Connect with us

Editorial

ഒളിച്ചുകളി പരിഹാരമല്ല

Published

|

Last Updated

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചതെന്താണ്? പരിസ്ഥിതിലോല പ്രദേശങ്ങളായി കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയ 123 ഗ്രാമങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം, ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും സംരക്ഷിത മേഖലയില്‍ നിന്നൊഴിവാക്കല്‍ തുടങ്ങി കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയതായും ഇതുസംബന്ധിച്ചു രണ്ട് ദിവസത്തിനകം തന്നെ വിജ്ഞാപനം ഇറങ്ങുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം ഇതിന് കടകവിരുദ്ധമാണ്. 123 വില്ലേജുകള്‍ പുനര്‍നിര്‍ണയിക്കുന്ന കാര്യം പ്രായോഗികമല്ല. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനുമാകില്ല. രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും വീരപ്പ മൊയ്‌ലി മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയുമുണ്ടായി.
ആരെ വിശ്വസിക്കണം? സംസ്ഥാന സര്‍ക്കാറിനെയോ, കേന്ദ്ര മന്ത്രാലയത്തെയോ? പ്രശ്‌നത്തില്‍ മലയോര നിവാസികളെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഭരണകൂടങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളും കേന്ദ്ര ഹരിത െ്രെടബ്യൂണലിന്റെ പരിഗണനയിലാണ്. കോടതിയലക്ഷ്യമാകുമെന്നതിനാല്‍ അക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കാനാകില്ല. കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കിയാല്‍ മറ്റു സംസ്ഥാനങ്ങളും വിവിധ ആവശ്യങ്ങളുമായി രംഗത്തെത്തും. ഈ സാഹചര്യത്തില്‍ നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം അതേപടി നിലനര്‍ത്തി, അതിലെന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അത് നീക്കാന്‍ മാത്രമേ കേന്ദ്രത്തിനാകൂ. നേരേചൊവ്വേ ഇതങ്ങു പറഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലയോര നിവാസികള്‍ യു ഡി എഫിനെതിരെ രംഗത്ത് വന്നേക്കുമെന്ന ആശങ്കയില്‍, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രശ്‌നത്തില്‍ അവ്യക്തത നിലനിര്‍ത്താനുള്ള കളികളാണിപ്പോള്‍ നടക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ചു ഏതാണ്ട് കേരളത്തിന്റെ മുന്നിലൊരു ഭാഗത്ത് കാര്‍ഷിക വൃത്തിക്കും ഖനനത്തിനും കെട്ടിട നിര്‍മാണങ്ങള്‍ക്കും നിയന്ത്രണം വരും. ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഇതെത്രത്തോളം പ്രായോഗികമാണ്? മനുഷ്യര്‍ക്കാണോ, പരിസ്ഥിതിക്കാണോ കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നതാണി വിടെ പ്രശ്‌നം. ആവാസ വ്യവസ്ഥയെ പരമാവധി സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള നിലപാടാണ് രൂപപ്പെടേണ്ടത്. പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതു തന്നെ. ആവാസ വ്യവസ്ഥയുടെ സംരക്ഷണം ഭൂമിയുടെയും മനുഷ്യകുലത്തിന്റെയും നിലനില്‍പ്പിനാവശ്യമാണ്. ഇതോടൊപ്പം ലക്ഷക്കണക്കിന് അധ്വാനശീലരായ മനുഷ്യരുടെ വികാരങ്ങള്‍ മാനിക്കാനും ആശങ്കകള്‍ അകറ്റാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. നെല്ല്, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷികള്‍ക്ക് അനുയോജ്യമാണ് ഫലഭൂയിഷ്ഠമായ കേരളത്തിന്റെ മണ്ണും നദീതാഴ്‌വരകളും കായലുകളും. ഇവ വേണ്ട വിധം ഉപയോഗപ്പെടുത്തി ചോര നീരാക്കി കര്‍ഷകര്‍ മണ്ണിനെ ഹരിതസമൃദ്ധിയിലേക്ക് നയിച്ചതുകൊണ്ടാണ് കേരളത്തിന് ഇന്ന് കാണുന്ന വളര്‍ച്ചയും പുരോഗതിയും കൈവന്നത്. ഈ ജനവിഭാഗത്തിന് കാട്ടുകുരങ്ങിന്റെ പരിഗണന പോലും നല്‍കാനാകില്ലെന്ന്, പാടങ്ങള്‍ നികത്തി പടുത്തുയര്‍ത്തിയ ചില്ലുമേടകളിലിരുന്ന് പരിസ്ഥിതിവാദികള്‍ പറയുമ്പോള്‍ അതെങ്ങനെ വകവെച്ചു കൊടുക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന കരട് വിജ്ഞാപനത്തിലെ വിശദാംശങ്ങള്‍ മാര്‍ച്ച് 24നകം അറിയിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാറിന് അന്തിമ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രസ്തുത നിര്‍ദേശങ്ങളില്‍ കേരളത്തിന്റെ താത്പര്യങ്ങളും ആവശ്യങ്ങളും പ്രതിഫലിക്കുമെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളാണ് ഇനി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. കസ്തൂരിരംഗന്‍ ചൂണ്ടിക്കാണിച്ച 123 വില്ലേജുകളില്‍ 18 എണ്ണം മാത്രമാണ് പിരിസ്ഥിതിലോലമെന്നും അവശേഷിച്ച 105 എണ്ണം ആവാസ മേഖലയിലായതിനാല്‍ അവയെ നിയന്ത്രണങ്ങളില്‍ നിന്നു ഒഴിവാക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാനിടയില്ലെങ്കിലും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പരിസ്ഥിതിക്ക് സാരമായ ആഘാതമേല്‍പ്പിക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ കേരളം ശക്തമായി തുടരേണ്ടതുണ്ട്.