Connect with us

Articles

ഉക്രൈന്‍ കളിയുടെ രണ്ടാം പകുതി

Published

|

Last Updated

ഉക്രൈനില്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. റഷ്യയുടെ ശക്തമായ പിന്തുണയുണ്ടായിട്ടും പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് സ്ഥാനഭ്രഷ്ടനായി. അജ്ഞാത കേന്ദ്രത്തിലാണ് അദ്ദേഹം. പുറത്തിറങ്ങിയാല്‍ പിടിച്ച് ജയിലിലിടും. അലക്‌സാണ്ടര്‍ തുര്‍ക്കിനോവാണ് ആക്ടിംഗ് പ്രസിഡന്റ്. യൂറോപ്യന്‍ യൂനിയന്റെ ആജ്ഞാനുവര്‍ത്തി. ഇടക്കാല സര്‍ക്കാറിലെ പ്രധാനമന്ത്രി ആഴ്‌സനി യാത്സെന്‍യുക് ആണ്. ജയിലിലടക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി യൂലിയ തെമോഷെങ്കോയുടെ വിശ്വസ്തനാണ് അദ്ദേഹം. ഓറഞ്ച് വിപ്ലവത്തിന് ശേഷം അധികാരഭ്രഷ്ടയാകുകയും അഴിമതിയാരോപണം ആരോപിച്ച് ജയിലിലടക്കപ്പെടുകയും ചെയ്ത യൂലിയ പുറത്തു വന്നിരിക്കുന്നു. പുതിയ ഭരണകൂടത്തെ തിരശ്ശീലക്ക് പിന്നില്‍ നിന്ന് നയിക്കുന്നത് അവരാണ്. തന്നെ അഴിക്കുള്ളില്‍ ആക്കിയവരോട് എണ്ണി എണ്ണി പകരം ചോദിക്കുമെന്ന് അവര്‍ കീവിലെ സ്വാതന്ത്ര്യ ചത്വരത്തില്‍ ആണയിട്ടത് അക്ഷരംപ്രതി നടപ്പാകുന്ന കാലമാണ് വരാനിരിക്കുന്നത്. യാനുകോവിച്ചിന് ജയില്‍ ഉറപ്പാണ്. അദ്ദേഹത്തിന്റെ കൂട്ടാളികളുടെ സ്ഥിതിയും അതുതന്നെയാകും. വിപരീതങ്ങളുടെ നിറഞ്ഞാട്ടമാണ് ഈ മുന്‍ സോവിയറ്റ് റിപബ്ലിക്കില്‍ നടന്നിട്ടുള്ളത്. ഇവിടെ ഒന്നും ആഭ്യന്തരമായി തീരുമാനിക്കപ്പെടുന്നില്ല. പുറത്ത് നിന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെടുന്നു. പ ുറത്തുള്ളവര്‍ നടപ്പാക്കുന്നു. റഷ്യയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള വടംവലിയാണ് നടന്നത്. ഇത്തവണ റഷ്യ തോറ്റമ്പിയിരിക്കുന്നു. തൊട്ടു മുമ്പത്തെ ഊഴത്തില്‍ മറുഭാഗം എങ്ങനെയാണോ പരാജയം രുചിച്ചത് ; അതുപോലെ. അന്ന് എങ്ങനെയാണോ റഷ്യന്‍ പക്ഷം പ്രതികാരം ചെയ്തത് അതുപോലയുള്ള പ്രതികാരങ്ങള്‍ ഇത്തവണയുമുണ്ടാകും. ജയിലുകള്‍, പീഡനങ്ങള്‍, കുത്തിത്തിരുപ്പുകള്‍ എല്ലാം ആവര്‍ത്തിക്കപ്പെടും. ഉക്രൈന്‍ ജനതയെ കാത്തിരിക്കുന്നത് കൂടുതല്‍ അശാന്തമായ കാലമാണെന്ന് ചുരുക്കം.
ഒരു കരാറിന്റെ പേരിലാണ് വടംവലി തുടങ്ങിയത്. കഴിഞ്ഞ നവംബറിലായിരുന്നു അത്. ഇ യുവുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള കരാര്‍ റദ്ദാക്കാന്‍ യാനുകോവിച്ച് ഉത്തരവിട്ടു. പകരം റഷ്യയില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം സ്വീകരിക്കും. ഇറാന്‍, സിറിയ വിഷയങ്ങളില്‍ നേടിയ മേല്‍ക്കൈയുടെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പോലുള്ള തന്ത്രപ്രധാനമായ രാഷ്ട്രത്തില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കണമെന്ന റഷ്യയുടെ തീരുമാനമാണ് ഇതിലൂടെ നടപ്പായത്. ഉക്രൈനില്‍ റഷ്യയുടെ സ്വാധീനം അതിന്റെ സാസംകാരിക, ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കൊണ്ട് തന്നെ വ്യക്തവും ശക്തവുമാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതൊന്ന് ഉദ്‌ഘോഷിക്കണമെന്ന് വഌദമീര്‍ പുടിന് തോന്നി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം പുടിന്‍ യുഗത്തിലാണ് റഷ്യ ഇത്തരം ഉദ്‌ഘോഷിക്കലുകള്‍ക്ക് മുതിരുന്നത്. എല്ലാ അന്താരാഷ്ട്ര വേദികളിലും ഈ മാറ്റം കാണാവുന്നതാണ്. ഈയടുത്ത കാലത്ത് കളിച്ചിടത്തെല്ലാം വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ “ഹോം ഗ്രൗണ്ടി”ല്‍ സമ്മര്‍ദങ്ങളേതുമില്ലാതെയാണ് റഷ്യ ഇറങ്ങിയത്. പുടിനിസം ഒരിക്കല്‍ കൂടി ജയിച്ചു വരുമെന്ന് അവര്‍ കണക്കു കൂട്ടി. എന്നാല്‍, മറുപക്ഷം വെറുതെ ഇരിക്കാന്‍ തയ്യാറല്ലായിരുന്നു. പ്രക്ഷോഭം ഇളക്കി വിടുകയാണ് യൂറോപ്യന്‍ യൂനിയന്‍ ചെയ്തത്. ആദ്യം ആള്‍ബലം തീരെ കുറവായിരുന്നു. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ശക്തമായ പിന്തുണയും പാര്‍ലിമെന്റിലെ മൃഗീയ ഭൂരിപക്ഷവും യാനുകോവിച്ചിനെ ഉന്‍മത്തനാക്കി. പ്രക്ഷോഭകാരികളെ ക്രൂരമായി ആക്രമിച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. പുടിന്‍ തന്നെയായിരുന്നു ശക്തി സ്രോതസ്സ്. ഇതോടെ യൂറോപ്യന്‍ ചാരന്‍മാര്‍ക്ക് സംഗതി എളുപ്പമായി. ഉക്രൈന്‍ ഭാഷ സംസാരിക്കുന്ന മേഖലയില്‍ നിന്നുള്ളവര്‍ ഇളകിവശായി. പ്രക്ഷോഭത്തിന്റെ സ്വഭാവം മാറി. അവര്‍ പാര്‍ലിമെന്റ് വളഞ്ഞു. ഒടുവില്‍ പ്രസിഡന്റ് വിട്ടുവീഴ്ചക്ക് വഴങ്ങി. പ്രധാനമന്ത്രി അസറോവിനെ പുറത്താക്കാന്‍ തയ്യാറായി. പ്രക്ഷോഭകര്‍ക്ക് മേല്‍ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കുന്ന പൊതു മാപ്പ് ബില്‍ പാസ്സാക്കി. പ്രതിപക്ഷത്തു നിന്നുള്ള നേതാവിന് പ്രധാനമന്ത്രി സ്ഥാനം നല്‍കാമെന്ന് പ്രഖ്യാപിച്ച് ഐക്യ സര്‍ക്കാറിന് കളമൊരുക്കി. എല്ലാ ശാന്തമാകുന്നുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. താത്കാലികമായി പരാജയം സമ്മതിച്ചു കൊടുത്ത് വിക്ടര്‍ യാനുകോവിച്ചിനെ സംരക്ഷിച്ചു നിര്‍ത്തുകയെന്നതായിരുന്നു റഷ്യയുടെ തന്ത്രം.
അന്താരാഷ്ട്രതലത്തില്‍ നിരവധി നീക്കുപോക്കുകള്‍ മുന്നോട്ട് വെച്ച് യൂറോപ്യന്‍ യൂനിയന്റെ കൂടി പിന്തുണയോടെ ഒരു കരാര്‍ രൂപപ്പെടുത്താന്‍ റഷ്യക്ക് സാധിച്ചു. ഇതുപ്രകാരം പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കാനും ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടത്താനും ധാരണയായി. തീര്‍ത്തും അപ്രതീക്ഷിതമായ പതനത്തിലേക്കുള്ള വഴിയൊരുക്കിയാണ് ഇ യു ഈ മധ്യസ്ഥ നാടകത്തിന് തയ്യാറായതെന്ന് ഇന്ന് വ്യക്തമാണ്. യാനുകോവിച്ചും പ്രതിപക്ഷവും ഒപ്പ് വെച്ച കരാറിലെ മഷിയുണങ്ങും മുമ്പ് ഭരണപക്ഷത്തെ നിരവധി പേര്‍ പാര്‍ലിമെന്റില്‍ കൂറുമാറി. യാനുകോവിച്ചിനെ പുറത്താക്കുന്ന പ്രമേയം പുഷ്പം പോലെ പാസ്സായി. പ്രക്ഷോഭ സമയത്ത് നടന്ന മുഴുവന്‍ അതിക്രമങ്ങളും അന്വേഷിക്കാന്‍ സമിതിയെ നിയമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ, റഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ മേഖലയിലേക്ക് യാനുകോവിച്ചിന് പലായനം ചെയ്യേണ്ടി വന്നു.
വഌദമീര്‍ പുടിനേറ്റ കനത്ത പ്രഹരമാണ് ഉക്രൈന്‍ പതനം. അമേരിക്കന്‍ ചേരിക്ക് മേല്‍ ഈയടുത്ത് നേടിയ എല്ലാ വിജയങ്ങളെയും അത് അപ്രസക്തമാക്കുന്നു. സിറിയ അടക്കമുള്ള വിഷയങ്ങളില്‍ റഷ്യ നേടിയെടുത്ത തലയെടുപ്പിനെ പോലും ചോദ്യങ്ങളിലകപ്പെടുത്താന്‍ ഈ പരാജയം കാരണമായേക്കും. തൊട്ടടുത്ത് എന്ത് നടക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും റഷ്യന്‍ ചാരന്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന നാണക്കേടും ഇതിലടങ്ങിയിരിക്കുന്നു. ഈ നാണക്കേടുകളാകെ കഴുകിക്കളയാന്‍ റഷ്യ കൈക്കൊള്ളുന്ന തുടര്‍ നടപടികളാകട്ടെ കൂടുതല്‍ അനര്‍ഥങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഉക്രൈനില്‍ നടന്നത് അട്ടിമറിയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് തുറന്നടിച്ചതിന് പിറകേ ക്രീമിയ ഉപദ്വീപ് പോലുള്ള റഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ക്രീമിയയിലെ പ്രദേശിക പാര്‍ലിമെന്റ് മന്ദിരം ആയുധധാരികള്‍ കീഴടക്കിയിരിക്കുന്നു. മന്ദിരത്തിന് മുകളില്‍ റഷ്യന്‍ ദേശീയ പതാകയാണ് ഇപ്പോള്‍ പറക്കുന്നത്. ക്രീമിയക്ക് കൂടുതല്‍ സ്വയംഭരണാവകാശം സാധ്യമാക്കാന്‍ ഹിതപരിശോധന വേണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഇതൊരു സൂചനയാണ്. ഉക്രൈനില്‍ എങ്ങനെയാണ് റഷ്യ ഇടപെടാന്‍ പോകുന്നതെന്നതിന്റെ സൂചന.
വിഘടനവാദ പ്രവണതകള്‍ക്ക് കൂട്ട് നില്‍ക്കരുതെന്ന് നാറ്റോ നേതൃത്വം റഷ്യയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എല്ലാ കുത്തിത്തിരിപ്പുകള്‍ക്കും നേതൃത്വം നല്‍കിയ യൂറോപ്യന്‍ യൂനിയനും എരിതീയില്‍ എണ്ണയൊഴിക്കരുതെന്ന ഉപദേശവുമായി രംഗത്തുണ്ട്. പിന്നില്‍ നിന്ന് കളിക്കുന്നത് നിര്‍ത്തി ഉക്രൈനില്‍ നേരിട്ട് ഇടപെടണമെന്ന് ഒബാമ ഭരണകൂടത്തോട് അമേരിക്കയിലെ നല്ലൊരു ശതമാനം നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. റഷ്യയെ തുറന്നെതിര്‍ക്കാനില്ലെന്ന നിലപാടിലാണ് യു എസ്. ഉക്രൈന്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കി ജോ ബിഡന്‍ പക്ഷേ പക്ഷപാതിത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രക്ഷോഭ സമയത്ത് യാനുകോവിച്ച് സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര സമിതി അന്വേഷിക്കണമെന്ന ആവശ്യം പുതിയ നേതൃത്വം ഉന്നയിക്കുകയും യൂറോപ്യന്‍ യൂനിയന്‍ അതിനെ പിന്തുണക്കുകയും ചെയ്തതോടെ പ്രശ്‌നം പുതിയ തലത്തിലേക്ക് നീങ്ങുമെന്നാണ് വ്യക്തമാകുന്നത്. അന്താരാഷ്ട്ര വേദികളില്‍ യാനുകോവിച്ചിനെയും സംഘത്തെയും സംരക്ഷിക്കുകയെന്നത് റഷ്യക്ക് വലിയ ബാധ്യതയാകും. ഇക്കാര്യത്തില്‍ ചൈനയുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഇറാന്‍, സിറിയ വിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകളില്‍ അയവ് വരുത്തിയാകും റഷ്യ ഈ സ്ഥിതിവിശേഷത്തെ മറികടക്കുക.
റഷ്യക്ക് ഉക്രൈന്‍ അഭിമാന പ്രശ്‌നമാണ്. സൈനികമായും അതിര്‍ത്തിപരമായും നയതന്ത്രപരമായും സാമ്പത്തികമായും ഗതാഗതം, തുറമുഖം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴും അതിന് വലിയ പ്രാധാന്യമുണ്ട്. റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതകം യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളിലേക്ക് പോകുന്നത് ഉക്രൈന്‍ വഴിയാണ്. മുന്‍ സോവിയറ്റ് റിപബ്ലിക്കുകള്‍ ഒന്നായി യൂറോപ്യന്‍ പക്ഷത്തേക്ക് പോകുന്നതില്‍ മോസ്‌കോ അസ്വസ്ഥവുമാണ്. അതുകൊണ്ടാണ് ഉക്രൈനു ചുറ്റും റഷ്യ സൈനിക സന്നാഹം ശക്തമാക്കുന്നത്. പക്ഷേ, ജോര്‍ജിയയിലെപ്പോലെ നേരിട്ടുള്ള ഒരു ആക്രമണത്തിന് തത്കാലം മുതിരാനിടയില്ല. പകരം റഷ്യന്‍ സ്വാധീന മേഖലയിലെ ജനങ്ങളെ ഇളക്കി വിട്ട് നേട്ടം കൊയ്യാനാകും ശ്രമിക്കുക. ഇന്ധനത്തിന്റെ രാഷ്ട്രീയവും പയറ്റിയേക്കാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്