Connect with us

Kerala

സരിത എസ് നായര്‍ ജയില്‍ മോചിതയായി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജയില്‍മോചിതയായി. സരിതക്കെതിരെ വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സരിതക്ക് ജയില്‍മോചിതയാകാന്‍ സാധിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വ്യക്തമാക്കാമെന്നും ആവശ്യമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കി വെക്കാമെന്നും ജയില്‍ മോചിതയായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സരിത ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പുറത്തിറങ്ങിയത്. 39 കോടതികളിലായി 46 കേസുകളാണ് സരിതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചില കേസുകള്‍ സരിത പണം കൊടുത്തു ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനായി 12,85,000 രൂപയാണ് ജയിലില്‍ കിടന്ന സരിത വിനിയോഗിച്ചത്. ആലപ്പുഴ സ്വദേശി പ്രകാശന്റെ പണം തട്ടിയെടുത്ത കേസിലാണ് സരിത ഒടുവില്‍ ജാമ്യം നേടിയത്. പരാതിക്കാരന് ഒരു ലക്ഷം രൂപ നല്‍കി വ്യാഴാഴ്ചയാണ് സരിത കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇതോടെയാണ് സരിതക്ക് പുറത്തിറങ്ങാന്‍ വഴിതുറന്നത്.
ജയില്‍മോചിതയായതില്‍ സന്തോഷമുണ്ടെന്ന് സരിത ജയിലില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. മാതാവും ബന്ധുക്കളും കഷ്ടപ്പെട്ടാണ് തന്നെ ജാമ്യത്തിലിറക്കിയത്. അല്ലാതെ പുറത്തു നിന്ന് ആരും സഹായിച്ചിട്ടില്ല. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. മക്കളെയും ബന്ധുക്കളെയും കണ്ട ശേഷം രണ്ട് ദിവസത്തിനകം വേണ്ടിവന്നാല്‍ പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. മാധ്യമങ്ങളോട് തനിക്ക് ഒരു എതിര്‍പ്പുമില്ല. കോടതിയില്‍ വിശ്വാസമുണ്ട്. ബിജു രാധാകൃഷ്ണനുമായി തനിക്ക് ബന്ധമില്ല. ജയിലില്‍ നിന്ന് മോചിതയായതിനേക്കാള്‍ വലിയ സന്തോഷം ബിജു രാധാകൃഷ്ണന്റെ ജീവിതത്തില്‍ നിന്ന് രക്ഷപ്പെട്ടതാണ്. അയാളുമായുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും താന്‍ നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സരിതക്ക് ജാമ്യം ലഭിക്കുന്നത്.
ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയതായാണ് കേസ്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കേസില്‍ സരിതയുടെ മുന്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യമാണ് സരിതയെ പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് നിരവധി പേര്‍ പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്ത് വന്നതോടെ കേരളത്തിലുടനീളം സരിതക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുമായി തട്ടിപ്പ് സംഘത്തിന് ബന്ധമുണ്ടായിരുന്നുവെന്ന തെളിവുകള്‍ പുറത്തു വന്നതോടെ കേസ് ഉന്നത തലങ്ങളിലേക്ക് നീണ്ടു.
ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫായിരുന്ന ടെന്നി ജോപ്പനെയും സീരിയല്‍ താരം ശാലു മേനോനെയും കേസന്വേഷിച്ച പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിനിടെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടാണ് താന്‍ പണം സരിതക്ക് കൈമാറിയതെന്ന് പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ വെളുപ്പെടുത്തിയതോടെ ഉമ്മന്‍ ചാണ്ടി തന്നെ സംശയത്തിന്റെ നിഴലിലായി.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സെക്രട്ടേറിയറ്റ് ഉപരോധമടക്കം വന്‍ സമരമുറകളുമായി രംഗത്തെത്തിയിരുന്നു.