Connect with us

National

ജനപ്രതിനിധികള്‍ ആം ആദ്മി

Published

|

Last Updated

ന്യൂഡല്‍ഹി: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരൊഴിച്ചുള്ള ജനപ്രതിനിധികള്‍ക്ക് സഭക്ക് പുറത്ത് പ്രത്യേക അവകാശങ്ങള്‍ ഇല്ലെന്ന് സുപ്രീം കോടതി. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഒഴിച്ചുള്ളവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉള്ളത് സഭക്കകത്ത് മാത്രമാണെന്ന് കോടതി വ്യക്തമാക്കി.
സഭക്ക് പുറത്ത് സാമാജികര്‍ സാധാരണ പൗരന്‍മാര്‍ മാത്രമാണ്. സാധാരണ ജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത ഒരു അവകാശവും സാമാജികര്‍ക്ക് സഭക്ക് പുറത്ത് ലഭ്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സഭക്കകത്ത് ഇവര്‍ക്ക് ചില പദവികള്‍ നല്‍കിയിരിക്കുന്നത് സഭാനടപടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ്. സഭക്ക് പുറത്ത് സാധാരണ ജനങ്ങള്‍ നേരിടുന്ന എല്ലാ നിയമപരമായ നടപടികള്‍ക്കും ജനപ്രതിനിധികള്‍ വിധേയരാകണമെന്നും ചീഫ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും ശിവ കീര്‍ത്തി സിംഗും ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
2007ല്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് മധ്യപ്രദേശ് നിയമസഭയിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തി. തുടര്‍ന്ന് എം എല്‍ എമാര്‍ക്ക് ലോകായുക്ത നോട്ടീസ് നല്‍കി. നോട്ടീസ് തള്ളിക്കളഞ്ഞ നിയമസഭാംഗങ്ങള്‍ അത് അവകാശലംഘനമായി ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ് നിയമസഭ ലോകായുക്തക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
എന്നാല്‍, എം എല്‍ എമാരുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച സുപ്രീം കോടതി ലോകായുക്തക്ക് നിയമനടപടികള്‍ തുടരാമെന്നും വ്യക്തമാക്കി. ലോകായുക്തക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനും സുപ്രീം കോടതി വിധിച്ചു. നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ അവരുടെ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് നിരന്തരം പരാതിയുയരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി വിധി വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. അറസ്റ്റ്, പ്രോസിക്യൂഷന്‍, ചോദ്യം ചെയ്യല്‍ തുടങ്ങിയ നിയമനടപടികളില്‍ നിന്ന് സാമാജികര്‍ക്ക് എത്രമാത്രം പരിരക്ഷയാകാമെന്നത് സംബന്ധിച്ചും പുതിയ ഉത്തരവ് ചോദ്യങ്ങളുയര്‍ത്തും. കൂടുതല്‍ വിശദമായ ഉത്തരവിന് സുപ്രീം കോടതി തന്നെ മുതിരാനും ഇടയുണ്ട്.
ഡല്‍ഹിയില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ആം ആദ്മി പാര്‍ട്ടി, ജനപ്രതിനിധികളുടെ പ്രത്യേക അധികാര പ്രയോഗങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഈ പ്രചാരണം വലിയ ജനശ്രദ്ധ നേടുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റെടുത്തപ്പോള്‍ കാറുകളിലെ ബീക്കണ്‍ ലൈറ്റുകള്‍ ഉപേക്ഷിച്ചും പ്രത്യേക സുരക്ഷ വേണ്ടെന്നു വെച്ചും മന്ത്രിമാരും മുഖ്യമന്ത്രിയും മാതൃക കാട്ടുകയും ചെയ്തിരുന്നു.

Latest