Connect with us

Kerala

അമൃതാനന്ദമയിയെ എതിര്‍ത്ത് പിണറായി, പിന്തുണച്ച് ഉമ്മന്‍ചാണ്ടി

Published

|

Last Updated

കല്‍പ്പറ്റ: അമൃതാനന്ദമയിയെയും മഠത്തിനെയും എതിര്‍ത്ത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വജയന്‍ രംഗത്തെത്തിയതിന് പിന്നാലെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആശ്രമങ്ങളില്‍ ആശ്രമാന്തരീക്ഷമല്ല ഉള്ളതെന്ന് പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. അവിടെ നടക്കാന്‍ പാടില്ലാത്തതാണ് ആശ്രമങ്ങളില്‍ നടക്കുന്നത്. അമൃതാനന്ദമയി ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരവമായി കാണണമെന്നും പിണറായി വിജയന്‍ പറഞ്ഞു. അമൃതാനന്ദമയി മഠത്തിലെ മുന്‍ സന്യാസിനി തന്റെ പുസ്തകത്തില്‍ പറഞ്ഞ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ ഭാഗത്തുനിന്നുമുള്ള ആദ്യ പ്രതികരണമാണ് പിണറായി വിജയന്റേത്. വയനാട്ടിലെത്തിയ കേരളരക്ഷാ മാര്‍ച്ചിനിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

അതേസമയം വയനാട്ടില്‍ തന്നെയുള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പിണറായിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അമൃതാനന്ദമയി നല്‍കിയ സംഭാവനകള്‍ മറക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൂനാമി ദുരന്തമുണ്ടായ കാലത്ത് അമൃതാനന്ദമയിയും മഠവും നടത്തിയ സേവനങ്ങള്‍ പിണറായി വിജയന് അറിയാത്തതുകൊണ്ടാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത തനിക്ക് ഇക്കാര്യം നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഠത്തിലുണ്ടായിരുന്നവര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചതെന്ന് പിണറായി പറഞ്ഞു. ആശ്രമങ്ങളെക്കുപ്പറ്റിയുള്ള ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി കാണണം. ആശ്രമങ്ങള്‍ക്കെത്തുന്ന ഫണ്ടുകളെക്കുറിച്ച് അന്വേഷിക്കണം. ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും അവര്‍ പരാതി നല്‍കാത്തതിനാല്‍ കേസിന്റെ നിയമവശങ്ങളെക്കുറിച്ച് അറിയില്ലെന്നും പിണറായി വ്യക്തമാക്കി.