Connect with us

Ongoing News

ലോറെയ്‌സ് മികച്ച പുരുഷ താരം: ക്രിസ്റ്റ്യാനോയും വെറ്റലും ബോള്‍ട്ടും രംഗത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി: കായിക ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറെയ്‌സ് സ്‌പോര്‍ട്‌സ് അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഏഴ് വിഭാഗങ്ങളിലായി 46 പേര്‍ക്കാണ് നാമനിര്‍ദേശം. മാര്‍ച്ച് 26ന് ക്വാലലംപുരില്‍ ജേതാക്കള്‍ക്ക് ലോറെയ്‌സ് സമ്മാനിക്കും.
പോയ വര്‍ഷത്തെ മികച്ച പുരുഷ കായിക താരമാകാന്‍ ആറ് പേര്‍ രംഗത്തുണ്ട്. ലോക ഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കിയ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എഫ് വണ്‍ റേസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന ജര്‍മനിയുടെ സെബാസ്റ്റ്യന്‍ വെറ്റലും ഒന്നാം റാങ്ക് തിരിച്ചുപിടിച്ച സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ എന്നിവര്‍ വലിയ സാധ്യതകളോടെ മത്സരിക്കുന്നു. ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ബോള്‍ട്ടും ബ്രിട്ടന്റെ മോ ഫറയും അത്‌ലറ്റിക്‌സ് പ്രതിനിധികളായി വരുമ്പോള്‍ ബാസ്‌കറ്റ് ബോളില്‍ നിന്ന് അമേരിക്കയുടെ ലെബ്രോന്‍ ജെയിംസും മികച്ച താരത്തിനുള്ള നാമനിര്‍ദേശം നേടിയിട്ടുണ്ട്.
സെറീന വില്യംസ് (ടെന്നീസ്), മിസി ഫ്രാങ്ക്‌ലിന്‍ (നീന്തല്‍), നദിന്‍ ഏംഗറര്‍ (ഫുട്‌ബോള്‍), ഷെല്ലി ആന്‍ ഫ്രേസര്‍ (അത്‌ലറ്റിക്‌സ്), ഇസിന്‍ബയേവ (അത്‌ലറ്റിക്‌സ്), ടിന മാസെ (സ്‌കീയിംഗ്) എന്നിവര്‍ക്ക് മികച്ച വനിതാ താരത്തിനുള്ള നാമനിര്‍ദേശം ലഭിച്ചു.
മികച്ച ടീമിനുള്ള പുരസ്‌കാരത്തിന് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കും ബ്രസീലിന്റെ ദേശീയ ഫുട്‌ബോള്‍ ടീമും രംഗത്തുണ്ട്. കായിക രംഗത്തെ ഞെട്ടിച്ചവര്‍ക്കുള്ള ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍പന്തിയില്‍ നില്‍ക്കുന്നു. അഫ്ഗാനിസ്ഥാന്‍ നടാടെ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
മികച്ച തിരിച്ചുവരവിന് ടെന്നീസ് താരം റാഫേല്‍ നദാലും ബ്രസീലിന്റെ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോയും റഷ്യന്‍ പോള്‍വാള്‍ട്ടര്‍ ഇസിന്‍ബയേവയും ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സും രംഗത്തുണ്ട്.

---- facebook comment plugin here -----

Latest