അമിതമായ വാടക വര്‍ധനവ്: നിയമം ഭേദഗതി ചെയ്യണമെന്ന്

Posted on: February 23, 2014 6:22 pm | Last updated: February 23, 2014 at 6:22 pm

uae buildingഷാര്‍ജ: ഏകപക്ഷീയമായി വാടക കുത്തനെ കൂട്ടുന്നതിന് തടയിടാന്‍ സര്‍ക്കാര്‍ വാടക കരാര്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് വാടകക്കാര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജയില്‍ 30 മുതല്‍ 45 ശതമാനം വരെ വാടക വര്‍ധിച്ച സാഹചര്യത്തിലാണ് താമസക്കാര്‍ ഇത്തരത്തില്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
പഴയ കെട്ടിടമായിട്ടും ഈ വര്‍ഷം ഇരട്ടിയോളം വാടക വര്‍ധിപ്പിച്ചതായി താമസക്കാരില്‍ ഒരാള്‍ പ്രതികരിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും വടക്കോട്ട് വാടക കുറവുള്ളിടത്തേക്ക് പോകേണ്ടുന്ന സ്ഥിതിയാണുള്ളത്. 2007 ജൂണില്‍ ഷാര്‍ജ സര്‍ക്കാര്‍ നടപ്പാക്കിയ വാടക കരാര്‍ നിയമം അമിതമായ വര്‍ധനവിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് താമസക്കാര്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നത്.
അമിതമായി വര്‍ധിപ്പിച്ച വാടക പുനപരിശോധിക്കാന്‍ സംവിധാനം വേണമെന്നു വാടക വര്‍ധനയുടെ ദുരിതം പേറുന്നവര്‍ പറയുന്നു. ഷാര്‍ജയിലെ ഒട്ടു മിക്ക ഭാഗങ്ങളിലും വാടകയില്‍ വന്‍ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. അല്‍ യര്‍മൂക്ക്, അല്‍ ബുത്തീന മേഖലയില്‍ ഒറ്റമുറിയും ഹാളുമുള്ള വിന്റോ എ സിയോടുകൂടിയ ഫഌറ്റിന് 25,000 ദിര്‍ഹമാണ് വാര്‍ഷിക വാടക. ഇതേ ഫഌറ്റിന് സെന്‍ട്രല്‍ എ സിയോ സ്പ്ലിറ്റ് എ സിയോ ആണെങ്കില്‍ അല്‍ ബുഹൈറ, അല്‍ ഖാന്‍, അല്‍ മജാസ്, അല്‍ തവൂന്‍ മേഖലകളില്‍ 45,000 ദിര്‍ഹമാണ് വാടക. ഇരട്ട മുറിയുള്ള ഫഌറ്റിന് എമിറേറ്റിന്റെ ഏതു ഭാഗത്തായാലും 55,000 മുതല്‍ 65,000 വരെ നല്‍കേണ്ടുന്ന സ്ഥിതിയാണ്.
മൂന്നു മുറിയുള്ള ഫഌറ്റിന് 70,000 മുതല്‍ ഒരു ലക്ഷം വരെയായി ഉയര്‍ന്നിട്ടുണ്ട്. വാടക കരാര്‍ നിയമത്തില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ മജാസ് മേഖലയില്‍ താമസിക്കുന്ന ഡോക്ടറായ മുഹമ്മദ് ഖമിസ് അഭിപ്രായപ്പെട്ടു.
വാടക കുത്തനെ വര്‍ധിക്കുന്നത് കിട്ടുന്ന ശമ്പളം മുഴുവന്‍ വാടക നല്‍കാന്‍ ചെലവഴിക്കേണ്ട സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അല്‍ ഖാനില്‍ താമസിക്കുന്ന ലാന മഹ്ദി പറഞ്ഞു.