Connect with us

National

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ പാര്‍ലിമെന്റ് തീരുമാനിച്ചതിനെ തുടര്‍ന്ന് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി കഴിഞ്ഞയാഴ്ച രാജി വെച്ചിരുന്നു. അടുത്ത ജൂണ്‍ രണ്ട് വരെ കാലാവധിയുള്ള ആന്ധ്രാ പ്രദേശ് നിയമസഭ മരവിപ്പിച്ച് നിര്‍ത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
സീമാന്ധ്ര മേഖലക്കുള്ള പ്രത്യേക പാക്കേജുകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്. ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ തെലങ്കാനയിലെ ഹൈദരാബാദിലാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭയുടെ തീരുമാനം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മതിക്കുന്നതോടെ ഡല്‍ഹിക്ക് ശേഷം രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും ആന്ധ്ര. കഴിഞ്ഞ 19ന് കിരണ്‍ റെഡ്ഢി രാജിവെച്ചതോടെ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ ശിപാര്‍ശ ചെയ്തിരുന്നു.
15 കോടി രൂപ ചെലവില്‍ കഡപ്പ, ഗുണ്ടൂര്‍, ഈസ്റ്റ് ഗോദാവരി എന്നീ ജില്ലകളിലാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ നിര്‍മിക്കുകയെന്ന് ഗ്രാമവികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. ഹൈദരാബാദില്‍ നിര്‍മിക്കാനുദ്ദേശിച്ച ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സീമാന്ധ്രയിലെ കേന്ദ്ര മന്ത്രിമാരുടെ സമ്മര്‍ദ ഫലമായാണ് വിജയവാഡക്ക് ലഭിച്ചത്. ആന്ധ്രാ വിഭജന ബില്‍ രാഷ്ട്രപതി അംഗീകരിച്ച ശേഷമേ തലസ്ഥാനം തിരഞ്ഞെടുക്കുകയുള്ളൂ. സീമാന്ധ്രയിലെ നഗരങ്ങളില്‍ സന്ദര്‍ശിച്ച് പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിന് കമ്മിറ്റി രൂപവത്കരിക്കും. ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.