Connect with us

Kozhikode

കച്ചവട ലൈസന്‍സിന് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്: മടവൂര്‍ പഞ്ചായത്തില്‍ വ്യാപാരികള്‍ ത്രിശങ്കുവില്‍

Published

|

Last Updated

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായ വേളയില്‍ നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്തിലെത്തിയ കച്ചവടക്കാരോടാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കട പരിശോധിച്ച് നല്‍കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും ബില്‍ഡിംഗ് ഉടമയില്‍ നിന്ന് 50 രൂപയുടെ മുദ്രപേപ്പറില്‍ പതിനൊന്ന് മാസത്തേക്ക് വാടകക്ക് നല്‍കിയതായ എഗ്രിമെന്റ് പേപ്പറും ഹാജരാക്കാന്‍ നിര്‍ദേശിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഇറച്ചിക്കടകള്‍, ഭക്ഷണസാധനങ്ങള്‍ വില്‍ക്കപ്പെടുന്ന കടകള്‍ എന്നിവക്ക് മാത്രമായിരുന്നു ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നത്. എന്നാല്‍ മടവൂരില്‍ ഈ വര്‍ഷം സ്‌റ്റേഷനറി, ഹാര്‍ഡ്‌വെയര്‍, കമ്പികട, ഫാന്‍സി, ജ്വല്ലറി, ഫൂട്ടവെയര്‍ കട തുടങ്ങിയ എല്ലാ കച്ചവടസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് കിട്ടാന്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ദേശിക്കുകയാണ്.
സമീപ പഞ്ചായത്തുകളില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കപ്പെടുന്ന കടകള്‍ക്ക് മാത്രമേ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരിദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കച്ചവടക്കാരുടെ നീക്കം. ഇന്ന് ഉച്ചക്ക് 2.30ന് ആരാമ്പ്രത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യും.

Latest