Connect with us

Kannur

പച്ചക്കറി ഉത്പാദനത്തില്‍ ജില്ല സ്വയംപര്യാപ്തതയിലേക്ക്‌

Published

|

Last Updated

കണ്ണൂര്‍: ജില്ലയിലെ കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ഇത് പച്ചക്കറിക്കാലം. വെള്ളരിയും മത്തനും കയ്പയും വെണ്ടയുമെല്ലാം പൂവിട്ട കൃഷിയിടങ്ങള്‍ ജില്ലയിലെ നാട്ടിന്‍പുറങ്ങളിലെ ഹരിതാഭമാര്‍ന്ന കാഴ്ചയാവുന്നു. വിഷമുക്ത പച്ചക്കറിയെന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ പച്ചക്കറി കൃഷിയിലേക്ക് നാടൊന്നടങ്കം മാറുന്ന കാഴ്ച കാര്‍ഷികരംഗത്ത് പുതിയ ചരിത്രമാവുകയാണ്. ജലക്ഷാമത്തിന്റെ കാലമായിട്ട് പോലും ഗ്രാമങ്ങളില്‍ ഇക്കുറിയും പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടവരുടെയെണ്ണം ഏറെയാണ്. ജില്ലയില്‍ ചെറുപുഴ, പാട്യം, ആറളം, ഉളിക്കല്‍, മാങ്ങാട്ടിടം, അഞ്ചരക്കണ്ടി, കുറ്റിയാട്ടൂര്‍, ചെമ്പിലോട്, ചെറുകുന്ന്, ഏഴോം, പിണറായി, പട്ടുവം, മാട്ടൂല്‍, എടക്കാട്, ധര്‍മ്മടം തുടങ്ങിയ പഞ്ചായത്തുകളിലും തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ നഗരസഭാ പരിധിയിലുമെല്ലാം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പച്ചക്കറി കൃഷി ഇത്തവണയുണ്ടായത് കാര്‍ഷികരംഗത്തെ ജില്ലയുടെ മികവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്.
കുടുംബശ്രീക്കാര്‍ക്ക് പുറമെ സര്‍ക്കാര്‍ ജീവനക്കാരും കൂലിപ്പണിക്കാരുമെല്ലാം സ്വന്തം വീട്ടുവളപ്പില്‍ പച്ചക്കറി നട്ട് വിളയിക്കുന്നത് ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ചുവെന്നതിന് തെളിവായി മാറുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കീടനാശിനി തളിച്ച പച്ചക്കറികള്‍ക്ക് പകരം സ്വന്തം മണ്ണില്‍ വിളഞ്ഞ മത്തനും വഴുതിനയും കയ്പയുമെല്ലാമാണ് ഏറ്റവും ഉത്തമമെന്നുള്ള തിരിച്ചറിവാണ് ഈ മേഖലയിലേക്ക് കൂടുതലാളുകളെ കൊണ്ടെത്തിച്ചത്. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ പോലും ആളുകള്‍ കൃഷി നടത്തുന്നത് കാര്‍ഷികമേഖലക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് കൃഷി ആരംഭിക്കുന്നത്. ഇത് മൂന്നു മാസത്തോളം നീളും. വെണ്ട, പടവലം, വഴുതിന, നരമ്പന്‍, വെള്ളരി, പാവയ്ക്ക, കക്കിരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളില്‍ കരുതിവെച്ച വിത്തുകളും, കൃഷി ഭവനുകളില്‍ നിന്നും ലഭിക്കുന്ന വിത്തുകളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. സ്വന്തം ആവശ്യത്തിനും, വില്‍പനക്കായും കൃഷി ഇറക്കിയവരെ പാടങ്ങളില്‍ കാണാം. കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി നടക്കുന്നത്. പാടങ്ങള്‍ പാട്ടത്തിനെടുത്തും അല്ലാതെയും കൃഷി ഇറക്കിയവരുണ്ട്. പച്ചക്കറികള്‍ക്കുള്ള ജൈവ വളപ്രയോഗം അടുത്ത നെല്‍ കൃഷിക്ക് ഗുണം ചെയ്യും എന്നതിനാലാണ് പലരും വയലുകള്‍ കൃഷിക്കായി വിട്ടുനല്‍കുന്നത്. രാവിലെയും വൈകുന്നേരവുമാണ് ജലസേചനം നടത്തുന്നത്. കുളങ്ങളോ, പ്രത്യേകം തയ്യാറാക്കുന്ന കൂവലുകളോ ആണ് ജലസേചന മാര്‍ഗങ്ങള്‍. മറുനാടന്‍ പാടങ്ങളില്‍ മാത്രം വിളഞ്ഞിരുന്ന കാബേജും, കോളിഫ്‌ളവറും ഇത്തവണ വ്യാപകമായി നമ്മുടെ വയലുകളിലും കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക ഉത്പാദനം വര്‍ധിക്കുന്നതിനാല്‍ വിപണിയില്‍ പച്ചക്കറികളുടെ വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ ഈ സമയങ്ങളില്‍ സാധിക്കാറുണ്ട്. രാസവളങ്ങളുടെയും, കീടനാശിനികളുടെയും അമിത ഉപയോഗമില്ലാതെയാണ് പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത് എന്നതിനാല്‍ വിപണിയിലും നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്.

Latest