Connect with us

Kerala

സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല; വടകരയില്‍ ഉറച്ച് സോഷ്യലിസ്റ്റ് ജനത

Published

|

Last Updated

കോഴിക്കോട്: ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല. സോഷ്യലിസ്റ്റ് ജനത, മുസ്‌ലിം ലീഗ് കക്ഷികളുമായാണ് കോണ്‍ഗ്രസ് ഇന്നലെ ചര്‍ച്ച നടത്തിയത്. വടകര, വയനാട് മണ്ഡലങ്ങളിലൊന്ന് വേണമെന്ന് യു ഡി എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് കോണ്‍ഗ്രസ് നല്‍കിയതായിരുന്നു. എന്നാല്‍, അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മത്സരിക്കാതെ പിന്മാറുകയായിരുന്നു. ഒരു സീറ്റ് നല്‍കിയാല്‍ അതു വേണ്ട എന്നു രാഷ്ട്രീയത്തില്‍ പറയാറില്ല. തങ്ങള്‍ കഴിഞ്ഞ തവണ അതു വേണ്ടെന്നു വെച്ചു. വടകര, വയനാട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
രാജ്യസഭാ സീറ്റിനെക്കുറിച്ചും ചര്‍ച്ചയുണ്ടായെന്നു വ്യക്തമാക്കിയ വീരേന്ദ്രകുമാര്‍, എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
അതേസമയം, വടകര വേണമെന്ന് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടതായി യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. കൂടുതല്‍ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ വിട്ടു നല്‍കണമെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും തങ്കച്ചന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ അധിക സീറ്റ് ആവശ്യപ്പെടില്ലെന്നും മാറ്റമുണ്ടായാല്‍ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന് രണ്ടാമതൊരു സീറ്റ് നല്‍കിയാല്‍ അധിക സീറ്റ് ആവശ്യപ്പെടുമെന്നും അല്ലെങ്കില്‍ കടുംപിടിത്തമില്ലാതെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുമെന്നുമാണ് ലീഗ് അറിയിച്ചത്.
ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സിറ്റിംഗ് എം പിമാരെ സംബന്ധിച്ചുള്ള എതിര്‍പ്പും ലീഗ് നേതാക്കള്‍ പ്രകടിപ്പിച്ചതായാണ് അറിയുന്നത്. സോഷ്യലിസ്റ്റ് ജനതയുമായി വീരേന്ദ്രകുമാറിന്റെ വീട്ടിലും മുസ്‌ലിം ലീഗുമായി ഗസ്റ്റ് ഹൗസിലുമാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.