നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു

Posted on: February 26, 2014 7:14 pm | Last updated: February 27, 2014 at 7:49 am

d k joshyന്യൂഡല്‍ഹി: നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു. രാജി പ്രതിരോധമന്ത്രാലയം സ്വീകരിച്ചു. മുങ്ങിക്കപ്പല്‍ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് രാജി.

ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സുരക്ഷാവീഴ്ച്ചയുടെ പേരില്‍ സേനാമേധാവി രാജിവെക്കുന്നത്. ഐഎന്‍എസ് സിന്ദുരത്‌നയില്‍ രാവിലെ പുക പടര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. തലകറക്കം അനുഭവപ്പെട്ട കപ്പലിലുണ്ടായിരുന്ന നാല് നാവികരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുംബൈ തീരത്തിനടുത്ത് വെച്ചാണ് അപകടം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി മുംബൈ തീരത്ത് നിന്നും അമ്പത് കിലോമീറ്ററോളം അകലെ എത്തിച്ചപ്പോഴാണ് കപ്പലില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. പരീക്ഷണഘട്ടത്തിലായതിനാല്‍ കപ്പലില്‍ ആയുധങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥരും കപ്പലിലുണ്ടായിരുന്നു.പുക ശ്വസിച്ച് ബോധരഹിതരായ നാവികരെ മുംബൈയിലെ നാവികസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നാവിക സേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ദുരക്ഷകില്‍ സ്‌ഫോടനം ഉണ്ടായി 18 സൈനികര്‍ മരിച്ചിരുന്നു.