സി പി എമ്മുകാര്‍ തടഞ്ഞു; പുതുപ്പാടിയില്‍ സംഘര്‍ഷം

Posted on: March 1, 2014 12:54 pm | Last updated: March 1, 2014 at 12:54 pm
SHARE

താമരശ്ശേരി: പുതുപ്പാടിയില്‍ മണ്ണിട്ട് നികത്തിയ വയലില്‍ വീട് നിര്‍മിക്കാനുള്ള നീക്കം സി പി എം തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ബൈത്തുറഹ്മ പദ്ധതിയില്‍ മുസ്‌ലിം ലീഗ് കൈതപ്പൊയില്‍ യൂനിറ്റ് കമ്മിറ്റി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടലിനിടെയാണ് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്.
പുതുപ്പാടി സ്വദേശി അബൂബക്കറിന് ഇ എം എസ് പദ്ധതി പ്രകാരം ലഭിച്ച ഫണ്ട് ഉപയോഗിച്ച് പുഴങ്കുന്ന് വയലില്‍ വാങ്ങിയ ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനെതിരെ വാര്‍ഡ് മെമ്പര്‍ ശാരദ പുഴങ്കുന്നിന്റെ നേതൃത്വത്തിലാണ് സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചത്.
രാവിലെ മുതല്‍ സി പി എം പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിച്ചതിനെത്തുടര്‍ന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ തറക്കല്ലിടലിനായി എത്തിയ സി മോയിന്‍കുട്ടി എം എല്‍ എ ഉള്‍പ്പെടെയുള്ളവരുമായി സി പി എം പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. പോലീസ് ഇടപെട്ടാണ് തറക്കല്ലിടലിന് സൗകര്യമൊരുക്കിയത്.
അതേ സമയം എം എല്‍ എ തന്നെയും കൂടെയുണ്ടായിരുന്ന സ്ത്രീകളെയും അസഭ്യം പറഞ്ഞതായും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും സി പി എം പ്രതിനിധിയായ ശാരദ പുഴങ്കുന്ന് ആരോപിച്ചു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വില്ലേജോഫീസര്‍ സ്റ്റോപ്പ് മെമ്മോ പതിച്ച സ്ഥലത്ത് യാതൊരു അനുമതിയും കൂടാതെയാണ് വീട് നിര്‍മാണം നടക്കുന്നതെന്നും എം എല്‍ എയുടെ മോശമായ പെരുമാറ്റമാണ് പ്രശ്‌നം വഷളാക്കിയതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കെട്ടിടനിര്‍മാണത്തിന് ഗ്രാമ പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക താത്പര്യമാണ് സി പി എമ്മിന്റെ എതിര്‍പ്പിന് പിന്നിലെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. താമരശ്ശേരി സി ഐ. പി ബിജുരാജ് സ്ഥലത്തെത്തി പ്രവൃത്തി താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. റവന്യൂ രേഖകളില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയ ഈ പ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ അനധികൃതമാണെന്നും ഇതിനെതിരെ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയതാണെന്നും പുതുപ്പാടി വില്ലേജോഫീസര്‍ പറഞ്ഞു.