എരങ്കോല്‍-നെല്ലിക്കര മലവാരങ്ങളില്‍ ആനമതില്‍ നിര്‍മാണം തുടങ്ങി

Posted on: March 1, 2014 8:00 am | Last updated: March 1, 2014 at 8:00 am
SHARE

കാളികാവ്: പുല്ലങ്കോട്- കാളികാവ് മേഖലകളില്‍ വന്‍ കൃഷി നാശമാണ് ഓരോ ദിവസവും കാട്ടാനകള്‍ വരുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയും കാട്ടാനകള്‍ കാളികാവ്, ഉദരംപൊയില്‍ മേഖലയില്‍ ഇറങ്ങി കൃഷി നാശം വരുത്തി.
എരങ്കോല്‍-നെല്ലിക്കര മലവാരങ്ങളില്‍ ആന മതില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. കാട്ടാനകളെ തടയുന്നതിന് വേണ്ടി നിര്‍മിക്കുന്ന മതില്‍ കാരണം പുല്ലങ്കോട് കാളികാവ് മേഖലയിലേക്ക് കാട്ടാനകള്‍ പാലായനം തുടങ്ങി.
നെല്ലിക്കര മലവാരങ്ങളില്‍ നിന്ന് ചേനപ്പാടി വനമേഖലയിലേക്കും ചെങ്കോട് മലവാരങ്ങളിലേക്കും പുല്ലങ്കോട് എസ്‌റ്റേറ്റിലേക്കും പ്രവേശിക്കുന്ന കാട്ടാനകളാണ് നാട്ടില്‍ വ്യാപകമായി നാശം വരുത്തുന്നത്.
പുല്ലങ്കോട് എസ്‌റ്റേറ്റില്‍ വ്യാപകമായി റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചതിന് ശേഷമാണ് ഉദരംപൊയില്‍ കാളികാവ് മേഖലകളിലേക്ക് ഇറങ്ങുന്നത്. ഭക്ഷണവും വെള്ളവും തേടി ഇറങ്ങുന്ന കാട്ടാനകള്‍ മലയോര മേഖലയിലെ പ്രധാന ജല സ്രോദസ്സുകളും നാശമാക്കുന്നു.
പുല്ലങ്കോട് എസ്‌റ്റേറ്റില്‍ 2010 റീപ്ലാന്റിംഗ് ഏരിയയിലാണ് കാട്ടാനകള്‍ വന്‍തോതില്‍ നാശം വരുത്തിയിട്ടുള്ളത്. നൂറ് കണക്കിന് റബ്ബര്‍ തൈകാളാണ് ഏതാനും ദിവസംകൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയും എസ്റ്റേറ്റിലും ഉദരംപൊയിലും മേലേകാളികാവിലും അടക്കാക്കുണ്ടിലും കാട്ടാനകള്‍ കൃഷി നാശം വരുത്തി. നിരവധി ആളുകളുടെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ നാശം വരുത്തിയിട്ടുണ്ട്.
റബര്‍, കമുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് കാട്ടാനകള്‍ നശിപ്പിച്ചിട്ടുള്ളത്. എസ്റ്റേറ്റിന് മുകള്‍ ഭാഗത്തെ പുല്ലങ്കോട് മലവാരത്തില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. ഇവിടെ നിന്നാണ് ഇരുട്ട് വീഴുന്നതോടെ കാട്ടാനകള്‍ പുറത്തേക്കിറങ്ങുന്നത്.
ചേനപ്പാടി, ചെങ്കോട് മലവാരങ്ങളേക്ക് ആനമതില്‍ നീട്ടണമെന്നാണ് കര്‍ഷകരുടേയും നാട്ടുകാരുടേയും ആവശ്യം.