വ്യാജ അഭിപ്രായ വോട്ടെടുപ്പുകള്‍; നടപടിയെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Posted on: March 1, 2014 11:36 pm | Last updated: March 1, 2014 at 11:36 pm
SHARE

voteന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ നീക്കം. വന്‍തോതില്‍ ഫണ്ട് വാങ്ങി വ്യാജ സര്‍വേകള്‍ നടത്തി തെറ്റായ വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട് പരിശോധിക്കാനാണ് വിവര, പ്രക്ഷേപണ, കോര്‍പ്പറേറ്റ് മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ അജയകുമാര്‍ കത്തെഴുതിയത്.
ചില ഏജന്‍സികളുടെ അഭിപ്രായ സര്‍വേകളുടെ ഫലത്തില്‍ ക്രമക്കേട് വരുത്തുന്നതായി ഒരു ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപറേഷനില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ക്രമക്കേട് നടത്തിയ ഏജന്‍സികളെ നിരോധിക്കുകയും വേണമെന്ന് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ഏജന്‍സികള്‍ പണം വാങ്ങിയാണ് സര്‍വേകളുടെ ഫലത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് ആരോപണം.