Connect with us

International

ക്രിമിനല്‍ കോടതി ഇടപെടണം

Published

|

Last Updated

കീവ്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ നാടകീയമായ അട്ടിമറിയിലൂടെ അധികാരം നഷ്ടമായ ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം നടത്തണമെന്ന് ഉക്രൈന്‍ പാര്‍ലിമെന്റ് ആവശ്യപ്പെട്ടു. കലാപകാരികളായ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ പോലീസും സൈന്യവും സ്വീകരിച്ച നടപടിയെ ക്രൂരമായ ക്രിമിനല്‍ കുറ്റമാണെന്നാരോപിച്ച പാര്‍ലിമെന്റ് അംഗങ്ങള്‍, പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നൂറിലധികമാളുകളുടെ മരണത്തിന് പിന്നില്‍ യാനുകോവിച്ചാണെന്നും കുറ്റപ്പെടുത്തി.
പ്രക്ഷോഭകര്‍ക്കെതിരെ സ്വീകരിച്ച നടപടിയെ കുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്നും യാനുക്കോവിച്ച്, മുന്‍ ആഭ്യന്തരമന്ത്രി വിതാലി സക്കര്‍ചെന്‍കോ, മുന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ വിക്ടര്‍ ശ്യോംക എന്നിവരെ വിചാണ ചെയ്യണമെന്നും പാര്‍ലിമെന്റ് വക്താക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, യാനുക്കോവിച്ചിനെ പിന്തുണക്കുന്ന റഷ്യയുടെ എതിര്‍പ്പ് മറികടന്ന് അന്താരാഷ്ട്രതലത്തിലുള്ള നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വ്യക്തികളെ നോക്കിയല്ല കുറ്റങ്ങളുടെ തീവ്രത നോക്കിയാണ് അന്താരാഷ്ട്ര കോടതി ഒരു വിഷയത്തില്‍ ഇടപെടുകയെന്ന് ഐ സി സി വക്താക്കള്‍ അറിയിച്ചു. പ്രക്ഷോഭം ശക്തമായതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയ യാനുകോവിച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാറിനോ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ലഭിച്ചിട്ടില്ല.
അതിനിടെ, യാനുക്കോവിച്ചിനെ പുറത്താക്കിയ ശേഷം അധികാരം പിടിച്ചെടുത്ത പ്രതിപക്ഷ നേതാക്കള്‍, പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയാണ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായുള്ള ചര്‍ച്ച തുടരുമെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഇടക്കാല പ്രസിഡന്റും പാര്‍ലിമെന്റ് സപീക്കറുമായ ഒലെക്‌സെന്‍ഡെര്‍ തുര്‍ചിനോവ് വ്യക്തമാക്കി. ഇന്നലെയാണ് പുതിയ മന്ത്രിസഭക്കുള്ള വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
റഷ്യയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെതിരെ യൂറോപ്യന്‍ യൂനിയനടക്കമുള്ള പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ കഴിഞ്ഞ നവംബര്‍ മൂന്നിന് ആരംഭിച്ച പ്രക്ഷോഭം, തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ തുടരുമെന്നാണ് പ്രക്ഷോഭക നേതൃത്വം പറയുന്നത്.
അതിനിടെ, യാനുക്കോവിച്ചിനെ അനുകൂലിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമാകുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest