Connect with us

Articles

എന്നിട്ടും നമ്മുടെ സര്‍വകലാശാലകള്‍!

Published

|

Last Updated

സംസ്ഥാനത്തിന്റെ വാര്‍ഷിക നികുതി വരുമാനത്തിന്റെ 60 ശതമാനവും ചെലവഴിച്ചിട്ടും സംസ്ഥാന വിദ്യാഭ്യാസ മേഖലക്ക് വേണ്ടത്ര ഗുണനിലവാരം പുലര്‍ത്താനാകുന്നില്ലെന്നാണ് വസ്തുത. പ്രാഥമിക, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സ്വകാര്യ മേഖല മറികടക്കുന്നതിനാല്‍ ഈ മേഖല സജീവമാണെങ്കിലും ഇവയുടെ നിലവാരം അളക്കുന്നതിനുള്ള സംവിധാനമൊന്നും നിലവിലില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ സ്ഥാനം രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ നിന്ന് ബിരുദമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം ശതമാനം ദേശീയ ശരാശരിയുടെ തൊട്ടുമുകളില്‍ വരുമെങ്കിലും ഓരോ ജില്ലകള്‍ വേര്‍തിരിച്ച് കണക്കെടുക്കുമ്പോള്‍ ഇതിലൈ യാതാര്‍ഥ്യം വ്യക്തമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ദേശീയ ശരാശരി 19 ശതമാനവും കേരളത്തിന്റെത് 21 ശതമാനവുമാണ്. എന്നാല്‍ കേരളത്തിലെ ചില ജില്ലകളില്‍ ഇത് എട്ട് ശതമാനത്തിലും താഴെയാണ്. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും മലയോര മേകലകളായ വയനാട്, ഇടുക്കി ജില്ലകളിലും ശരാശരി ഏഴ് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് വ്യക്തമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും വിവിധ മേഖലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ സാന്നിധ്യം വ്യക്തമാകും. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം എന്‍ജിനീയറിംഗ് മേഖലയില്‍ 20 ശതമാനം മാത്രമാണ് നിലവാരം പുലര്‍ത്തുന്നത്.

അതേസമയം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഈ മേഖലയിലെ സ്വകാര്യവത്കരണവും സ്വയംഭരണാവകാശവുമെല്ലം ഇതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന ആശങ്കകള്‍ നിനില്‍ക്കുകയാണ്.

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ മുഖ്യ പങ്കും കവര്‍ന്നെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ പ്രധാന വിഭാഗമായ സര്‍വകലാശാലകള്‍ നിലവാരത്തിലും പ്രവര്‍ത്തന ക്ഷമതയിലും ഏറെ പിന്നിലാണെന്നാണ് കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സര്‍വകലാശാല ഭരണാധികാരികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളും സര്‍വകലാശാലകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതകളാണ് വരുത്തിവെച്ചിരിക്കുന്നത്. സര്‍വകലാശാലകളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് കാര്യമായ നീക്കങ്ങളന്നും നടത്തുന്നില്ലെന്നാണ് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി വിലയിരുത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ദേശീയ- അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് വിവിധ വിഭാഗങ്ങളില്‍ ആവശ്യമായ പുതിയ കേഴ്‌സുകള്‍ തിരഞ്ഞെടുത്ത് ഉള്‍പ്പെടുത്തുന്നതിന് പകരം കാര്യമായ പ്രയോജനമൊന്നുമില്ലാത്ത പാരമ്പര്യ കോഴ്‌സുകള്‍ വഴിപാട് പോലെ നടത്തിവരികയാണെന്നും കമ്മിറ്റി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
സാമ്പത്തിക ബാധ്യതകള്‍ പരിഗണിക്കാതെയുള്ള സര്‍വകലാശാലകളുടെ നടപടികളാണ് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മിക്ക സര്‍വകലാശാലകളും പുതിയ സ്ഥാപനങ്ങളും പ്രോജക്ടുകള്‍ക്കും കോഴ്‌സുകള്‍ക്കും ഭരണാനുമതി വാങ്ങുന്നതിന് മുമ്പ്, നിലവില്‍ ഇത്തരം സ്ഥാപനങ്ങളുടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ ധനസ്ഥിതിയും ഭാവിയിലുണ്ടാകാവുന്ന ബാധ്യതകളും വിഭവ ലഭ്യതകളും പരിഗണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇ-ഗവേണന്‍സ് നടപ്പിലാക്കിയ മിക്ക വിഭാഗങ്ങളിലും അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടില്ല. ഇതേസമയം തന്നെ സര്‍വകലാശാലകളില്‍ പല വിഭാഗങ്ങളിലും 30 മുതല്‍ 50 ശതമാനം വരെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അധ്യാപനത്തിനും ഗവേഷണത്തിനും ആവശ്യമായ ലൈബ്രറി, ലബോറട്ടറി, ക്ലാസ് മുറികള്‍, സെമിനാറുകളും പ്രോഗ്രാമുകളും നടത്താനുള്ള സൗകര്യം എന്നിവയുടെ അപര്യാപ്തതയും അക്കാദമിക് നിലവാരത്തെ പിന്നോട്ടടിപ്പിക്കുകയാണ്. ഇതാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് പ്രധാനകാരണമായി റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇത്തരം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണമില്ലെന്നാണ് ഇതിന് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ മിക്ക സര്‍വകലാശാകളിലും നവീകരണത്തിന്റെയും ഭരണപരമായ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ വന്‍ ധൂര്‍ത്ത് നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നു. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളാ കാര്‍ഷിക സര്‍വകലാശാല ഇതിന് മികച്ച ഉദാഹരണമാണ്. ഇതര സര്‍വകലാശാലകളില്‍ അധ്യാപകരുടെ കുറവ് അക്കാദമിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപകരെ അധ്യാപകേതര ജോലികള്‍ക്കാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടെ ആകെയുള്ള 1,368 വിദ്യാര്‍ഥികള്‍ക്കായുള്ളത് 544 അധ്യാപകരാണ്. ഇവരില്‍ അധികവും റിസര്‍ച്ച് സ്റ്റേഷനുകളുടെയും വിത്ത് ഉത്പാദന കേന്ദ്രങ്ങളുടെയും ചുമതലയുള്ളവരാണ്. ചുരുക്കത്തില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ യു ജി സി സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന അധ്യാപകരുടെ ജോലി ചെടിക്ക് വെള്ളമൊഴിക്കലും വളമിടലുമാണ്.!

ഇതോടൊപ്പം കോളജുകളില്‍ അധ്യാപക ക്ഷാമം അനുഭവപ്പെടുമ്പോള്‍ യു ജി സി നിരക്കില്‍ ശമ്പളം വാങ്ങുന്ന ഒട്ടേറെ അധ്യാപകര്‍ പോളിടെക്‌നിക്കുകളില്‍ അധ്യാപനം നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ജീവനക്കാരുടെ എണ്ണം കുറക്കുക, ഇ-ഗവേണന്‍സ് സമ്പൂര്‍ണമായി നടപ്പിലാക്കുക, ഭരണവും പരീക്ഷ നടത്തിപ്പും ആധുനികവത്കരിക്കുക, ചിലവിഭാഗങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നത് മാറ്റി പുറം കരാര്‍ നല്‍കുക, കാലഹരണപ്പെട്ടതും ഡിമാന്റ് കുറഞ്ഞതുമായ കോഴ്‌സുകള്‍ നിര്‍ത്തുക തുടങ്ങിയ ചെലവ് ചുരുക്കല്‍ പരിപാടികള്‍ ആവിഷ്‌കരിക്കുകയും പകരം അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്താല്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കാന്‍ അധികൃതര്‍ക്ക് താത്പര്യമില്ലെന്നാണ് നിലവിലെ അവസ്ഥകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കീഴില്‍ നടക്കുന്ന ശ്രമങ്ങളെ കാണാതിരുന്നു കൂടാ. കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി പി ശ്രീനിവാസന്‍, മെമ്പര്‍ സെക്രട്ടറി ഡോ. പി അന്‍വര്‍, എം ജി സര്‍വകലാശാല പ്രൊ. വൈസ്ചാന്‍സലര്‍ കൂടിയായ അഡൈ്വസറി കൗണ്‍സില്‍ അംഗം ഡോ. ഷീന ഷുക്കൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്തുന്നതിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും പ്രതീക്ഷാര്‍ഹവുമാണ്.

kaistnr@gmail.com

ബ്യൂറോ ചീഫ്, തിരുവനന്തപുരം