Connect with us

National

വധശിക്ഷ: കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ദയാ ഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യാമെന്ന സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പേരുടെ ശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി കുറച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് പുനഃപരിശോധനാ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഇത്തരത്തിലുള്ള സുപ്രധാന വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണെന്നും ഇവിടെ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനക്ക് പുതിയ വ്യാഖ്യാനങ്ങള്‍ വരുന്ന കേസുകള്‍ അഞ്ചംഗ ബഞ്ചാണ് പരിഗണിക്കേണ്ടതെന്നും കേന്ദ്രം വാദിക്കുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ചു വേണം വധശിക്ഷയില്‍ ഇളവ് നല്‍കേണ്ടതെന്ന സുപ്രീം കോടതിയുടെ തന്നെ ഉത്തരവും കേന്ദ്രം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ടാഡ പ്രകാരം ശിക്ഷിക്കപ്പെട്ടതും മറ്റ് കുറ്റകൃത്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹരജിയില്‍ പറയുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍ മാനസിക രോഗിയായി മാറിയാല്‍ അത്തരക്കാരെ തൂക്കിലേറ്റരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Latest