Connect with us

Kannur

അന്യസംസ്ഥാന തൊഴിലാളികളില്‍ മന്തുരോഗവ്യാപനം കൂടുന്നു

Published

|

Last Updated

കണ്ണൂര്‍: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ മന്തുരോഗ വ്യാപനം വര്‍ധിച്ച് വരുന്നതായി സര്‍വെയില്‍ കണ്ടെത്തി. ജില്ലയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തില്‍ 615 ഓളം മന്തുരോഗികളെയും 16ഓളം രോഗാണുവാഹകരെയാണ് കണ്ടെത്തിയത്. 16 രോഗാണുവാഹകരില്‍ ഒമ്പത് പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. രാത്രികാല രക്തപരിശോധനയിലൂടെയാണ് മൈക്രോ ഫൈലേറിയ വിരകളെ കണ്ടെത്തുന്നത്. അഴീക്കോട്, വളപട്ടണം, ചിറക്കല്‍, തളിപ്പറമ്പ്, ചേലോറ എന്നീ മേഖലകളില്‍ നിന്നുമാണ് രോഗവാഹകരെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മന്തുരോഗവാഹകരുടെ എണ്ണം ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. 2012ല്‍ 28 ഉം 2013ല്‍ 29 ഉം മന്തുരോഗവാഹകരെ കണ്ടെത്തിയിരുന്നുവെങ്കിലും ഈ വര്‍ഷം രോഗവാഹകരുടെ എണ്ണം 16 ആയി കുറഞ്ഞിട്ടുണ്ട്.
സര്‍വെ പ്രകാരം ജില്ലയില്‍ മരുന്ന് കഴിക്കാന്‍ യോഗ്യരായ 23,98,908 പേരാണ് ഉള്ളത്. 2016 ഓടെ മന്തുരോഗ വ്യാപനം തടയുകയെന്ന ഉദ്ദേശത്തോടെ നാളെ മുതല്‍ ഈ മാസം 28 വരെ ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടി സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി ഡി എം ഒ. ഡോ. എം കെ ഷാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമൂഹ ചികിത്സാ പരിപാടിക്കായി 12000 വളണ്ടിയര്‍മാരെയും 1200 സൂപ്പര്‍വൈസര്‍മാരെയും തയ്യാറാക്കിയിട്ടുണ്ട്. ഓരോ 50 വീടുകള്‍ക്കായി ഒരു സന്നദ്ധ പ്രവര്‍ത്തകനെയാണ് നിയോഗിച്ചിട്ടുള്ളത്. രണ്ടിന് ഞായറാഴ്ച രാവിലെ മുതല്‍ ബോധവത്കരണവും പൊതുസ്ഥലങ്ങളില്‍ കൂട്ടായി ഗുളിക കഴിക്കുകയും ചെയ്യും. മൂന്ന് മുതല്‍ നാല് വരെ തീയതികളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ജനകീയ കൂട്ടായ്മയില്‍ ഗുളികകള്‍ കഴിക്കാത്തവര്‍ക്ക് ഗുളിക നല്‍കി കഴിപ്പിക്കും. ആറ്, ഏഴ് തീയതികളില്‍ വിവിധ സ്ഥാപനങ്ങള്‍, കല്യാണ സ്ഥലങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവ കേന്ദ്രീകരിച്ച് ഗുളിക കഴിപ്പിക്കും. 10 മുതല്‍ 15 വരെ തീയതികളില്‍ വിവിധ ആശുപത്രികളിലും ഗുളിക വിതരണം നടത്തും. 17 മുതല്‍ 28 വരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വീടാന്തരം കയറിയിറങ്ങി ഗുളിക കഴിക്കാത്തവരെ പറഞ്ഞ് മനസിലാക്കി ഗുളിക കഴിപ്പിക്കും.
രണ്ട് വയസില്‍ താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും ഗുരുതരമായ രോഗമുള്ളവരുമൊഴികെ എല്ലാവര്‍ക്കും മന്തുരോഗ നിവാകരണ ഗുളികകളായ ഡി ഇ സി, ആല്‍ബെന്‍ഡസോള്‍ എന്നിവ നല്‍കും. പത്രസമ്മേളനത്തില്‍ എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി എസ് സിദ്ധാര്‍ഥന്‍, കെ എന്‍ ചന്ദ്രന്‍, ടി വി അഭയന്‍ പങ്കെടുത്തു.

Latest