Connect with us

Editorial

ജനാധിപത്യം കരുത്താര്‍ജിക്കട്ടെ

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തെമ്പാടും തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് നയിക്കുന്ന യു പി എയും ബി ജെ പി നയിക്കുന്ന എന്‍ ഡി എയും മത്സരിച്ച് ശക്തി സംഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്‌വിരുദ്ധ, ബി ജെ പിവിരുദ്ധ മുന്നണിയും രൂപപ്പെട്ടു വരുന്നു. ജനാധിപത്യത്തിന് സാമാന്യം മികച്ച നിലയില്‍ വേരോട്ടം ലഭിച്ചിട്ടുള്ള ഭാരതത്തില്‍ ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജനാധിപത്യമെന്നതുകൊണ്ട് എല്ലാം ജനഹിതമനുസരിച്ച് എന്നാണ് അര്‍ഥമാക്കുന്നതെങ്കില്‍ ഇവിടെ നടക്കുന്നത് പലപ്പോഴും ജനഹിതം മാനിക്കപ്പെടാത്ത കാര്യങ്ങളാണ്. ജനഹിതം മാനിക്കപ്പെടുന്നില്ലെന്ന പരാതിയുമായി പാര്‍ലിമെന്റിലേക്കോ സെക്രട്ടേറിയറ്റിലേക്കോ നിയമസഭകളിലേക്കോ നടക്കുന്ന പ്രത്യക്ഷ സമരമുറകളെ മര്‍ദിച്ചൊതുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
വംശീയതയെ ചൊല്ലി, അരുണാചല്‍പ്രദേശുകാരനായ ഒരു വിദ്യാര്‍ഥിയെ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു. ഇതില്‍ പ്രതിഷേധിച്ചും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയില്‍ യുവജന മാര്‍ച്ച് നടന്നപ്പോള്‍ പോലീസ് സാമാന്യം ശക്തിയായിത്തന്നെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി കുട്ടികള്‍ ആശുപത്രിയിലായി. കുട്ടികളെ തല്ലിച്ചതക്കുന്ന വിവരമറിഞ്ഞെത്തിയ കേരളത്തില്‍ നിന്നുള്ള ഇടത്പക്ഷ എം പിമാരായ എം ബി രാജേഷ്, എം പി അച്യുതന്‍ എന്നിവര്‍ക്ക് കേന്ദ്ര പോലീസിന്റെ കൈത്തരിപ്പ് തീര്‍ക്കല്‍ ശരിക്കും മനസ്സിലായി. പ്രശ്‌നം പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കപ്പെട്ടു. സഭകള്‍ പോലീസ് മര്‍ദനത്തെ അപലപിച്ചു. കേന്ദ്ര പോലീസിന് ഇതൊന്നും പുതുമയല്ല. “അയ്യോ, അറിയാതെ പറ്റിപ്പോയെ”ന്ന് ഉന്നത പോലീസ് ഓഫീസര്‍മാര്‍ പ്രസ്താവനയിറക്കി. എല്ലാം ശുഭം!. ഇന്ധനം, ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത എല്ലാറ്റിനും അസഹനീയമായ വിലക്കയറ്റം എന്നിവയില്‍ ട്രേഡ് യൂനിയന്‍ സംഘടനകളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പ്രതിഷേധിക്കുമ്പോഴും പോലീസ് സമീപനത്തില്‍ മാറ്റമില്ല. ഡല്‍ഹി പോലീസിന് ഒരു സുഖമുണ്ട്. അവിടെ കേന്ദ്രത്തിന് കീഴിലാണ് പോലീസ്. മുന്‍ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിതും അരവിന്ദ് കെജരിവാളും ഇക്കാരണത്താല്‍ കേട്ട പഴി ചില്ലറയല്ല. സ്ത്രീപീഡനത്തിന്റെ പേരില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുമ്പോള്‍, അടുത്ത ദിവസം അതിലും മൃഗീയമായ പീഡനങ്ങള്‍ തുടരുന്ന സ്ഥിതി. നിയമപാലകര്‍ പോലും ഇരകളെ വേട്ടയാടുന്ന അവസ്ഥ. തിരഞ്ഞെടുപ്പ് ഇങ്ങ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും പീഡനങ്ങള്‍ക്ക് ഒരുഅറുതിയുമില്ല. ഒരു സംസ്ഥാനത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയരായി ജീവിക്കാനാകാത്ത അവസ്ഥ. ഇത്തരം പൊല്ലാപ്പുകള്‍ക്കിടയിലാണ് പൊതു തിരഞ്ഞെടുപ്പ് ആഗതമാകുന്നത്.
ഏകകക്ഷി ഭരണം അസാധ്യമാണെന്ന് ഉറപ്പുള്ളതിനാല്‍ എല്ലാവരും സഖ്യപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യപ്പെടാനായില്ലെങ്കില്‍ വോട്ടെണ്ണി സീറ്റുകള്‍ അറിഞ്ഞശേഷവും സഖ്യം കൂടാം. ഏതെങ്കിലും ഒരു സംസ്ഥാനത്ത് നല്ല വേരോട്ടമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. പ്രത്യയശാസ്ത്രവും നയപരമായ നിലപാടുകളും അവര്‍ക്ക് തടസ്സമല്ല. മുഖാമുഖം ചീറിയും ചീറ്റിയും മത്സരിച്ചവര്‍ അധികാരം പങ്കിടാറാകുമ്പോള്‍ സൗഹൃദത്തിന്റെ പാലം കെട്ടുന്നു. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും ഒരു മനഃസാക്ഷിക്കുത്തുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈ മെയ് മറന്ന് സഖ്യപ്പെട്ടവര്‍ ഇത്തവണ പരസ്പരം ഏറ്റുമുട്ടുന്നു. ഇവിടെ ആശയക്കുഴപ്പത്തിലാകുന്നത് പാവം സമ്മതിദായകരാണ്. അതിനിടയില്‍ ഒന്ന് പറഞ്ഞുവെക്കട്ടെ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളായി നേട്ടം കൊയ്ത ആം ആദ്മി പാര്‍ട്ടിയെ വിസ്മരിക്കാനാകില്ല. കേവലം 49 ദിവസംകൊണ്ട് അവര്‍ക്ക് ഭരണം ഇട്ടെറിഞ്ഞ് പോകേണ്ടിവന്നതും ഒരു ചരിത്രമാണ്. കോണ്‍ഗ്രസ്, ബി ജെ പി സഖ്യങ്ങള്‍ അടിത്തറ വിശാലമാക്കാന്‍ ശ്രമിക്കുമ്പോള്‍, 11 മതേതര പാര്‍ട്ടികള്‍ ചേര്‍ന്ന് ലക്ഷ്യമിടുന്ന മൂന്നാം മുന്നണി ശൈശവ ദശയിലാണ്. പാര്‍ലിമെന്റില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്‌വിരുദ്ധ, ബി ജെ പിവിരുദ്ധ മതേതര പാര്‍ട്ടികള്‍ക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പ് 15 ാം ലോക്‌സഭയുടെ അവസാന സമ്മേളനം വെള്ളിയാഴ്ച അവസാനിച്ചു.
ഇനി എല്ലാം തിരഞ്ഞെടുപ്പ് ഗോദയില്‍. അധികാരം തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. പാര്‍ലിമെന്റില്‍ ഭൂരിപക്ഷമില്ലെങ്കിലും എങ്ങനെ അധികാരം നിലനിര്‍ത്താമെന്നതിന് യു പി എ സര്‍ക്കാര്‍ ഉദാഹരണമാണ്. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികളുടെ വിലപേശല്‍ തന്ത്രങ്ങളും ഈ കാലയളവില്‍ ജനം കണ്ടു. ഇവിടെ ജനാധിപത്യം ശക്തിപ്പെടുകയോ ദുര്‍ബലമാകുകയോ ചെയ്യുന്നതെന്ന് വിലയിരുത്തേണ്ടത് സമ്മതിദായകരാണ്. അതിനുള്ള അവസരമാണ് സമാഗതമാകുന്നത്.