Connect with us

Kerala

ക്രൈം ബ്രാഞ്ചും വിജിലന്‍സും അഴിച്ചു പണിയും: ചെന്നിത്തല

Published

|

Last Updated

കൊച്ചി: അഴിമതി തടയാനും കുറ്റാന്വേഷണം ത്വരിതപ്പെടുത്താനുമായി ക്രൈം ബ്രാഞ്ചും വിജിലന്‍സും പുനഃസംഘടിപ്പിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈം ബ്രാഞ്ചിനും വിജിലന്‍സിനും കൂടുതല്‍ കരുത്ത് പകരുന്ന രീതിയിലാകും അഴിച്ചുപണിയെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കെ എ പി ഒന്നാം ബറ്റാലിയന്റെ കുടുംബസംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ സംവിധാനം ആവശ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പോലീസ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവില്‍ കേരളത്തിലാണ് യൂനിവേഴ്‌സിറ്റി ഇല്ലാത്തത്. പോലീസ് അക്കാദമിയില്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എം ആര്‍ മാധവന്‍ ചെയര്‍മാനായും ജസ്റ്റിസ് ബസന്ത്, ഡി ജി പി എന്നിവര്‍ അംഗങ്ങളായും ഇതിനായി ഉപദേശക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ചിന്റെ പ്രവര്‍ത്തനം ആധുനികവത്കരിക്കാനും നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ 19 പോലീസ് റവന്യൂ ജില്ലകളിലും ഓരോ ക്രൈം ബ്രാഞ്ച് എസ് പിയെ നിയമിക്കും. ക്രൈം ബ്രാഞ്ചിന്റെ നിലവിലുള്ള വിഭാഗമായ ഹോട്ട് ആന്‍ഡ് ഹോമിസൈഡ് വിംഗ്, ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ്, എക്കണോമിക് ഒഫന്‍സ് വിംഗ് എന്നിവ ഒരോ ജില്ലയിലെയും ക്രൈം ബ്രാഞ്ച് എസ് പിമാരുടെ കീഴിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെ എ പി ഒന്നാം ബറ്റാലിയന്റെ ആസ്ഥനം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. ആസ്ഥാനം സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തതായിരുന്നു പ്രശ്‌നം. ഇപ്പോള്‍ ഫാക്ടിന്റെ സ്ഥലം ഏറ്റെടുക്കാമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഫാക്ടിന്റെ പക്കല്‍ നിന്ന് 72 ഏക്കര്‍ സ്ഥലം ലഭ്യമായാല്‍ ഉടന്‍ തന്നെ ഇതില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം എല്‍ എ. അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി കെ വി തോമസ് മുഖ്യാതിഥി ആയിരുന്നു.

Latest