Connect with us

Editorial

ഇനി സി ബി ഐയുടെ ഊഴം

Published

|

Last Updated

ഏറെ കാലതാമസമൊന്നും വരുത്താതെയും നടപടിക്രമങ്ങള്‍ പരമാവധി പാലിച്ചും നിയമോപദേശം ഉള്‍ക്കൊണ്ടും ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച കേസ് സി ബി ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റയും ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇക്കാര്യമറിയിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ എം പി നേതൃത്വത്തിന്റെയും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വിധവ കെ കെ രമയുടെയും ആവശ്യം കണക്കിലെടുത്താണ് സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം മൂളിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് സി പി എം നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന തീരുമാനം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചനയെപ്പററി കെ കെ രമയുടെ പരാതിയില്‍ പറയുന്നതിനാല്‍ സി ബി ഐ അന്വേഷണം ആകാമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം . കുററപത്രം നല്‍കിയ കേസില്‍ ആഴത്തിലുള്ള ഗൂഢാലോചന അന്വേഷണ വിധേയമാക്കിയിരുന്നില്ല. കൂടാതെ സി ബി ഐ അന്വേഷണത്തില്‍ തുടക്കം മുതല്‍ ഉറച്ചു നിന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കാര്യകാരണ സഹിതമുള്ള കത്തു കൂടി സര്‍ക്കാരിന് പിടിവള്ളിയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ദിവസങ്ങളോളം രമ നിരാഹാരസമരം നടത്തിയപ്പോള്‍ തന്നെ പല തലങ്ങളില്‍ നിന്ന് സി ബി ഐ അന്വേഷണത്തിന് ആവശ്യമുയര്‍ന്നതാണ് . എന്നാല്‍ ആര്‍ എം പിയുമായി ഒത്തുകളിച്ചന്നും അനാവശ്യ തിടുക്കം കാട്ടിയെന്നുമുള്ള വിമര്‍ശനം ഭയന്നും കേസ് ഉടനെ കൈമാറുന്നത് നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവുമാണ് സര്‍ക്കാരിനെ ധൃതി പിടിച്ചുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഇതോടെ തത്വത്തില്‍ സി ബി ഐ അന്വേഷണം അംഗീകരിച്ച് രമയുടെ നിരാഹാരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ടി പി വധക്കേസില്‍ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന അന്വേഷിക്കാന്‍ നിയമ തടസ്സങ്ങള്‍ ഇല്ലാതിരുന്നിട്ടും നടപടിക്രമങ്ങല്‍ പാലിച്ചെന്ന് വരുത്താന്‍ സര്‍ക്കാര്‍ ആവശ്യത്തിന് സാവകാശമെടുത്തിട്ടുണ്ട്. സുപ്രീം കോടതി വിധിപ്രകാരം രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഗൂഢാലോചന ഏത് ഘട്ടത്തിലും അന്വേഷിക്കാം. ടി പിയെ കൊല്ലിച്ചവര്‍ രാഷ്ട്രീയ ഗൂഢാലോചനയും പകപോക്കലും നടത്തിയെന്ന പരാമര്‍ശം വിചാരണക്കോടതി വിധിയില്‍ തന്നെയുണ്ട്. പക്ഷേ കേസിന്റെ പ്രാധാന്യവും സി ബി ഐ അന്വേഷണം എന്തുകൊണ്ട് അനിവാര്യമെന്നും കേന്ദ്ര സര്‍ക്കാരിന് ബോധ്യപ്പെടണം. എന്നാല്‍ മാത്രമെ അന്വേഷണം സി ബി ഐക്ക് കൈമാറാനുള്ള സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കൂ,
അതേസമയം കേസ് സി ബി ഐ ക്ക് വിട്ടെങ്കിലും രാജ്യത്തെ പരമോന്നത കുററന്വേഷണ ഏജന്‍സി ടി പി വധക്കേസ് അന്വേഷണം ഏറെറടുക്കുമോയെന്ന ആശങ്കയില്ലാതില്ല. നേരത്തെ മാറാട് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാനുള്ള ആവശ്യവും ബി ജെ പി നേതാവ് ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണവും ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂറിന്റെ വധക്കേസന്വേഷണവും ഏറെറടുക്കാന്‍ സി ബി ഐ പച്ചക്കൊടി കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ടി പി വധക്കേസിനും ഇതേ ദുര്യോഗമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.
പരിഷ്‌കൃത സമൂഹത്തില്‍ കുററകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കുററവാസന കുറച്ചു കൊണ്ടുവരുന്നതിന് കുററവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്. ഇതിനാല്‍ തന്നെ ഏത് കേസുമാവട്ടെ പുകമറ നീക്കാനും ഗൂഢാലോചകരെ പുറത്തു കൊണ്ടുവരാനും സി ബി ഐ ഉള്‍പ്പെടെയുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ എതെങ്കിലും സങ്കുചിത താത്പര്യങ്ങള്‍ക്കും രാഷ്ട്രീയ പകപോക്കലിനും അന്വേഷണ ഏജന്‍സികളെ കരുവാക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ടി പി വധക്കേസ് ഏത് ഗണത്തില്‍പെടുവെന്ന് വിലയിരുത്താന്‍ അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ടിവരും.

Latest