Connect with us

Kozhikode

ആതിരക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

താമരശ്ശേരി: ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ അഭിമാനമായ കെ ആര്‍ ആതിരക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. അമേരിക്കന്‍ മലയാളിയും സിനിമാ സംവിധായകനുമായ ടോം ജോര്‍ജാണ് ആതിരക്ക് വീട് വെക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. ദേശീയ സ്‌കൂള്‍ മീറ്റില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയ കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ആതിരയുടെ വീടിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടറും ഇപ്പോള്‍ ഗ്രാമവികസന കോര്‍പറേഷന്‍ കമ്മീഷണറുമായ കെ വി മോഹന്‍കുമാറിന്റെ ഇടപെടലാണ് ആതിരക്ക് തുണയായത്.
പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആതിര ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും റോഡ് സൗകര്യമില്ലാത്തതിനാലും കുന്നിന്‍ പ്രദേശമായതിനാലും വീട് നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടെ നെല്ലിപ്പൊയില്‍ കണിയാംകുന്നേല്‍ റജി ആതിരക്ക് വീട് നിര്‍മിക്കാന്‍ ഏഴ് സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ലാഭവിഹിതമില്ലാതെയാണ് ഊരാളുങ്കല്‍ സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്തത്. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിക്കാനും ആതിരയെ നേരില്‍ കണ്ട് അഭിനന്ദിക്കാനുമായി കെ വി മോഹന്‍കുമാര്‍ നെല്ലിപ്പൊയിലിലെത്തി. ആതിരയുടെ സ്‌കൂളും സന്ദര്‍ശിച്ച മോഹന്‍ കുമാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ് തുടങ്ങിയവരും കുറ്റിയടിക്കല്‍ ചടങ്ങിനെത്തിയിരുന്നു.

Latest