ്ട്. വിശദമായ വിവരങ്ങള്‍www.amucontrollerexams.com എന്ന വെബ്‌സൈറ്റിലുണ്ട്. മര്‍കസില്‍ നിന്ന് സഖാഫി ബിരുദമെടുത്തവര്‍ക്ക് പ്രൊഫഷനല്‍ കോഴ്‌സുകളൊഴികെ മുഴുവന്‍ പി ജി കോഴ്‌സുകളിലേക്കും പ്രവേശനം നേടാം. യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം പ്രിന്റെടുത്ത് പോസ്റ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിനോടൊപ്പം 300 രൂപയുടെ ഡി ഡി ഉണ്ടായിരിക്കണം. Finance Officer, AMU, Aligarh എന്ന പേരില്‍ Aligarhല്‍ മാറാവുന്ന ഡി ഡിയാണ് ഏടുക്കേണ്ടത്. ബി ടെക്, എം ബി ബി എസ്, ബി ഡി എസ് എന്നീ കോഴ്‌സുകളുടെ പ്രവേശന പരീക്ഷ കോഴിക്കോട്ടും ബി എ എല്‍ എല്‍ ബി, എം ബി എ, എം ബി എ (ഐ ബി), ബി എഡ്, പി ജി ഡി ഐ ബി എഫ് എന്നിവ മലപ്പുറത്തും എഴുതാം. ബാക്കി മുഴുവന്‍ കോഴ്‌സുകളുടെയും എന്‍ട്രന്‍സ് അലിഗഢ് മെയിന്‍ ക്യാമ്പസില്‍ എഴുതണം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും അഞ്ചിനുമിടയില്‍ യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കാം: 0571 2700935, 2700906, 9219401936. പ്രവേശന പരീക്ഷാ പേപ്പറുകളുടെ സിലബസ് പരീക്ഷാ കണ്‍ട്രോളറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ജെ എന്‍ യു
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി രാജ്യത്തെ തന്നെ ഏറ്റവും പ്രബുദ്ധമായ ക്യാമ്പസുകളിലൊന്നാണ്. ആയിരം ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ ക്യാമ്പസില്‍ ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നു. സാമൂഹിക, രാഷ്ട്രീയ, അക്കാദമിക മേഖലകളിലെ വിവിധ വിഷയങ്ങളിലുള്ള തുറന്ന ചര്‍ച്ചകളും പോസ്റ്റ് ഡിന്നര്‍ ഡിബേറ്റുകളുമാണ് ജെ എന്‍ യു വിനെ മറ്റു യൂനിവേഴ്‌സിറ്റികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ഏതു സമയത്തും വിദ്യാര്‍ഥികള്‍ക്ക് പഠന വ്യവഹാരവുമായി വളരാനുള്ള സാഹചര്യമാണ് ക്യാമ്പസിലുള്ളത്.
കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 51 നഗരങ്ങളില്‍ പ്രവേശന പരീക്ഷ എഴുതാം. പാസായവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ചില ഗവേഷണ കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സില്ല. കോഴ്‌സുകള്‍ക്ക് നിസ്സാരമായ ഫീ നല്‍കിയാല്‍ മതി. ഉദാഹരണത്തിന് എം എ, എം എസ് സി, എം സി എ പ്രോഗ്രാമുകളുടെ വാര്‍ഷിക ട്യൂഷന്‍ ഫീ 216 രൂപയാണ്.
ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28 ആണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.jnu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ലൈഫ് സയന്‍സ്, പരിസ്ഥിതി പഠനം, കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സ്, ഫിസിക്കല്‍ സയന്‍സ് , ആര്‍ട്‌സ് ആന്‍ഡ് ഇസ്തറ്റിക്‌സ്, കമ്പ്യൂട്ടേഷന്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സ്, ബയോടെക്‌നോളജി, സംസ്‌കൃത പഠനം, മോലിക്യുലര്‍ മെഡിസിന്‍, ലോ ആന്‍ഡ് ഗവേര്‍ണന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ ബി എ ഓണേഴ്‌സ്, എം എസ് സി, എം സി എ, എം എ, എം ഫില്‍, പി എച്ച്ഡി കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്.
ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ്
നേരിട്ട് കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വരുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ പഠന കേന്ദ്രമാണ് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ.് ഈ വര്‍ഷം ഡല്‍ഹി ക്യാമ്പസില്‍ എം ബി ബി എസിന് 72 സീറ്റും മറ്റ് ആറ് AIIMS കളില്‍ ( പാറ്റന, ഭോപ്പാല്‍, ഭൂവനേശ്വര്‍, ജോധ്പൂര്‍, റായ്പൂര്‍, ഋഷികേഷ്) 100 വീതം സീറ്റുകളും ഉള്‍പ്പെടെ മൊത്തം 672 സീറ്റുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 17. മെയ് 16ന് അഡ്മിറ്റ് കാര്‍ഡ് www.aiimsexams.org എന്ന സൈറ്റില്‍. പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്. കേരളത്തില്‍ കൊച്ചിയില്‍ പരീക്ഷാ കേന്ദ്രമുണ്ട്. ജനറല്‍, ഒ ബി സി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീ ആയിരം രൂപ. ഒ ബി സി വിദ്യാര്‍ഥികള്‍ക്ക് 19 സീറ്റ് സംവരണമുണ്ട്. പ്ലസ്ടു സയന്‍സ് 60 ശതമാനത്തോടെ (എസ് സി/ എസ് ടി 50%) പാസായിരിക്കണം.
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് പേരു കേട്ട ഡീംഡ് യൂനിവേഴ്‌സിറ്റിയാണ് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. മുംബൈ, ഹൈദരാബാദ്, തുല്‍ജാപൂര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ ക്യാമ്പസുകളുണ്ട്. ഇന്റഗ്രേറ്റഡ് എം ഫില്‍/ പി എച്ച് ഡി, ഡയരക്ട് പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 30. പ്രവേശന പരീക്ഷ (Research Aptitude Test RAT) ഏപ്രില്‍ 10ന്. പരീക്ഷാഫലം ഏപ്രില്‍ 15ന്. ഇന്റര്‍വ്യൂ ഏപ്രില്‍ 21നും 30നും ഇടയില്‍ നടക്കും. TISS ലെ പി ജി കോഴ്‌സുകളിലേക്കുള്ള (സോഷ്യല്‍ വര്‍ക്ക്) അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി. മാര്‍ച്ച് 15. കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഏപ്രില്‍ ആറിന്. പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് ഏപ്രില്‍ 30ന് യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ക്ലാസുകള്‍ ജൂണ്‍ പത്തിന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tiss.edu.
സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റി
ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര സര്‍വകലാശാലയാണ് സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റി. എട്ട് SAARC രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ യൂനിവേഴ്‌സിറ്റിയില്‍ അപ്ലൈഡ് മാത്തമറ്റിക്‌സ്, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ലീഗല്‍ സ്റ്റഡീസ്, സോഷ്യോളജി എന്നീ വകുപ്പുകളിലെ പി ജി, എം ഫില്‍/ പി എച്ച്ഡി കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി മാര്‍ച്ച് 10. പ്രവേശന പരീക്ഷ ഏപ്രില്‍ ആറിനാണ്. ക്ലാസുകള്‍ ജൂലൈ 28ന് ആരംഭിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sau.ac.in കാണുക.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ ഉപരിപഠന ഗവേഷണങ്ങള്‍ക്ക് പ്രശസ്തമായ സ്ഥാപനമാണ് ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്. റിസര്‍ച്ച് (എം എസ് സി, എന്‍ജിനീയറിംഗ്), സയന്‍സിലെയും എന്‍ജിനീയറിംഗിലെയും ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലെയും പി എച്ച് ഡി, കോഴ്‌സ് പ്രോഗ്രാമുകള്‍ (എം ഇ/ എം ടെക്, എം ഡി എസ്,. എം ജി ടി), ഇന്റഗ്രേറ്റഡ് പി എച്ച് ഡി (ബയോളജിക്കല്‍, ഫിസിക്കല്‍, കെമിക്കല്‍) ജോലിയിലിരിക്കുന്നവര്‍ക്ക് സയന്‍സ്/ എന്‍ജിനീയറിംഗ് പി എച്ച് ഡി നേടാനുള്ള അവസരമൊരുക്കി എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഏതു പ്രോഗ്രാമിനായാലും www. iisc ernet.in/ admissions എന്ന സൈറ്റിലെ നിര്‍ദേശാനുസരണം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീ 600 രൂപ. പട്ടിക, വികലാംഗ വിഭാഗങ്ങള്‍ക്ക് 300 രൂപ. മുഴുവന്‍ കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവുമുണ്ട്. വിലാസം: The Registrar, Indian Institute of Science, Bangalore -560012, ഫോണ്‍: 08022932233.ഇ-മെയില്‍: [email protected] വെബ്‌സൈറ്റ്: www.iisc.ernet.in