ജദഫ്, ക്രീക്ക് സ്റ്റേഷനുകള്‍ ശനിയാഴ്ച തുറക്കും

Posted on: February 27, 2014 6:19 pm | Last updated: February 27, 2014 at 6:19 pm
ddd
ജദഫ് മെട്രോ സ്റ്റേഷന്‍

ദുബൈ: ദുബൈ മെട്രോ പച്ചപ്പാതയിലെ ജദഫ്, ക്രീക്ക് സ്റ്റേഷനുകളുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് (ശനി) നടത്തുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.

പച്ചപ്പാതയിലെ ഹെല്‍ത്ത് കെയര്‍ സിറ്റി സ്റ്റേഷന്‍ കഴിഞ്ഞുള്ളവയാണ് ജദഫും ക്രീക്കും. കള്‍ച്ചര്‍ വില്ലേജ്, സമാ അല്‍ ജദഫ് എന്നിവയുടെ നിര്‍മാണം ഈ ഭാഗങ്ങളില്‍ നടന്നു വരുന്നതിനാല്‍ ധാരാളം യാത്രക്കാരുണ്ടാകും മാത്രമല്ല, ക്രീക്ക് സ്റ്റേഷനില്‍ നിന്ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് ജല ഗതാഗത സംവിധാനമുണ്ട്.
ജദഫ് സ്റ്റേഷന് സമീപമാണ് അല്‍ വാസല്‍ ക്ലബ്ബ്. ക്രീക്ക്, ജദഫ് സ്റ്റേഷനുകളില്‍ നിന്ന് ഫീഡര്‍ ബസുകളും ഉണ്ടാകും. ജദഫില്‍ നിന്ന് 2100 ഉം ക്രീക്കില്‍ നിന്ന് 1400ഉം യാത്രക്കാര്‍ ദിവസവും പ്രതീക്ഷിക്കുന്നു. വന്‍കിടപദ്ധതികള്‍ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. പരിശോധനാ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടിടങ്ങളിലായി 16 ജീവനക്കാരെ നിയമിച്ചു. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തറനിരപ്പില്‍ നിന്ന് ഉയരത്തിലുള്ള സ്റ്റേഷനുകളാണിവ. ഓരോ സ്‌റ്റേഷനും 132 മീറ്റര്‍ നീളവും 29 മീറ്റര്‍ വീതിയും ഉണ്ടെന്നും മത്തര്‍ അല്‍ തായര്‍ അറിയിച്ചു.