സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ജില്ലയില്‍ 1.9 കോടി ചെലവഴിച്ചു

Posted on: February 20, 2014 1:47 pm | Last updated: February 20, 2014 at 1:47 pm

കല്‍പ്പറ്റ: സാമൂഹിക നീതിവകുപ്പ് ജില്ലയില്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷം വിവിധ ക്ഷേമപദ്ധതികള്‍ക്കായി 1.9 കോടി രൂപ ചെലവഴിച്ചതായി ജില്ലാ സാമൂഹിക നീതിഓഫീസര്‍ സി. സുന്ദരി അറിയിച്ചു.
അനാഥാലയങ്ങള്‍ക്കും വൃദ്ധ സദനങ്ങള്‍ക്കുമുള്ള ഗ്രാന്റ്, മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം, ഭിന്നശേഷി യുള്ളവര്‍ക്കുള്ള ദുരിതാശ്വാസ സഹായം, സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിയുള്ള പെണ്‍കുട്ടികളുടെയും ഭിന്നശേഷിയുള്ളവരുടെ പെണ്‍മക്കളുടെയും വിവാഹധന സഹായം തുടങ്ങിയവയ്ക്കാണ് സഹായം അനുവദിച്ചത്.
അനാഥാലയങ്ങള്‍ക്കും വൃദ്ധ സംരക്ഷണ കേന്ദ്രങ്ങള്‍ക്കുമായി 71.34 ലക്ഷം രൂപ നല്‍കി.
വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയില്‍ പ്ലസ് ടു വരെയുള്ള 825 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 250 രൂപ വീതം 20.62 ലക്ഷവും 88 പേര്‍ക്ക് പ്രതിമാസം 500 രൂപ വീതം 4.4 ലക്ഷവും വിതരണം ചെയ്തു. ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ഒരു ലക്ഷം രൂപയും വിവാഹധനസഹായമായി 29 പേര്‍ക്ക് 2.9 ലക്ഷവും നല്‍കി.
മനോവൈകല്യമുള്ളവരെ സംരക്ഷിക്കുന്നതിനും രോഗം ഭേദമായവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ നല്‍കുന്നതിനുമായി 8.41 ലക്ഷം രൂപയും ജില്ലയില്‍ നല്‍കിയതായും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു